കോഴിക്കോട്ട് സെറിബ്രല്‍ മലേറിയ സ്ഥിരീകരിച്ചു
കോഴിക്കോട്:തലച്ചോറിനെ ബാധിക്കുന്ന സെറിബ്രല്‍ മലേറിയ കോഴിക്കോട്ട് സ്ഥിരീകരിച്ചു. എലത്തൂരിലെ ഒരു കുടുംബത്തിലെ അഞ്ചു പേരെയാണ് ബാധിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ചികില്‍സ തേടിയവരില്‍ അഞ്ചില്‍ രണ്ടു പേര്‍ കുട്ടികളാണ്. കേരളത്തില്‍ അടുത്തകാലത്തൊന്നും സെറിബ്രല്‍ മലേറിയ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണിത്. കടുത്ത പനി, തളര്‍ച്ച, ഛര്‍ദ്ദി, അസഹനീയമായ തലവേദന എന്നിവയാണ് രോഗലക്ഷണങ്ങള്‍.
കൊതുകില്‍ നിന്നും പകരുന്ന ഈ രോഗം മലേറിയ വിഭാഗത്തില്‍ ഏറ്റവും അപകടകരമായ ഒന്നാണ്. കൃത്യമായ ചികില്‍സയില്ലെങ്കില്‍ മരണമാണ് ഫലം. ഇത്തരത്തിലുള്ള മലേറിയ കേരളത്തില്‍ എങ്ങനെയാണ് എത്തിയതെന്ന് വ്യക്തമല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ഉത്തരേന്തയില്‍ അടുത്തകാലത്ത് ഈ രോഗം റിപോര്‍ട്ട് ചെയ്തിരുന്നു. അവിടെ നിന്നും കേരളത്തിലെത്തിയവര്‍ വഴിയാകാം രോഗവാഹിയായ അണുക്കള്‍ എത്തിയിട്ടുണ്ടാവുക എന്ന നിഗമനത്തിലാണ് അധികൃതര്‍.
മഴക്കാലമായതോടെ രോഗം പടരാനുള്ള സാധ്യതയുണ്ടെന്നും തീരപ്രദേശമടങ്ങിയ ഭാഗങ്ങളിലാണ് രോഗം കണ്ടെത്തിയതിനാല്‍ കോഴിക്കോട് നഗരത്തിലും തീരപ്രദേശങ്ങളിലുളളവരുടെയും രക്തപരിശോധ ഊര്‍ജിതമാക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."