ബ്രസീലിനെ ഇക്വഡോര്‍ കുരുക്കി
സാന്റ ക്ലാര: കോപ്പ അമേരിക്കയില്‍ ഇന്നലെ നടന്ന മൂന്നു പോരാട്ടങ്ങളില്‍ ബ്രസീല്‍, പരാഗ്വെ ടീമുകള്‍ ഗോള്‍രഹിത സമനിലയില്‍ കുരുങ്ങിയപ്പോള്‍ പെറു വിജയം കണ്ടു. കരുത്തരായ ബ്രസീലിനെ ഇക്വഡോറാണ് സമനിലയില്‍ പിടിച്ചത്. പരാഗ്വെയെ കോസ്റ്റ റിക്കയാണ് പിടിച്ചുകെട്ടിയത്. ഇത്തിരിക്കുഞ്ഞന്‍മാരായ ഹെയ്തിക്കെതിരേ പെറു പരിചയ സമ്പത്തിന്റെ മികവില്‍ വിജയം പിടിക്കുകയായിരുന്നു.
ഗോളടിക്കാനാകാതെ ബ്രസീല്‍
നെയ്മറില്ലെങ്കിലും വമ്പന്‍മാരെന്ന ഖ്യാതിയുമായാണ് ബ്രസീല്‍ കളത്തിലിറങ്ങിയത്. എന്നാല്‍ ഇക്വഡോര്‍ ബ്രസീലിനെ ഗോളടിക്കാന്‍ അനുവദിച്ചില്ല. പ്രമുഖരില്ലാതെയിറങ്ങിയതിന്റെ പോരായ്മ കളിക്കളത്തിലുടനീളം ബ്രസീലിന്റെ പ്രകടനത്തില്‍ നിഴലിച്ചു. മിരാന്‍ഡയെയും ഗുസ്താവോയെയും അവസാന നിമിഷം ടീമിന് മാറ്റേണ്ടി വന്നിരുന്നു. മുന്നേറ്റത്തില്‍ വില്ല്യനെയും ഫിലിപ്പ് കുട്ടീഞ്ഞോയെയുമാണ് ബ്രസീല്‍ കളത്തിലിറക്കിയത്. ഇതില്‍ വില്ല്യന്‍ മാത്രമാണ് തിളങ്ങിയത്. എന്നാല്‍ 76ാം മിനുട്ടില്‍ താരത്തിന് പരുക്കേറ്റ് പുറത്തു പോവേണ്ടി വന്നത് ടീമിന് തിരിച്ചടിയായി.
ഇക്വഡോറിന് വേണ്ടി മില്ലര്‍ ബൊലാനോസ് മുന്നേറ്റത്തില്‍ മികവുറ്റ പ്രകടനം നടത്തി. സുപ്രധാന താരം ഫിലിപ്പ് കയ്‌സെദോയില്ലാത്തതിന്റെ പോരായ്മ പരിഹരിക്കാനും ബൊലാനോസിന് സാധിച്ചു. അഞ്ചാം മിനുട്ടില്‍ തന്നെ ഇക്വഡോര്‍ മത്സരത്തിലെ ആദ്യ മുന്നേറ്റം നടത്തി. ബൊലാനോസിന്റെ ഷോട്ട് പക്ഷേ ലക്ഷ്യത്തിലെത്തിയില്ല. തൊട്ടുപിന്നാലെ വില്ല്യന്‍ ഒരുക്കിക്കൊടുത്ത പാസില്‍ കുട്ടീഞ്ഞോ ഷോട്ടുതിര്‍ത്തെങ്കിലും ഫിനിഷിങ് പോരായ്മ തിരിച്ചടിയായി. താരത്തിന്റെ ഷോട്ട് ഇക്വഡോര്‍ ഗോളി എസ്‌തെബാന്‍ ഡ്രീര്‍ സേവ് ചെയ്യുകയായിരുന്നു. പിന്നീട് ബ്രസീല്‍ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തപ്പോള്‍ ഇക്വഡോര്‍ മികച്ച പ്രതിരോധമൊരുക്കി. വില്ല്യന്‍ ഒരുക്കികൊടുത്ത പല അവസരങ്ങളും മുതലാക്കാന്‍ കുട്ടീഞ്ഞോയ്ക്ക് സാധിച്ചില്ല.
68ാം മിനുട്ടില്‍ ബൊലാനോസ് പോസ്റ്റിന്റെ ഇടതു മൂലയില്‍ നിന്നു അടിച്ച ഷോട്ട് പ്രതിരോധിക്കുന്നതില്‍ ബ്രസീല്‍ ഗോളി അലിസണ്‍ വരുത്തിയ പിഴവ് പന്ത് വലയിലെത്തിച്ചു. ഇക്വഡോര്‍ താരങ്ങള്‍ ഗോളിനായി അപ്പീല്‍ ചെയ്‌തെങ്കിലും ഷോട്ട് തൊടുക്കുന്നതിന് മുന്‍പ് പന്ത് ലൈന്‍ കടന്നതിനാല്‍ റഫറി ഗോളനുവദിച്ചില്ല. ഇതനുവദിച്ചിരുന്നെങ്കില്‍ മത്സര ഫലം തന്നെ മറ്റൊന്നായേനെ.
പരിചയ സമ്പത്തിന്റെ വിജയം
ഹെയ്തിക്കെതിരേ പൗലോ ഗൊറേറോ നേടിയ ഗോളിന്റെ മികവിലാണ് പെറു ജയം സ്വന്തമാക്കിയത്. ഇരു ടീമുകളും അവസരങ്ങള്‍ മുതലെടുക്കുന്നതില്‍ പിറകോട്ട് പോയപ്പോള്‍ മത്സരം പലപ്പോഴും വിരസമായിരുന്നു. ഇതിനെ പുറമെ ഫൗളുകളും മത്സരത്തില്‍ നിറഞ്ഞു നിന്നു. എന്നാല്‍ പരിചയസമ്പത്തു കൊണ്ട് പെറു മത്സരത്തില്‍ മുന്നില്‍ നിന്നു.
ആദ്യ പകുതിയില്‍ മുന്നേറ്റത്തില്‍ പെറു മികച്ചു നിന്നു. ഗൊറേറോ തന്നെയായിരുന്നു മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. എഡിന്‍സന്‍ ഫ്‌ളോറസും താരത്തിന് മികച്ച പിന്തുണ നല്‍കി. എന്നാല്‍ ഇവരുടെ പല ഷോട്ടുകള്‍ക്കും ഹെയ്തി ഗോളി ജോണി പ്ലാസിഡിനെ പരീക്ഷിക്കാനായില്ല. ഹെയ്തി മധ്യനിരയില്‍ കെവിന്‍ ലാഫ്രാന്‍സിന്റെ പിഴവുകളാണ് പെറുവിന്റെ മുന്നേറ്റത്തിന് വഴിതെളിച്ചത്. എന്നാല്‍ പതിയെ മത്സരത്തിലേക്ക് ഹെയ്തി തിരിച്ചെത്തി. 28ാം മിനുട്ടില്‍ മെഷാക് ജെറോമിന്റെ തകര്‍പ്പനൊരു ഷോട്ട് ക്രോസ് ബാറിലിടിച്ച് പുറത്തേക്കു പോയി. പെറുവിന്റെ റെനാറ്റോ താപിയ തൊട്ടുപിന്നാലെ മികച്ചൊരു ഷോട്ടുതിര്‍ത്തെങ്കിലും ലക്ഷ്യം കണ്ടില്ല. 61ാം മിനുട്ടില്‍ പെറു വിജയ ഗോള്‍ നേടി. ഫ്‌ളോറസിന്റെ ക്രോസില്‍ ഹെഡ്ഡറിലൂടെ ഗൊറേറോ ലക്ഷ്യം കാണുകയായിരുന്നു.
പരാഗ്വെയ്ക്ക് കുരുക്കിട്ട് കോസ്റ്റ റിക്ക
അനായാസം ജയം തേടിയിറങ്ങിയ പരാഗ്വെയെ കോസ്റ്റ റിക്ക ഗോള്‍ രഹിത സമനിലയില്‍ കുരുക്കുകയായിരുന്നു. വിരസമായ മത്സരത്തില്‍ ഇരു ടീമുകളും കാര്യമായിട്ടുള്ള മുന്നേറ്റങ്ങള്‍ക്കൊന്നും ശ്രമിച്ചില്ല. പരാഗ്വെ താരം യോര്‍ഗെ ബെനിറ്റെസിനു ഗോള്‍ നേടാനുള്ള സുവര്‍ണാവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. ബ്രയാന്‍ റൂയിസിലൂടെ കോസ്റ്റ റിക്ക തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും പരാഗ്വെയുടെ പ്രതിരോധത്തെ മറികടക്കാന്‍ കഴിയാതെ പോയി. റൂയിസിന്റെ മികച്ചൊരു ഹെഡ്ഡര്‍ പരാഗ്വെ വല കുലുക്കുമെന്ന് കരുതിയെങ്കിലും പുറത്തേക്കു പോയി. അവസാന നിമിഷം കെന്‍ഡല്‍ വാട്‌സന് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തു പോകേണ്ടി വന്നത് കോസ്റ്റ റിക്കയ്ക്ക് തിരിച്ചടിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."