സ്‌കൂള്‍ ഏറ്റെടുക്കല്‍: നിയമപ്രശ്‌നങ്ങള്‍ ഇനിയും തുടരും
കോഴിക്കോട്: കോടതി വിധിയെത്തുടര്‍ന്ന് അടച്ചുപൂട്ടിയ മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി താല്‍ക്കാലികമായി കലക്ടറേറ്റിലേക്ക് മാറ്റിയെങ്കിലും നിയമപ്രശ്‌നങ്ങള്‍ ഇനിയും തുടരും. കെ.ഇ.ആര്‍ ചട്ടപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയാലേ സ്‌കൂള്‍ പൂര്‍ണമായി സര്‍ക്കാരിന്റെ നിയന്ത്രണത്തിലാകൂ. അതുവരെ സ്‌കൂള്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
കേരള വിദ്യാഭ്യാസ നിയമത്തിലെ അധ്യായം 20ലെ റൂള്‍സ് ഒന്ന് മുതല്‍ 24വരെ പ്രകാരം ഏതെങ്കിലും സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടത് ആവശ്യമാണെന്ന് കണ്ടാല്‍ അഞ്ചു വര്‍ഷത്തേക്ക് മാന്‌ജേമെന്റ് ചുമതല ഏറ്റെടുക്കാം. ഇതിനായി 10 ദിവസത്തിനകം ഒരു കാരണം കാണിക്കല്‍ നോട്ടിസ് മാനേജര്‍ക്ക് അയച്ചിരിക്കണം. നിലവിലുള്ള മാര്‍ക്കറ്റ് നിരക്ക് അനുസരിച്ച് ഒരു വിലവിവര സ്റ്റേറ്റ്‌മെന്റ് തയാറാക്കുകയും മാനേജര്‍ക്കും മറ്റ് അവകാശികള്‍ക്കും നോട്ടിസ് കൊടുക്കുകയും വേണം. എന്‍ക്വയറിക്കും മറ്റുമായി ഒരു തിയതി വയ്ക്കുകയും അതനുസരിച്ച് നഷ്ടപരിഹാരം കൊടുക്കുകയും വേണം. സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും സ്‌കൂളിന്റെ മറ്റു സാമഗ്രികളുടെയും വിശദമായ ഒരു ലിസ്റ്റിന്റെ കോപ്പി തയാറാക്കുകയും മാനേജര്‍ ഇതില്‍ ഒപ്പിടുകയും വേണം. ഇതില്‍ ഒരു കോപ്പി മാനേജര്‍ക്ക് കൊടുക്കണം. വാടകയുടെ കണക്ക് തയാറാക്കി തുക അതിന്റെ അവകാശികള്‍ക്ക് കൊടുക്കണം. ഡി.ഇ.ഒയുടെ അനുവാദം കൂടാതെ ഏതെങ്കിലും സ്വത്ത് വില്‍ക്കാനോ പണയപ്പെടുത്താനോ കൈമാറ്റം നടത്താനോ പാടില്ലെന്നും കെ.ഇ.ആറില്‍ വ്യവസ്ഥയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."