കൂട്ടസ്ഥലം മാറ്റങ്ങള്‍ റദ്ദാക്കണം
തിരുവനന്തപുരം: ഇടതുമുന്നണി അധികാരത്തില്‍ വന്നതിനുശേഷം നടത്തിയ കൂട്ടസ്ഥലംമാറ്റങ്ങള്‍ റദ്ദാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യാതൊരു മാനദണ്ഡവുമില്ലാതെ പ്രതികാര നടപടികളുടെ ഭാഗമായാണ് ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്നത്. ഫയര്‍ഫോഴ്സില്‍ 300ലധികം പേരെ സ്ഥലംമാറ്റി. കെ.എസ്.എഫ്.ഇയില്‍ 200ലധികം പേരെ സ്ഥലംമാറ്റി. സഹകരണ വകുപ്പില്‍ 200ലധികം പേരെ കണ്ണൂരില്‍ നിന്ന് സ്ഥലം മാറ്റിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചു. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കൂട്ടസ്ഥലംമാറ്റം ഇപ്പോഴും തുടരുകയാണ്. ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെ രാഷ്ട്രീയവൈരം വച്ചാണ് സ്ഥലംമാറ്റങ്ങളില്‍ ഏറിയപങ്കും. സ്കൂള്‍ വര്‍ഷം ആരംഭിച്ചതിനുശേഷമുള്ള സ്ഥലംമാറ്റം ജീവനക്കാരുടെ കുട്ടികളുടെ പഠനം തടസ്സപ്പെടുന്ന അവസ്ഥയാണ്. അടിയന്തരമായി സ്ഥലംമാറ്റങ്ങള്‍ റദ്ദാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."