ഇന്‍ഡിഗോയെ വെട്ടിച്ച് ചെങ്കോട്ട 'പിടിച്ച്' ഡാല്‍മിയാ ഗ്രൂപ്പ്: സുപ്രിംകോടതിയും നല്‍കുമോയെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ചെങ്കോട്ട കേന്ദ്ര സര്‍ക്കാര്‍ ഡാല്‍മിയാ ഗ്രൂപ്പിന് ദത്തു നല്‍കി. 25 കോടി രൂപയുടെ കരാര്‍ പ്രകാരം അഞ്ചു വര്‍ഷത്തേക്ക് ചെങ്കോട്ടയുടെ ഭരണം ഡാല്‍മിയാ ഗ്രൂപ്പിനായിരിക്കും.
പൈതൃക സ്മാരകങ്ങള്‍ ദത്തു നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി പ്രകാരമാണിത്.
പദ്ധതിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ചെങ്കോട്ട ഡാല്‍മിയാ ഗ്രൂപ്പിനു കൈമാറിയ ശേഷം, പാര്‍ലമെന്റ്, ലോക് കല്യാണ്‍ മാര്‍ഗ്, സുപ്രിംകോടതി, ഇവയെല്ലാം.. ഇതില്‍ ഏതാണ് സ്വകാര്യ കമ്പനിക്ക് നല്‍കാന്‍ പോകുന്നതെന്ന് ട്വിറ്ററിലൂടെ ചോദിച്ചു.
25 കോടി രൂപ ചെലവിനുള്ളില്‍ അടുത്ത അഞ്ചു വര്‍ഷത്തിനിടെ ചെങ്കോട്ട കേടുപാടു പരിഹരിക്കുകയും അടിസ്ഥാനസൗകര്യം നിര്‍മിക്കുകയും ചെയ്യണമെന്നാണ് കരാര്‍.
''അവര്‍ ഇന്ത്യയുടെ ചരിത്ര സ്മാരകങ്ങള്‍ സ്വകാര്യ കച്ചവടക്കാര്‍ക്കു നല്‍കുകയാണ്. ഇന്ത്യയുടെ ആശയത്തോട്, ഇന്ത്യന്‍ ചരിത്രത്തോട് അവര്‍ക്കെന്ത് പ്രതിബദ്ധതയാണുള്ളത്?''- കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ചോദിച്ചു. നിങ്ങള്‍ക്ക് ഫണ്ടിനു പഞ്ഞമുണ്ടോ?, എങ്കില്‍ എന്തുകൊണ്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഇന്ത്യയുടെ ഫണ്ട് ലാപ്‌സാക്കിയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, ലാഭ പ്രവര്‍ത്തനങ്ങള്‍ കമ്പനി ചെങ്കോട്ട ഉപയോഗിച്ച് ചെയ്യാന്‍ കരാറില്‍ അനുമതിയില്ലെന്നാണ് കേന്ദ്ര സാംസ്‌കാരിക സഹമന്ത്രി മഹേഷ് ശര്‍മ്മ പ്രതികരിച്ചത്.
ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കുന്ന പൊതുപങ്കാളിത്തം ഉദ്ദേശിച്ചാണ് പദ്ധതിയെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ''ചെലവഴിക്കാന്‍ വേണ്ടി മാത്രമാണ് കമ്പനികള്‍ ഈ പദ്ധതികളില്‍ പങ്കുചേരുന്നത്, പണമുണ്ടാക്കാനല്ല. അവര്‍ ശൗചാലയം, കുടിവെള്ളം പോലോത്ത അവശ്യ സൗകര്യങ്ങളൊരുക്കും''- അദ്ദേഹം പറഞ്ഞു.
ചെങ്കോട്ട 'പിടിക്കാന്‍' ഡാല്‍മിയാ ഗ്രൂപ്പിനു പുറമേ, ഇന്‍ഡിഗോ എയര്‍ലൈന്‍സും ജി.എം.ആര്‍ ഗ്രൂപ്പുമുണ്ടായിരുന്നു. പദ്ധതി പ്രകാരം താജ്മഹല്‍ അടക്കമുള്ള ചരിത്ര സ്മാരകങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് നടത്താന്‍ കൊടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."