തൊഴിലാളികള്‍ ഉപേക്ഷിച്ച മത്സ്യബന്ധന കേന്ദ്രം കുട്ടികളുടെ പാര്‍ക്ക് ആക്കാനുള്ള ശ്രമം തുടങ്ങി
തൃക്കരിപ്പൂര്‍: നിര്‍മാണത്തിലെ അപാകതയെ തുടര്‍ന്ന് തൊഴിലാളികള്‍ ഉപേക്ഷിച്ച പടന്ന തെക്കേകാട് ബണ്ട് പരിസരത്തെ മത്സ്യബന്ധന കേന്ദ്രം കുട്ടികളുടെ പാര്‍ക്കാക്കി മാറ്റുന്നു. മത്സ്യവിപണനത്തിന് പ്രദേശം അനുയോജ്യമല്ലാത്തതിനെ തുടര്‍ന്നാണ് ഈ കേന്ദ്രത്തെ തൊഴിലാളികള്‍ കൈയൊഴിഞ്ഞത്.
ഒന്നര പതിറ്റാണ്ട് മുന്‍പ് ഒരു നാടിന്റെയാകെ വികസന പ്രതീക്ഷകളുമായി പ്രവര്‍ത്തനം ആരംഭിച്ച മത്സ്യബന്ധന കേന്ദ്രമാണ് പൊട്ടിപ്പൊളിഞ്ഞ് കാടുമൂടി കിടക്കുന്നത്. കവ്വായി കായലില്‍നിന്ന് ബന്ധനം നടത്തുന്ന തൊഴിലാളികള്‍ക്ക് വിപണനത്തിനും സംസ്‌കരണത്തിനും വേണ്ടി ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗമാണ് പത്തു ലക്ഷത്തോളം രൂപ ചെലവഴിച്ച് മത്സ്യബന്ധന കേന്ദ്രം നിര്‍മിച്ചത്.
മത്സ്യം വാങ്ങാന്‍ ഉപഭോക്താക്കള്‍ എത്താതായതോടെ തൊഴിലാളികള്‍ ഈ കേന്ദ്രത്തെ കൈയൊഴിഞ്ഞു. റോഡുവക്കില്‍ നിന്ന് അകലെ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് എത്തിച്ചേരാനുള്ള പ്രയാസമായിരുരന്നു ഉപഭോക്താക്കളെ അകറ്റിയത്. കൂടാതെ കായല്‍ മുറിച്ചു പണിത തെക്കേകാട് ബണ്ട് ഓരി ഭാഗത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യവുമായി കേന്ദ്രത്തിലെത്തുന്നതിനും തടസമായി. അറ്റകുറ്റപ്പണികള്‍ നടത്താതെ കാടുമുടിയ പ്രദേശം നിലവില്‍ സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. പ്രദേശവാസികളുടെ പരാതി ഏറിയതോടെയാണ് കുട്ടികളുടെ പാര്‍ക്ക് എന്ന ആശയവുമായി പഞ്ചായത്ത് രംഗത്തെത്തിയത്.
പ്രദേശം മോടി പിടിപ്പിക്കുന്നതോടെ കവ്വായി കായലിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്ന വിനോദസഞ്ചാരികളെ ഇവിടേക്ക് അകര്‍ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. തീരദേശ പരിപാലന ചട്ടം നിലനില്‍ക്കുന്നതിനാല്‍ പുതിയ കെട്ടിട നിര്‍മാണം സാധ്യമല്ല. നിലവിലെ കെട്ടിടം നവീകരിച്ച് ഭംഗി കൂട്ടാനാണ് പഞ്ചായത്തിന്റെ ലക്ഷ്യം. ഇതിനായി പഞ്ചായത്ത് ഫണ്ടില്‍ നിന്ന് അഞ്ചു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് പി.സി ഫൗസിയക്കും മറ്റു പഞ്ചായത്തംഗങ്ങള്‍ക്കുമൊപ്പം കേന്ദ്രം സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ബന്ധപ്പെട്ടോ മറ്റോ പദ്ധതിക്ക് ശ്രമിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."