അണിയറയില്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം: സ്ത്രീസുരക്ഷാ നടപടികളും വിവരാവകാശം സൗജന്യമാക്കലും ആലോചനയില്‍
കൊല്ലം: പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ചു ചര്‍ച്ചകളും കൂടിയാലോചനകളും തുടങ്ങി. കേരള വിദ്യാഭ്യാസ നിയമത്തിലെ ഭേദഗതി, വിവരാവകാശ നിയമത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി മാറ്റം, വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ സൗജന്യമാക്കുക തുടങ്ങിയ കാര്യങ്ങളും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു പ്രത്യേക പദ്ധതിയും നയപ്രഖ്യാപനത്തിന്റെ പ്രത്യേകതകളായേക്കുമെന്നാണ് സൂചന. 24നാണ് ഗവര്‍ണറുടെ നയപ്രഖ്യാപനം. അന്ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനം രണ്ടാഴ്ചയോളം നീളും. ആദ്യ നയപ്രഖ്യാപനം പുതിയ സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ കരടു രൂപരേഖ കൂടിയായിരിക്കും. സ്ത്രീപീഡന കേസുകളില്‍ വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിക്കാന്‍ കൂടുതല്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്നാണു വിവരം. കഴിഞ്ഞ സര്‍ക്കാര്‍ മൂന്ന് അതിവേഗ കോടതികള്‍ പ്രഖ്യാപിച്ചെങ്കിലും ഒരെണ്ണം മാത്രമാണ് നടപ്പായത്.
പീഡനത്തിന് ഇരകളായ പതിനെട്ടു വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ താമസിപ്പിക്കുന്ന ഷെല്‍ട്ടറുകളുടെ സ്ഥിതി മെച്ചപ്പെടുത്തും. നിലവില്‍ 11 ഷെല്‍ട്ടറുകളാണ് കേരളത്തിലുള്ളത്. ഇവയ്ക്കുള്ള സാമ്പത്തിക സഹായം കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ് നിര്‍ത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം സംസ്ഥാന വിദ്യാഭ്യാസവകുപ്പ് ഇത് ഏറ്റെടുക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇത് നടപ്പാക്കാനാണ് ആലോചിക്കുന്നത്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പായിരിക്കില്ല മറിച്ച്, സാമൂഹിക നീതി വകുപ്പായിരിക്കും സാമ്പത്തിക സഹായം നല്‍കുക.
സ്ത്രീ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്നത് ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. അതുകൊണ്ട് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷിത ജീവിതത്തിനു സഹായകമാകുന്ന പദ്ധതിയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കുകയെന്നറിയുന്നു.
അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ വിജിലന്‍സിന് കീഴിലുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയാണ് മറ്റൊന്ന്. ഇക്കാര്യത്തില്‍ പുതിയ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് തയാറാക്കുന്ന മാര്‍ഗരേഖയായിരിക്കും നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തുക. അതേസമയം രാഷ്ട്രീയ പകപോക്കലിന് വിജിലന്‍സിനെ ഉപയോഗിക്കില്ലെന്ന സുപ്രധാന പ്രഖ്യാപനവും നയപ്രഖ്യാപനത്തില്‍ ഉണ്ടായേക്കുമെന്ന് അറിയുന്നു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ അനുകരിക്കാന്‍ പിണറായി സര്‍ക്കാരിന് ഉദ്ദേശമില്ലെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ മാതൃകയില്‍ നൂറുദിന കര്‍മപരിപാടിയും ഒരു വര്‍ഷ കര്‍മപരിപാടിയും മറ്റും പ്രഖ്യാപിച്ചേക്കും. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി അനുകരിക്കാന്‍ പിണറായി വിജയന്‍ ഉദ്ദേശിക്കുന്നില്ലെന്നും പാര്‍ട്ടികേന്ദ്രങ്ങളില്‍ നിന്നും അറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."