ഡല്‍ഹിക്ക് ശ്രേയസ്
ന്യൂഡല്‍ഹി: മാറ്റം ശരിക്കും ഡല്‍ഹിയുടെ ശ്രേയസായി. നായകനെ മാറ്റി പരീക്ഷിച്ച് ഇറങ്ങിയ ഡല്‍ഹി ഡയര്‍ഡെവിള്‍സ് ഉജ്ജ്വലമായി തന്നെ വിജയ വഴിയിലേക്ക് തിരിച്ചെത്തി.
സ്വന്തം തട്ടകത്തില്‍ അരങ്ങേറിയ പോരാട്ടത്തില്‍ അവര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 55 റണ്‍സിന് തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റിന് 219 റണ്‍സെന്ന മികച്ച സ്‌കോര്‍ അടിച്ചെടുത്തപ്പോള്‍ കൊല്‍ക്കത്തയുടെ പോരാട്ടം 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 164 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഡല്‍ഹിയുടെ ജയം.
കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്തയ്ക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി. 77 റണ്‍സെടുക്കുന്നതിനിടെ അവരുടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ശുബ്മന്‍ ഗില്‍ (37), ആന്ദ്രെ റസ്സല്‍ (44) സഖ്യം കൂറ്റനടികളുമായി കളം നിറഞ്ഞെങ്കിലും അന്തിമ വിജയത്തിലേക്കെത്തിക്കാന്‍ സാധിച്ചില്ല. റസ്സല്‍ 30 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും സഹിതം 44 റണ്‍സെടുത്തു. റസ്സല്‍ പുറത്തായതോടെ കൊല്‍ക്കത്തയുടെ പ്രതീക്ഷകളും അവസാനിച്ചു. ഡല്‍ഹിക്കായി ട്രെന്റ് ബോള്‍ട്ട്, അവേശ് ഖാന്‍, അമിത് മിശ്ര, മാക്‌സ്‌വെല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളെടുത്തു.
നേരത്തെ അപ്രതീക്ഷിതമായി ലഭിച്ച നായക സ്ഥാനം ശ്രേയസ് അയ്യര്‍ ശരിക്കും ആഘോഷിച്ചപ്പോള്‍ ഡല്‍ഹിക്ക് മികച്ച സ്‌കോര്‍ സ്വന്തമായി. പുറത്താകാതെ നിന്ന് 40 പന്തില്‍ 93 റണ്‍സ് അടിച്ചെടുത്ത് ശ്രേയസ് മുന്നില്‍ നിന്ന് നയിച്ചു. മൂന്ന് ഫോറും പത്ത് കൂറ്റന്‍ സിക്‌സറുകളും സഹിതമാണ് ശ്രേയസ് മിന്നല്‍ ബാറ്റിങുമായി ടീമിനെ മികച്ച സ്‌കോറിലെത്തിച്ചത്.
ടോസ് നേടി കൊല്‍ക്കത്ത ഡല്‍ഹിയെ ബാറ്റിങിനയക്കുകയായിരുന്നു. പ്രിഥ്വി ഷാ- കോളിന്‍ മണ്‍റോ ചേര്‍ന്ന ഓപണിങ് സഖ്യം മികച്ച തുടക്കമാണ് ഡല്‍ഹിക്ക് നല്‍കിയത്. തന്റെ കന്നി ഐ.പി.എല്‍ സെഞ്ച്വറിയുമായി പ്രിഥ്വി ഷാ മികവ് പുലര്‍ത്തി. താരം 44 പന്തില്‍ 62 റണ്‍സെടുത്തു. ഏഴ് ഫോറും രണ്ട് സിക്‌സും സഹിതമാണ് ഷാ തന്റെ കന്നി അര്‍ധ ശതകം കുറിച്ചത്. മണ്‍റോ 18 പന്തില്‍ 33 റണ്‍സും കണ്ടെത്തി.
റിഷഭ് പന്ത് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായെങ്കിലും ഒരറ്റത്ത് മിന്നലടികളുമായി ശ്രേയസ് നിറഞ്ഞത് ഡല്‍ഹിക്ക് മികച്ച സ്‌കോര്‍ നേടുന്നതിന് സഹായമായി. മാക്‌സ്‌വെല്‍ 18 പന്തില്‍ 27 റണ്‍സെടുത്തു. കൊല്‍ക്കത്തയുടെ ബൗളര്‍മാരെല്ലാം കണക്കിന് തല്ല് വാങ്ങി. പിയൂഷ് ചൗള, ശിവം മവി, ആന്ദ്രെ റസ്സല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."