പാല്‍ ഗണ്യമായി കുറയുന്നു; ക്ഷീരമേഖല പ്രതിസന്ധിയില്‍
ഹരിപ്പാട്: വേനല്‍ കനക്കുന്നതോടെ ക്ഷീരോല്‍പാദനം ഗണ്യമായി കുറയുന്നതും കാലിത്തീറ്റയുടെ വില ക്രമാതീതമായി വര്‍ധിക്കുന്നതും ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. ഇതോടെ ക്ഷീര കര്‍ഷകര്‍ മറ്റു തൊഴിലുകള്‍ തേടിപ്പോകുന്നു. പാല്‍ ഉല്‍പാദനത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായെന്ന് സര്‍ക്കാര്‍ തന്നെ വെളിപ്പെടുത്തുമ്പോഴും ഇതിന്റെ പിന്നില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ ഏതു കാലാവസ്ഥയെയും അനുകൂലമായി പരിഗണിച്ച് കേരളത്തെ പാലൂട്ടുന്ന ക്ഷീരകര്‍ഷകര്‍ക്ക് പറയാനുള്ളത് നഷ്ടത്തിന്റെ കണക്കുകള്‍ മാത്രം. ഉല്‍പാദന ചെലവിന് ആനുപാതികമായി പാലിനു വില ലഭിക്കാത്തതും മൃഗസംരക്ഷണ വകുപ്പ്, മില്‍മ, ക്ഷീരവികസന വകുപ്പ്, കെ.എല്‍.ഡി ബോര്‍ഡ് എന്നിവയുടെ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതും വൈക്കോല്‍, കാലിത്തീറ്റ എന്നിവയുടെ വില വര്‍ധനയും കര്‍ഷകരെ സാരമായി ഇതിനകം ബാധിച്ചിട്ടുണ്ട്. 50 കിലോ തൂക്കമുള്ള ഒരു ചാക്ക് പെല്ലറ്റ് 930 രൂപക്ക് ലഭിച്ചിരുന്നെങ്കില്‍ ഇന്ന് 1100 രൂപയായി. 50 കിലോയുള്ള ചാക്ക് പരുത്തിപിണ്ണാക്കിന് 1200ല്‍ നിന്ന് 1400 രൂപയായി വര്‍ധിച്ചു. കച്ചി, തീറ്റപ്പുല്‍ എന്നിവയ്ക്ക് ഭീമമായ വില കൊടുത്താണു കര്‍ഷകര്‍ വാങ്ങുന്നത്. വിവിധ പദ്ധതി പ്രകാരം കാലിവളര്‍ത്തല്‍ ആരംഭിച്ച വ്യക്തികളും ഗ്രൂപ്പുകളും കാലിവളര്‍ത്തല്‍ ഉപേക്ഷിക്കുകയാണിപ്പോള്‍. ഒരു ലിറ്റര്‍ പാലിന് 44 രൂപ വില്‍പന വിലയുള്ളപ്പോള്‍ കര്‍ഷകര്‍ക്കു ലഭിക്കുന്നത് വേനല്‍ക്കാല ഇന്‍സെന്റിവ് ഉള്‍പ്പെടെ 25 മുതല്‍ 30 രൂപ വരെയാണ്. കേരളത്തിലെ ഒരു പശുവില്‍ നിന്ന് ശരാശരി 10.21 ലിറ്റര്‍ പാല്‍ ലഭിക്കുമെന്നാണ് കണക്ക്. അതേസമയം 66 ശതമാനമായിരുന്ന പാലുല്‍പാദനം രണ്ടുവര്‍ഷംകൊണ്ട് 88 ശതമാനമായി വര്‍ധിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. വേനല്‍ക്കാലമായതോടെ 10 ലിറ്റര്‍ പാല്‍ തരുന്ന പശുവില്‍നിന്ന് 6 ലിറ്റര്‍ പാലാണ് ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. എന്നാലും റീഡിങ്ങിന്റെയും ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് മില്‍മ ചാര്‍ട്ട് പ്രകാരമുള്ള വില കര്‍ഷകര്‍ക്കു നല്‍കുന്നത്. 30 രൂപയ്ക്കു വരെ കര്‍ഷകര്‍ സംഘത്തില്‍ പാല്‍ അളക്കുമ്പോള്‍ കടകളില്‍ 44 രൂപയ്ക്കു വരെ പാല്‍ വില്‍ക്കുന്നവരുമുണ്ട്. മുന്‍കാലങ്ങളില്‍ ക്ഷീരവികസന വകുപ്പില്‍നിന്ന് തൊഴുത്ത് അറ്റകുറ്റപ്പണി, കറവയന്ത്രം, റബര്‍മാറ്റ്, പ്രഷര്‍ വാഷര്‍, തൊഴുത്ത് നിര്‍മാണം, ഡെയറി യൂനിറ്റ്, പുല്‍കൃഷി എന്നിവയ്ക്ക് ധനസഹായവും മില്‍മ മേഖലാ യൂനിയന്റെ കീഴില്‍ വിവിധ ക്ഷീരസംഘങ്ങളില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്കു തൊഴുത്തിനുള്ള ആനുകൂല്യവും മറ്റും ലഭിച്ചിരുന്നു. എന്നാല്‍ രണ്ടു വര്‍ഷമായി ഇത്തരം ആനുകൂല്യങ്ങളാന്നും അര്‍ഹതയുള്ളവര്‍ക്ക് വിതരണം ചെയ്തിട്ടില്ലെന്നും കര്‍ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."