സുപ്രിം കോടതി ജഡ്ജിയായി ഇന്ദു മല്‍ഹോത്ര ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ന്യൂഡല്‍ഹി: വിവാദങ്ങള്‍ തുടരുന്നതിനിടെ മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര ഇന്ന് സുപ്രിം കോതി ജഡ്ജിയായി സത്യ പ്രതിജ്ഞ ചെയ്യും.രാവിലെ 10 .30 ന് ഒന്നാം നമ്പര്‍ കോടതിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സത്യവാചകം ചൊല്ലിക്കൊടുക്കും.ഇന്നലെയാണ് ഇന്ദുമല്‍ഹോത്രയെ ജഡ്ജിയായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി ഭവനില്‍ നിന്നുണ്ടായത്.
ഇന്ദു മല്‍ഹോത്രക്കൊപ്പം സുപ്രിം കോടതി ജഡ്ജിയായി കൊളീജിയം ശിപാര്‍ശ ചെയ്ത ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ തഴഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ അഭിഭാഷകര്‍ക്കിടയില്‍ പ്രതിഷേധം പുകയുകയാണ്.
സീനിയോറിറ്റി പ്രശ്നം ചൂണ്ടിക്കാട്ടി കെ.എം. ജോസഫിന്റെ പേര് കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു. തുടര്‍ന്ന്, ജോസഫിനെ സുപ്രിം കോടതി ജഡ്ജിയാക്കുന്നതുവരെ അദ്ദേഹത്തോടൊപ്പം ശിപാര്‍ശ ചെയ്യപ്പെട്ട ഇന്ദു മല്‍ഹോത്ര സത്യപ്രതിജ്ഞ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് പ്രമുഖ സുപ്രിം കോടതി അഭിഭാഷക ഇന്ദിരാ ജെയ്സിങ് രംഗത്തു വന്നിരുന്നു. ഈ ആവശ്യമുന്നയിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനുമുന്നിലെത്തിയെങ്കിലും ആവശ്യം തള്ളുകയായിരുന്നു.
കൊളീജിയത്തിന്റെ ശിപാര്‍ശ പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അതേസമയം, കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ച ശിപാര്‍ശ ഉചിതമായ രീതിയില്‍ കൊളീജിയം പരിഗണിക്കുമെന്നും സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."