സെമിനാര്‍ വിജയിപ്പിക്കാന്‍ അവാര്‍ഡ് 'നാടകം'
തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടിയില്‍ ആളെ കൂട്ടാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അവാര്‍ഡ് 'നാടകം'. അധികാര വികേന്ദ്രീകരണം 25 വര്‍ഷം പിന്നിട്ടതിന്റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ വിജയിപ്പിക്കാന്‍ വേണ്ടിയാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള തദ്ദേശ പ്രതിനിധികളെ കബളിപ്പിച്ചത്.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി പ്രവര്‍ത്തനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച തദ്ദേശ സ്ഥാപനങ്ങളെ ആദരിക്കുമെന്നും അവാര്‍ഡുകള്‍ നല്‍കുമെന്നും അറിയിച്ചാണ് പ്രതിനിധികളെ വിളിച്ചുവരുത്തിയത്. എന്നാല്‍ പ്രതിനിധികളെ അധികൃതര്‍ വെറും കൈയോടെ മടക്കിയതില്‍ പ്രതിഷേധിച്ച് മന്ത്രി കെ.ടി ജലീലിനെ ഏറെ നേരം തടഞ്ഞുവച്ചു.
മികച്ച നേട്ടം കൈവരിച്ച തദ്ദേശ സ്ഥാപനങ്ങളെ ആദരിക്കാന്‍ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
ഓരോ ജില്ലയില്‍നിന്നും ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ മാത്രം തിരഞ്ഞെടുത്ത് അവര്‍ക്കുമാത്രം ചടങ്ങില്‍ അവാര്‍ഡുകള്‍ നല്‍കുമെന്ന് മന്ത്രി കെ.ടി ജലീല്‍ അറിയിച്ചതോടെ പ്രതിഷേധവുമായി ജനപ്രതിനിധികള്‍ എഴുന്നേറ്റു.
തുടര്‍ന്ന് സമ്മേളനം ബഹിഷ്‌കരിച്ച ജനപ്രതിനിധികള്‍, വേദി വിട്ട് പോകാന്‍ തുനിഞ്ഞ മന്ത്രിയെ ഏറെനേരം തടഞ്ഞുവച്ചു.
ചില തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍ വേദിക്കു മുന്നില്‍ കുത്തിയിരുന്നു. 100 ശതമാനം തുക ചെലവഴിച്ച 350 ഗ്രാമ പഞ്ചായത്ത്, 55 ബ്ലോക്ക് പഞ്ചായത്ത്, 46 മുനിസിപ്പാലിറ്റി, 80 ശതമാനത്തിന് മുകളില്‍ ഫണ്ട് ചെലവഴിച്ച ഏഴ് ജില്ലാ പഞ്ചായത്ത്, 100 ശതമാനം നികുതി പിരിച്ച 350 ഓളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജനപ്രതിനിധികളെയാണ് തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തിയിരുന്നത്. അവാര്‍ഡ് ലഭിക്കുന്നതിനാല്‍ പ്രാദേശിക ഭരണകൂടങ്ങളുടെ അധ്യക്ഷന്‍മാരും അംഗങ്ങളും അടങ്ങുന്ന വലിയ സംഘമാണ് പരിപാടിക്ക് എത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."