കുന്ദമംഗലത്ത് മിനിസിവില്‍ സ്റ്റേഷന്‍ നിര്‍മാണപ്രവൃത്തി തുടങ്ങി
കുന്ദമംഗലം: കുന്ദമംഗലം മിനിസിവില്‍ സ്റ്റേഷന് നിര്‍മാണ പ്രവൃത്തി ആരംഭിച്ചു. 577 ചതുരശ്ര മീറ്റര്‍ വീതം വിസ്തൃതിയുള്ള അഞ്ച് നിലകളിലായാണ് കെട്ടിടം രൂപകല്‍പ്പന ചെയ്തത്.
കെട്ടിടത്തിന്റെ നിര്‍മാണ ജോലിയാണ് ഇപ്പോള്‍ ആരംഭിച്ചത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് കുന്ദമംഗലത്ത് മിനിസിവില്‍ സ്‌റ്റേഷന് ഭരണാനുമതിയായത്.
താഴെ നിലയില്‍ സബ് ട്രഷറി, കൃഷിഭവന്‍, ബ്ലോക്ക് ഓഫിസ്, പൊലിസ് എയ്ഡ് പോസ്റ്റ് എന്നിവയും. ഒന്നാം നിലയില്‍ വില്ലേജ് ഓഫിസ്, തദ്ദേശ സ്വയംഭരണ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഓഫിസ്, തൊഴിലുറപ്പ് പദ്ധതി ഓഫിസ്, മീറ്റിങ് ഹാള്‍ എന്നിവയും.
രണ്ടാം നിലയില്‍ എ.ഇ.ഒ ഓഫിസ്, ഐ.സി.ഡി.എസ് ഓഫിസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഓഫിസ്, പട്ടികജാതി വികസന ഓഫിസ്, എല്‍.എസ്.ജി.ഡി അസി. എന്‍ജിനീയര്‍ ഓഫിസ് എന്നിവയും മൂന്നാം നിലയില്‍ എക്‌സൈസ് ഓഫിസ്, അഡീഷനല്‍ താലൂക്ക് സര്‍വേയര്‍ ഓഫിസ്, അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസ്, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയും നാലാം നിലയില്‍ ഭാവിയില്‍ ആവശ്യമായി വരുന്ന മറ്റ് ഓഫിസുകള്‍ക്കായുള്ള സൗകര്യങ്ങളുമായാണ് പദ്ധതിയിട്ടിരിക്കുന്നത്.
കേരളത്തിലെ ഏക സബ്താലൂക്ക് ആസ്ഥാനവും നാഷനല്‍ ഹൈവേ 212 ലെ സുപ്രധാന ജംഗ്ഷനും ദേശീയ പ്രാധാന്യമുള്ള നിരവധി സ്ഥാപനങ്ങളുടെ കേന്ദ്രവുമായ കുന്ദമംഗലത്ത് ഒരു മിനി സിവില്‍സ്റ്റേഷന്‍ ഇല്ലാത്തത് വലിയൊരു പോരായ്മയായിരുന്നു. വിവിധ ഭാഗങ്ങളിലായി ഒറ്റപ്പെട്ടു നില്‍ക്കുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ ഒരു മേല്‍ക്കൂരക്ക് കീഴില്‍ കൊണ്ടുവരാന്‍ കെട്ടിടം പൂര്‍ത്തിയാകുന്നതോടെ സാധിക്കും. മിനിസിവില്‍ സ്റ്റേഷന് നിര്‍മാണ പ്രവൃത്തിയുടെ കരാര്‍ ഏറ്റെടുത്തിട്ടുള്ളത് പൊതുമേഖലാ സ്ഥാപനമായ 'സില്‍ക്ക്' ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."