വിജിലന്‍സ് കോടതികളിലെ കേസുകള്‍ വേഗത്തില്‍ തീര്‍ക്കാന്‍ ഇടപെടണം
തിരുവനന്തപുരം: കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച് വിജിലന്‍സ് കോടതികള്‍ക്കെതിരേ പരാതിയുമായി വിജിലന്‍സ് ഡയറക്ടര്‍ ഹൈക്കോടതിയെ സമീപിച്ചു. വിജിലന്‍സ് കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ എന്‍.സി അസ്താന ഹൈക്കോടതിയ്ക്ക് കത്തു നല്‍കിയത്.
എഴുതിത്തള്ളിയ കേസുകള്‍ സമയത്ത് വിജിലന്‍സ് കോടതികള്‍ തീര്‍പ്പാക്കുന്നില്ലെന്നും, വിജിലന്‍സ് കോടതികളില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും കോടതികള്‍ കേസുകള്‍ നീട്ടിക്കൊണ്ടു പോകുകയാണെന്നും വിജിലന്‍സ് ഡയറക്ടര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. നേരത്തെയുള്ള കേസുകള്‍ തീര്‍പ്പാക്കാത്തതിനാല്‍ പുതിയ കേസുകള്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചാലും തുടര്‍ നടപടികള്‍ വൈകുന്നു. കൂടാതെ കേസുകള്‍ വിജിലന്‍സ് കോടതിയില്‍ കുന്നു കൂടുന്നുവെന്നും അടിയന്തരമായി ഹൈക്കോടതി ഇടപെടണമെന്നുമാണ് വിജിലന്‍സ് ഡയറക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സാധാരണ വിജിലന്‍സ് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ വഴിയോ അഡ്വക്കറ്റ് ജനറല്‍ വഴിയോ ആണ് ഹൈക്കേടതിയെ സമീപിക്കേണ്ടത്. എന്നാല്‍ കീഴ് വഴക്കങ്ങള്‍ ലംഘിച്ചാണ് അസ്താന ഹൈക്കോടതിയ്ക്ക് കത്തു നല്‍കിയത്. അസ്താനയുടെ കത്ത് ലഭിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി വിജിലന്‍സ് കോടതികളില്‍നിന്ന് കെട്ടിക്കിടക്കുന്ന കേസുകളുടെ വിവരം ആരാഞ്ഞിട്ടുണ്ട്.
അതിനിടെ ആഭ്യന്തര വകുപ്പിന്റെ അച്ചടക്ക നടപടികളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എതിര്‍കക്ഷിയായ കേസുകളില്‍ സര്‍ക്കാരുമായി കൂടിയാലോചന നടത്തണമെന്ന് ആഭ്യന്തര വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസ് ഉത്തരവിറക്കി. സര്‍ക്കാര്‍ എതിര്‍കക്ഷിയായിട്ടുള്ളതും സര്‍ക്കാര്‍ ഉത്തരവിനെയോ സര്‍ക്കാര്‍ നയങ്ങളെയോ ചോദ്യം ചെയ്തുകൊണ്ട് ഫയല്‍ ചെയ്യുന്നതുമായ കേസുകളില്‍ വകുപ്പ് മേലധികാരികളും സബോര്‍ഡിനേറ്റ് ഓഫിസര്‍മാരും കോടതിവിധി നടപ്പിലാക്കി ഉത്തരവാകുന്നതിന് മുന്‍പായി സര്‍ക്കാരുമായി കൂടിയാലോചിച്ച് അപ്പീല്‍ സാധ്യത പരിശോധിക്കേണ്ടതാണെന്നും കോടതി സമയപരിധി നിശ്ചയിച്ചിട്ടുള്ള സന്ദര്‍ഭങ്ങളില്‍ കോടതി അലക്ഷ്യ സാധ്യത ഒഴിവാക്കുന്നതിന് ശ്രദ്ധിച്ച് കൊണ്ടും, സമയപരിധി നിര്‍ബന്ധമായും പാലിച്ചുകൊണ്ടും, സര്‍ക്കാരിന്റെ അറിവോ സമ്മതമോ തേടിയ ശേഷം മാത്രം കോടതി വിധി നടപ്പിലാക്കാനുള്ള നടപടി കൈകൊള്ളേണ്ടതാണെന്നും ഏകപക്ഷീയമായി ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ പാടില്ലാത്തതാണെന്നും സുബ്രതാ ബിശ്വാസ് കര്‍ശന നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."