നന്മ വറ്റിയ ജനക്കൂട്ടം: രക്ഷിക്കാനാളില്ലാതെ അപകടത്തില്‍ പെട്ടയാള്‍ മരിച്ചു
കൊട്ടാരക്കര: നാട്ടുകാര്‍ കാഴ്ചക്കാരായി നില്‍ക്കെ അപകടത്തില്‍ പെട്ട തമിഴ്‌നാട് സ്വദേശിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സന്മനസ് കാട്ടിയ രണ്ട് യുവാക്കള്‍ മാതൃകയായി. ഇന്നലെ രാത്രി 8.45നായിരുന്നു സംഭവം. കൊട്ടാരക്കര ഇഞ്ചക്കാട് അമ്പലം ജംഗ്ഷനില്‍ അപകടത്തില്‍ പെട്ട് റോഡില്‍ കിടന്ന് ജീവന് വേണ്ടി കേഴുന്ന യുവാവിനെയാണ് ഇവര്‍ ആശുപത്രിയിലെത്തിച്ചത്. ചുറ്റുംകൂടി നിന്ന നാട്ടുകാര്‍ മൊബൈലിലെ കാമറ കണ്ണിലൂടെ മാത്രമാണ് അപകടത്തില്‍പ്പെട്ടയാളെ നോക്കിയത്.
ഈ സമയമാണ് ഇടുക്കി നെടുംകണ്ടം പ്രിയാ വിലാസത്തില്‍ ശിവകുമാര്‍ (21), അടൂര്‍ പറക്കോട് എച്ച്.ബി മന്‍സിലില്‍ ഷിയാസ് (25) എന്നിവര്‍ ഈ വഴിയെത്തുകയും അപകടത്തില്‍പ്പെട്ട് ചോരയൊലിച്ച് കിടന്നയാളെ താങ്ങിയെടുത്ത് ആ വഴി വന്ന ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേക്ക് കുതിച്ചത്.
തമിഴ്‌നാട് തെങ്കാശി ശങ്കരന്‍ കോവില്‍ എന്തല്ലൂര്‍ നാച്ചിയാര്‍പുരത്ത് സീനി പാണ്ടി തേവര്‍ മകന്‍ എസ് മുരുകേശനാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍പെട്ട് മുരുകേശന്‍ പതിനഞ്ച് മിനിട്ടോളം റോഡില്‍ കിടന്നു. കരുണയുള്ള ഈ യുവാക്കള്‍ എത്തി ആശുപത്രിയില്‍ കൊണ്ട് പോകുന്ന വഴിയാണ് മുരുകേശന്‍ മരിക്കുന്നത്.
കൊല്ലത്ത് നിന്നു നെടുംകണ്ടത്തേക്കുള്ള യാത്രാ മധ്യേ ശിവകുമാര്‍ യാത്ര ചെയ്ത കെ.എസ്.ആര്‍.ടി.സി ബസ് എം.സി റോഡില്‍ ഇഞ്ചക്കാട് വച്ച് ഗതാഗത കുരുക്കില്‍ പെടുന്നത്. സമീപത്ത് വാഹനാപകടം നടന്നുവെന്ന് ബസിലെ സഹയാത്രക്കാര്‍ പറഞ്ഞപ്പോള്‍ ശിവകുമാര്‍ സംഭവം എന്താണന്നു ബസില്‍ നിന്ന് ഇറങ്ങി നോക്കിയപ്പോഴാണ് ജീവന് വേണ്ടി പിടയ്ക്കുന്ന യുവാവിനെ ശ്രദ്ധയില്‍ പെടുന്നത്.
അടൂരില്‍ നിന്നു കൊട്ടാരക്കരയിലുള്ള സുഹൃത്തിന്റെ വിവാഹ വീട്ടിലേക്ക് ബൈക്കില്‍ വരും വഴിയാണ് ഷിയാസ് അപകടത്തില്‍ പെട്ട് കിടക്കുന്ന യുവാവിനെ ശ്രദ്ധിക്കുന്നത്. മനസാക്ഷി വറ്റാത്ത രണ്ട് ധ്രുവങ്ങളില്‍ നിന്നുമെത്തിയ രണ്ട് യുവാക്കള്‍ ഒരേ മനസോടെ അപകടത്തില്‍ പെട്ട് മരണത്തോട് മല്ലടിക്കുന്ന ചെറുപ്പക്കാരനെ താങ്ങിയെടുക്കുമ്പോള്‍ സമീപത്ത് കൂടി നിന്നവര്‍ കാഴ്ച്ചക്കാരയതെയുള്ളൂ.
കൊട്ടാരക്കര താലൂക്കാശുപത്രിയെേിലക്ക് എത്തിക്കുന്നതിനിടയില്‍ യുവാവ് മരണത്തോട് മല്ലടിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും യുവാവ് മരണപെട്ടിരുന്നു. പൊലിസില്‍ വിവരമറിയിച്ച ശേഷം ഊരും പേരുമറിയാതെ മരിച്ചു കിടക്കുന്ന യുവാവ് ജോലി ചെയ്യുന്ന കടയിലെ മുതലാളിയെ വിവരം അറിയിക്കുവാനും യുവാക്കള്‍ മുന്നിട്ടിറങ്ങി.
ഇതിനിടയില്‍ ഷിയാസിന്റെ സുഹൃത്തുക്കളും ആശുപത്രിയിലെത്തി. അപകടത്തില്‍പെട്ട യുവാവ് പതിനഞ്ച് മിനിട്ടോളം റോഡില്‍ കിടന്നതായി ശിവകുമാറും ഷിയാസും പറഞ്ഞു. ആരെങ്കിലും രക്ഷിക്കാന്‍ തയ്യാറായിരുന്നുവെങ്കില്‍ ആ വിലപെട്ട ജീവന്‍ പൊലിയില്ലായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."