ആഞ്ഞുപെയ്ത് മഴ; നഗരങ്ങള്‍ വെള്ളത്തില്‍
തിരുവനന്തപുരം: നാടെങ്ങും നാശം വിതച്ച് മണ്‍സൂണ്‍ മഴയെത്തി. സംസ്ഥാനത്തെ വിവധ നഗരങ്ങള്‍ വെള്ളത്തിലായി. കൊച്ചിയിലും കോഴിക്കോടും മഴ കനത്ത നാശം വിതച്ചു. ഇടുക്കി അഞ്ചുരുളിയില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായി. ഒരാള്‍ മരണപ്പെട്ടു. മഴക്കാലത്തെ ആദ്യ അപകടമാണ് അഞ്ചുരുളിയിലുണ്ടായത്.
വീടിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണ് മുറിക്കുള്ളില്‍ ഉറങ്ങി കിടക്കുകയായിരുന്ന എസ്എഫ്‌ഐ ഇടുക്കി ജില്ലാ മുന്‍ പ്രസിഡന്റ ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗവുമായ ജോബി ജോണിയാണ് (33) മരിച്ചത്.പുലര്‍ച്ചെ ആറോടെയാണ് അപകടമുണ്ടായത്.
ജോബി ജോണിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ സുപ്രഭാതത്തോടു പറഞ്ഞു. നഷ്ടപരിഹാരം നല്‍കുന്നതിനുള്ള റിപ്പോര്‍ട്ട് ജില്ലാ അധികൃതര്‍ നല്‍കുന്ന മുറയ്ക്ക് നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി പറഞ്ഞു.
രണ്ടു ദിവസമായി ശക്തമായി പെയ്ത കാലവര്‍ഷത്തില്‍ തലസ്ഥാനത്ത് വ്യാപക നാശനഷ്ടമുണ്ട്. കനത്ത മഴയില്‍ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കാലവര്‍ഷത്തിനൊപ്പം കടലാക്രമണവും രൂക്ഷമായിട്ടുണ്ട്. പൂന്തുറ, ബീമാപ്പള്ളി, തിരുവല്ലം, വലിയതുറ, പനത്തുറ എന്നിവിടങ്ങളിലാണ് ശക്തമായ കടലാക്രമണം ഉണ്ടായത്. വലിയതുറ, ചെറിയതുറ ഭാഗത്തെ തീരവാസികള്‍ കഴിഞ്ഞ കുറേ ആഴ്ചകളിലായി ദുരിതാശ്വാസ ക്യാംപുകളിലാണ്.
വേളിയില്‍ പൊഴിയുടെ ഭാഗത്ത് നിരവധി വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രാത്രി പൊഴിമുറിച്ച് വെള്ളം കടലിലേക്ക് ഒഴുക്കി. വഞ്ചിയൂര്‍, മുട്ടത്തറ, കരിക്കകം, ചാക്ക, മെഡിക്കല്‍ കോളജ് മെന്‍സ് ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ മരങ്ങള്‍ കടപുഴകിവീണു. മെഡിക്കല്‍ കോളജ് മെന്‍സ് ഹോസ്റ്റലിന് സമീപത്തെ മരം കടപുഴകി വാഹനങ്ങള്‍ക്ക് മീതെ പതിച്ചെങ്കിലും വലിയ നാശനഷ്ടമോ ആളപായമോ ഉണ്ടായില്ല. അയല്‍വാസിയുടെ പുരയിടത്തില്‍നിന്ന് മരം കടപുഴകിവീണ് ശാസ്തവട്ടം സ്വദേശി സാംബശിവന് തലയ്ക്ക് സാരമായി പരുക്കേറ്റു. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജില്ലയിലെ പ്രധാന വിനോദ കേന്ദ്രമായ പൊന്‍മുടിയിലേക്കുള്ള വിനോദസഞ്ചാരം നിരോധിച്ചു. ശക്തമായ മഴയും തുടര്‍ന്നുണ്ടാകാന്‍ സാധ്യതയുള്ള മണ്ണിടിച്ചിലുമാണ് നിരോധനമേര്‍പ്പെടുത്താന്‍ കാരണം. ഇതുസംബന്ധിച്ച ഉത്തരവ് കലക്ടര്‍ പുറപ്പെടുവിച്ചു. മലയോര മേഖലകളിലെ വിനോദ സഞ്ചാര പ്രദേശങ്ങളില്‍ കനത്ത ജാഗ്രത വേണം. മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളിലെ രാത്രിയാത്രകളും ഒഴിവാക്കണമെന്ന് കലക്ടര്‍ മുന്നറിയിപ്പു നല്‍കി.
മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ കൊല്ലത്ത് പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. നേരത്തേ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂവിനും അവധി ബാധകമല്ല. ജില്ലയില്‍ മഴ ശക്തമായതിനാല്‍ കലക്‌ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. കണ്‍ട്രോള്‍ റൂം ഫോണ്‍: 0474 2794002, 2794004.
സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ കടലാക്രമണം ശക്തമാണ്. മത്സ്യത്തൊഴിലാളി കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."