മെക്‌സിക്കന്‍ തിരമാലയില്‍ ഉറുഗ്വെ വീണു
സാന്റ ക്ലാര: കോപ്പ അമേരിക്കയില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ വെനസ്വെലയും മെക്‌സിക്കോയ്ക്കും ജയം. വെനസ്വെല എതിരില്ലാത്ത ഒരു ഗോളിന് ജമൈക്കയെയും മെക്‌സിക്കോ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ഉറുഗ്വെയേയും വീഴ്ത്തി.
ജോസഫ് മാര്‍ട്ടിനസിന്റെ ഗോളില്‍ വെനസ്വെല
ജമൈക്കയ്‌ക്കെതിരേ ജോസഫ് മാര്‍ട്ടിനസിന്റെ ഗോളാണ് വെനസ്വെലയെ ജയത്തിലെത്തിച്ചത്. മത്സരത്തിന്റെ 23ാം മിനുട്ടില്‍ റുഡോള്‍ഫ് ഓസ്റ്റിന്‍ ചുവപ്പു കാര്‍ഡ് കണ്ടതോടെ ജമൈക്ക പത്തു പേരായി ചുരുങ്ങിയാണ് മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും കളിച്ചത്. എന്നാല്‍ ഇത് മുതലെടുക്കാന്‍ വെനസ്വെലയ്ക്ക് സാധിച്ചില്ല.
നായകന്‍ വെസ്‌ലി മോര്‍ഗനില്ലാതെയാണ് ജമൈക്ക കളത്തിലിറങ്ങിയത്. എന്നാല്‍ അവരുടെ മുന്നേറ്റങ്ങള്‍ മികച്ചതായിരുന്നു. പക്ഷേ മികച്ചൊരു ഫിനിഷറില്ലാത്തത് മത്സരത്തിലുടനീളം അവര്‍ക്ക് തിരിച്ചടിയായി. അഡ്രിയാന്‍ മാരിയപ്പ, ജെറോം ടെയ്‌ലര്‍ എന്നിവര്‍ പ്രതിരോധത്തില്‍ മികച്ചു നിന്നു. വെനസ്വെല തുടക്കത്തില്‍ നടത്തിയ കൗണ്ടര്‍ അറ്റാക്കിനെ ഗോളി ആന്ദ്രേ ബ്ലാക്കിലൂടെയാണ് ജമൈക്ക പ്രതിരോധിച്ചത്. ഇതിനു മറുപടി തൊട്ടടുത്ത മിനുട്ടില്‍ തന്നെ ജമൈക്ക നല്‍കി. ക്ലേയ്റ്റന്‍ ഡൊണാള്‍ഡ്‌സന്റെ മികച്ചൊരു ഷോട്ട് ഡാനിയല്‍ ഹെര്‍ണാണ്ടസ് സേവ് ചെയ്യുകയായിരുന്നു. ഇതില്‍ നിന്നു ലഭിച്ച കോര്‍ണറില്‍ ജെ വോന്‍ വാട്‌സന്റെ മികച്ചൊരു ഹെഡ്ഡര്‍ വെനസ്വെല പ്രതിരോധത്തെ ഭേദിച്ചെങ്കിലും ക്രോസ് ബാറിനു തട്ടി പുറത്തേക്കു പോയി. 15ാം മിനുട്ടില്‍ അലക്‌സാന്ദ്രോ ഗുവേരയുടെ മികച്ചൊരു പാസ് മാര്‍ട്ടിനസ് അനായാസം ലക്ഷ്യത്തിലെത്തിച്ച് ടീമിന്റെ അക്കൗണ്ട് തുറന്നു. ഇതിനു ശേഷം ഗോളിനായി കടുത്ത ശ്രമങ്ങള്‍ നടത്തിയ ജമൈക്കയ്ക്ക് തിരിച്ചടി നേരിട്ടു. വെനസ്വെല മിഡ്ഫീള്‍ഡര്‍ തോമസ് റിന്‍കനുമായുള്ള പന്തിനായുള്ള ശ്രമത്തിനിടെയാണ് ഓസ്റ്റിന് ചുവപ്പു കാര്‍ഡ് ലഭിച്ചത്. എന്നാല്‍ ഇത് ചുവപ്പു കാര്‍ഡ് കാണിക്കാന്‍ തക്ക കാരണമുള്ള പിഴവായിരുന്നില്ല. റഫറിയുടെ തീരുമാനം വിവാദമായിട്ടുണ്ട്.
ഉറുഗ്വെയെ തകര്‍ത്ത് മെക്‌സിക്കോ
ഉറുഗ്വെയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് മെക്‌സിക്കോ തകര്‍ത്തത്. അവസാന 10 മിനുട്ടിനുള്ളില്‍ വഴങ്ങിയ രണ്ടു ഗോളുകളാണ് ഉറുഗ്വെയെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. ഉറുഗ്വെയുടെ മത്യാസ് വെസിനോയ്ക്കും മെക്‌സിക്കോയുടെ ആന്ദ്രേസ് ഗ്വര്‍ഡാഡോയ്ക്കും ചുവപ്പു കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് ഇരു ടീമുകളും പത്തു പേരുമായി ചുരുങ്ങിയാണ് കളിച്ചത്. ഇരു പക്ഷവും ആക്രമണത്തില്‍ മികച്ചു നിന്നു.
നാലാം മിനുട്ടില്‍ മെക്‌സിക്കോ അക്കൗണ്ട് തുറന്നു. ഗ്വര്‍ഡാഡോയുടെ ക്രോസ് ആല്‍വാരോ പെരേര ഹെഡ്ഡ് ചെയ്ത് ഒഴിവാക്കുന്നതിനിടെ പന്ത് വലയില്‍ കയറുകയായിരുന്നു. ഗോള്‍ നേടിയതോടെ മെക്‌സിക്കോ ആക്രമണം കടുപ്പിച്ചു.
ഹാവിയര്‍ അക്വിനോയുടെ ഷോട്ട് ഉറുഗ്വെ ഗോളി ഫെര്‍ണാണ്ടോ മുസ്‌ലേര സേവ് ചെയ്തു. തിരിച്ചടിക്കാന്‍ ഉറുഗ്വെ ശ്രമിച്ചെങ്കിലും 45ാം മിനുട്ടില്‍ വെസിനോയ്ക്ക് ചുവപ്പു കാര്‍ഡ് കണ്ടതോടെ ആദ്യ പകുതിയില്‍ ഗോളൊന്നും നേടാന്‍ ടീമിന് സാധിച്ചില്ല.
73ാം മിനുട്ടില്‍ സാഞ്ചസിനെ വീഴ്ത്തിയതിന് ഗ്വര്‍ഡാഡോയ്ക്ക് ചുവപ്പു കാര്‍ഡ് ലഭിച്ചു. ഇതില്‍ നിന്ന് ലഭിച്ച ഫ്രീകിക്കില്‍ നിന്ന് ഗോഡിന്‍ ടീമിന് സമനില ഗോള്‍ സമ്മാനിച്ചു.
എന്നാല്‍ ഇതില്‍ പതറാതെ കളിച്ച മെക്‌സിക്കോ റാഫേല്‍ മാര്‍ക്കസ്, ഹെക്ടര്‍ ഹെരേര എന്നിവര്‍ നേടിയ ഗോളിലൂടെ ടീമിനെ ജയത്തിലെത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."