പൊന്നാനിയില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി പയ്യോളി തീരത്തെത്തിച്ചു
പയ്യോളി: മത്സ്യബന്ധനത്തിനായി കടലില്‍ പോയി കാണാതായ പൊന്നാനിയിലെ രണ്ട് മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് പയ്യോളി തീരത്തെത്തിച്ചു. പയ്യോളിയില്‍ നിന്നും മത്സ്യബന്ധനത്തിനായി പോയ അന്യദേശ തൊഴിലാളികളാണ് പുറംകടലില്‍ മൂന്ന് ദിവസം അവശരായി കിടന്ന ഇവരെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ ഫൈബര്‍ വള്ളത്തില്‍ കടലില്‍ പോയ മലപ്പുറം പൊന്നാനി പുത്തന്‍പുരയില്‍ മൊയ്തീന്‍ ബാവ (63), തമിഴ്‌നാട് സേലം സൂറമംഗലം ജങ്ഷന്‍ അഞ്ചില്‍ മുഹമ്മദ് ഫായിസ് (38) എന്നിവരെ രക്ഷപ്പെടുത്തിയത്.
മത്സ്യത്തൊഴിലാളികള്‍ പറയുന്നതിങ്ങനെ: ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് മത്സ്യബന്ധനത്തിന് പോയപ്പോള്‍ വൈകുന്നേരത്തോടെ ലഭിച്ച മത്സ്യവുമായി പൊന്നാനിയിലേക്ക് തിരിച്ചതായിരുന്നു. പെട്ടെന്ന് കടലില്‍ രൂപപ്പെട്ട ഇരുട്ടുമൂടിയ മഴയില്‍ ദിശതെറ്റി ബേപ്പൂരെത്തി.
തെറ്റിയെന്ന് മനസിലായതോടെ ഫൈബര്‍ വള്ളവുമായി വീണ്ടും പൊന്നാനിക്ക് തിരിച്ചു. ഇതിനിടയില്‍ പുറംകടലില്‍ വച്ച് ഇന്ധനം തീര്‍ന്നു. ഇതോടെ നങ്കൂരമിടാന്‍ ശ്രമിച്ചെങ്കിലും ശക്ത കാറ്റില്‍ പുറംകടലിലേക്ക് ഒഴുകിപ്പോയി. പ്ലാസ്റ്റിക് ഷീറ്റ് മുളയില്‍ കെട്ടി ഉപയോഗിച്ചെങ്കിലും പുറം കടലില്‍ ലക്ഷ്യമില്ലാതെ ഒഴുകി നടക്കുകയായിരുന്നു. ആദ്യദിവസം തന്നെ ഭക്ഷണവും വെള്ളവും തീര്‍ന്നു. പിന്നീട് രണ്ടു ദിനം കടല്‍ ജലമായിരുന്നു കുടിച്ചിരുന്നു. കപ്പലുകളെ കണ്ടെങ്കിലും കാര്യമുണ്ടായിരുന്നില്ല. അവശരായിരിക്കുമ്പോഴാണ് പയ്യോളിയില്‍ നിന്നും എത്തിയ മത്സ്യത്തൊഴിലാളികള്‍ തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ഇവരെ കണ്ടത്. തുടര്‍ന്ന് ഭക്ഷണവും വെള്ളവും നല്‍കി ഫൈബര്‍ വളളം കെട്ടിവലിച്ച് രാത്രി ഏഴു മണിയോടെ കരയ്‌ക്കെത്തിക്കുകയായിരുന്നു.പയ്യോളിയിലെ പി.കെ മൂപ്പന്‍ അബൂബക്കറുടെ ഉടമസ്ഥതയിലുള്ള വ്യാകുലമാതാ ഫൈബര്‍ വള്ളത്തിലെ തൊഴിലാളികളായ തമിഴ്‌നാട് സ്വദേശികളായ ബ്രിട്ടോ, ആന്റണിദാസന്‍, എല്‍ഡിന്‍, സേവ്യര്‍, പ്രവീണ്‍ ഗില്‍ബര്‍ട്ട് എന്നിവരാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."