റോഡരികില്‍ മുറിച്ചിട്ട മരങ്ങള്‍ യാത്രക്കാര്‍ക്ക് ദുരിതമാകുന്നു
തൃക്കരിപ്പൂര്‍: മാസങ്ങള്‍ക്കു മുന്‍പ് പഞ്ചായത്ത് മുറിച്ചു മാറ്റിയ മരങ്ങള്‍ നീക്കം ചെയ്യാത്തത് കാല്‍നട യാത്രക്കാര്‍ക്കു ദുരിതമാകുന്നു. കാലിക്കടവ് ഒളവറ പാതയില്‍ വീതി കൂട്ടി മെക്കാഡം ടാറിങ് നടത്തുന്ന അവസരത്തിലാണ് അപകട ഭീഷണി ഉയര്‍ത്തിയ തൃക്കരിപ്പൂര്‍ ടൗണിലെ മരങ്ങള്‍ മുറിച്ചുനീക്കിയത്. മുറിച്ചുനീക്കിയ മരങ്ങളാകട്ടെ നടപ്പാതയില്‍ സ്ഥാനം പിടിച്ചു.
റോഡ് വീതികൂട്ടി വികസിപ്പിക്കുന്ന അവസരത്തില്‍ കാല്‍നട യാത്രക്കാരുടെ സുരക്ഷയെ കരുതി തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചുറ്റുമതിലിനോടു ചേര്‍ന്നുളള നടപ്പാതയിലെ തട്ടുകടകള്‍ ഒഴിപ്പിച്ചിരുന്നു.
എന്നാല്‍ ഇതിന്റെ പ്രയോജനം കാല്‍നട യാത്രക്കാര്‍ക്കു കിട്ടിയതുമില്ല. ഈ സ്ഥാനം ഇപ്പോള്‍ മരങ്ങളും വൈദ്യുതി തൂണുകളും കൈയടക്കി.
റോഡ് വീതികൂട്ടി മെക്കാഡം ടാറിങ് വന്നതോടെ ചീറിപ്പായുന്ന വാഹനങ്ങളില്‍നിന്നു രക്ഷനേടാന്‍ കാല്‍നടയാത്രക്കാര്‍ നെട്ടോട്ടം ഓടേണ്ടുന്ന അവസ്ഥയിലാണ്. മാത്രമല്ല ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന വിദ്യാര്‍ഥികള്‍ക്കും നടപ്പാതയില്‍ കൂട്ടിയിട്ട മരങ്ങള്‍ ഭീഷണിയായിട്ടുണ്ട്.
മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനിടെ സ്‌കൂള്‍ ചുറ്റുമതിലിനും കേടുപാടുകള്‍ സംഭവിച്ചിരുന്നു. നിരവധി തവണ സ്‌കൂള്‍ അധികൃതര്‍ പഞ്ചായത്തിനോടു മതില്‍ പുനര്‍നിര്‍മിച്ചു മരങ്ങള്‍ നീക്കം ചെയ്യണമെന്ന് വാക്കാല്‍ ആവശ്യപ്പെട്ടെങ്കിലും പരിഹാരം ഉണ്ടായില്ല.
ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രധാനധ്യാപകന്‍ പഞ്ചായത്ത് സെക്രട്ടറിക്കു പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."