അധ്യാപകരെ സ്‌കൂള്‍ സമയത്ത് ജുമുഅ നിസ്‌കരിക്കാന്‍ വിടില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി: മുസ്‌ലിം അധ്യാപകരെ സ്‌കൂള്‍ സമയത്ത് ജുമുഅ നിസ്‌കരിക്കാന്‍ വിടില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍. ന്യൂനപക്ഷ കമ്മിഷനെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ സറഫുല്‍ ഇസ്‌ലാം ഖാന്‍ ഐ.എ.എന്‍.എസിനോടാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ചകളില്‍ ക്ലാസിനിടയില്‍ അധ്യാപകര്‍ ജുമുഅ നിസ്‌കരിക്കാന്‍ പോകുന്നത് വിദ്യാര്‍ഥികളെ ബാധിക്കുമെന്ന് ഡല്‍ഹി സര്‍ക്കാരിന്റെ വിദ്യാഭ്യാസവകുപ്പ് അറിയിച്ചതായി ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ പറഞ്ഞു. നിയമം മാറ്റാന്‍ സാധിക്കില്ലെന്നും ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കുന്ന ക്ലാസിനായി എല്ലാ അധ്യാപകരും 12.45 നു തന്നെ ക്ലാസില്‍ എത്തണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് പോകാനുള്ള അനുമതിക്കായി അധ്യാപകര്‍ കമ്മിഷനെ സമീപിച്ചിരുന്നതായും ഇതേ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പിന്റെയും മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെയും പ്രതികരണം തേടുകയായിരുന്നുവെന്നും കമ്മീഷന്‍ പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പ് പ്രതികരണം അറിയിച്ചതിനെ തുടര്‍ന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പ്രതികരണത്തിനു കൂടി കാത്തുനില്‍ക്കുകയാണ് ന്യൂനപക്ഷ കമ്മീഷന്‍. 1954ലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് ശമ്പളത്തില്‍ നിന്ന് നിശ്ചിത സംഖ്യ ഒഴിവാക്കി ജീവനക്കാര്‍ക്ക് ജോലിക്കിടയില്‍ പ്രാര്‍ഥനക്ക് പോകാനുള്ള അവകാശമുണ്ടെന്ന് അധ്യാപകര്‍ പറഞ്ഞതായും ഈ നിയമം ഇപ്പോഴും ബാധകമാണോ എന്നറിയാന്‍ കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ടെന്നും ഖാന്‍ പറഞ്ഞു. ദേശീയ മാധ്യമമായ എന്‍.ഡി.ടി.വിയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."