'പ്രതീക്ഷകളിലേക്ക് ഒപ്പരം, കുതിക്കാം...'
ഒരാണ്ടിന് കൂടി അവസാനമായി. പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി പുതുവത്സരത്തിലേക്ക്. ഇന്നലെകളില്‍ പൊഴിഞ്ഞുവീണ സ്വപ്നങ്ങള്‍ വീണ്ടും തളിര്‍ക്കണം. പ്രതീക്ഷകള്‍ പൂവണിയണം. കൂട്ടായ്മയിലൂടെ നേടിയെടുത്തവയെല്ലാം നിലനിര്‍ത്തണം. വിത്തെറിഞ്ഞതെല്ലാം വളര്‍ന്ന് പന്തലിക്കണം. 2019ന്റെ കലണ്ടര്‍ ചുരുള്‍ നിവര്‍ത്തുമ്പോള്‍ സപ്തഭാഷാ സംഗമഭൂമി കൊതിക്കുന്നത് വികസനം, സംസ്‌കാരം, സാഹിത്യം, ആരോഗ്യം, വിദ്യാഭ്യാസം, കായികം, വിനോദ സഞ്ചാരം, കാര്‍ഷികം തുടങ്ങി സകലമേഖലകളിലുമുള്ള കുതിച്ചുചാട്ടമാണ്. കാസര്‍കോട് മെഡിക്കല്‍ കോളജും പെരിയ എയര്‍സ്ട്രിപ്പും കാസര്‍കോടിന്റെ വലിയ സ്വപ്നങ്ങളാണ്. അണയാതെ കിടക്കുന്നുണ്ട് കേന്ദ്ര സര്‍വകലാശാല മെഡിക്കല്‍ കോളജെന്ന സ്വപ്നം. ചെറുകിട ജല പദ്ധതികളും കുടിവെള്ള പദ്ധതികളും ഇനിയും നടപ്പാക്കേണ്ടിയിരിക്കുന്നു. രാജപാതയായി കെ.എസ്.ടി.പി റോഡ് മിനുങ്ങിക്കഴിഞ്ഞു. ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും മൂന്നു നഗരസഭകളും മറ്റു തദ്ദേശ സ്ഥാപനങ്ങളും മികവുള്ള കാസര്‍കോടിനായി തയാറാക്കിയിരിക്കുന്നത് നിരവധി പദ്ധതികള്‍. അടുത്ത വര്‍ഷം സംസ്ഥാന കലോത്സവം ഇങ്ങെത്തുമ്പോള്‍ അതിനായും ഒരുങ്ങാനുണ്ട്. 2019ലേക്ക് ജില്ല പുതിയ ചുവടു വയ്ക്കുമ്പോള്‍ പ്രതീക്ഷകള്‍ക്കും സ്പ്നങ്ങള്‍ക്കുമൊപ്പം ഉത്തരവാദിത്തവും വര്‍ധിക്കുകയാണ്. കരുതലോടെ, കരുത്തോടെ, പുതിയ കാലത്തേക്കാണ്, നമുക്ക് കുതിക്കേണ്ടത്.
ഒപ്പരം
'ഒപ്പരമിരിക്കാം വൈകുവോളം' നേരത്തെയുറങ്ങുന്ന കാസര്‍കോടിന്റെ രാത്രികളെയും സാംസ്‌കാരിക പരിസരവും തിരിച്ചുപിടിക്കുന്നതിനായി ജില്ലാ ഭരണകൂടം തയാറാക്കിയതാണ് 'ഒപ്പരം' പദ്ധതി. കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ രാത്രി കാസര്‍കോട് സന്ധ്യാരാഗത്തില്‍ തുടങ്ങിയ കലാപരിപാടികളും ഭക്ഷ്യമേളയും പുലരും വരേ നടന്നു. ഒപ്പരം നഗരത്തെ ഉണര്‍ത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മറ്റു നഗരങ്ങളില്‍ ഉള്ളതു പോലെ രാത്രി കുറച്ചേറെ വൈകുംവരെ വ്യാപാരസ്ഥാപനങ്ങള്‍ തുറന്നിടാന്‍ വ്യാപാരി സമൂഹം സന്നദ്ധ അറിയിച്ചിട്ടുണ്ട്. പൊലിസ് സുരക്ഷയും വൈകുവോളം ബസടക്കമുള്ള യാത്രാസൗകര്യവും നഗരത്തില്‍ ഒരുങ്ങിയാല്‍ കാസര്‍കോടിന്റെ സാംസ്‌കാരിക പരിസരം പഴയ പ്രൗഢിയിലേക്ക് മടങ്ങിവരും.
സ്‌മൈല്‍
വിനോദസഞ്ചാര മേഖലയില്‍ പുതിയ പ്രതീക്ഷയാണ് സ്‌മൈല്‍ (സ്മാള്‍ ആന്‍ഡ് മീഡിയം ഇന്‍ഡസ്ട്രീസ് ലെവറേജിങ് എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം). വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ബേക്കല്‍ റിസോര്‍ട്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്. ഇടത്തരം സംരഭങ്ങളെ വിന്യസിപ്പിച്ചുകൊണ്ടുള്ള പദ്ധതിയാണ് സ്‌മൈല്‍. ജില്ലയില്‍ 27 സ്‌മൈല്‍ പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിനോദസഞ്ചാര മേഖലയില്‍ കഴിഞ്ഞ വര്‍ഷം വിനോദസഞ്ചാരികള്‍ കൂടിയത് വരും വര്‍ഷത്തേക്ക് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെയാകെ കൂട്ടിയിണക്കി വലിയ വിനോദസഞ്ചാര കുതിപ്പാണ് പ്രതീക്ഷിക്കുന്നത്.
ജലജീവനം
ജില്ല നേരിടുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി കാസര്‍കോട് ജില്ലാ പഞ്ചായത്ത് തയാറാക്കിയ പദ്ധതിയാണ് ജലജീവനം. ജല അറകളായ തുരങ്കങ്ങളുടെ സംരക്ഷണം, തടയണകളുടെയും ചെക്ക് ഡാമുകളുടെയും സംരക്ഷണവും നിര്‍മാണവും, പുഴകളിലെ ജലസംരക്ഷണം എന്നിവ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ജലജീവനം പദ്ധതിയിലൂടെ ജില്ലയാകെ കുടിവെള്ളത്തിന്റെ ക്ഷാമം ഇല്ലാതാക്കുകയെന്നതാണ് ഉദ്ദേശിക്കുന്നത്. വരും വര്‍ഷങ്ങളിലേക്കുള്ള ശ്രദ്ധേയമായ ചുവടുവയ്പ്പാണ് ജലജീവനം. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിനൊപ്പം ബ്ലോക്ക്, ഗ്രാമ പഞ്ചായത്തകളുടെ ഫണ്ട് കൂടി ഉള്‍പ്പെടുത്തിയാണ് ജലജീവനം പദ്ധതിയിലെ പ്രവൃത്തികള്‍ നടപ്പാക്കുക.
കുതിപ്പ്
ജില്ലാ പഞ്ചായത്തിന്റെ തന്നെ പുതുവര്‍ഷത്തിലേക്കുള്ള ശ്രദ്ധേയമായ പദ്ധതിയാണ് കുതിപ്പ്. അഞ്ചു മുതല്‍ എട്ടുവരേ ക്ലാസുകളില്‍ പടിക്കുന്ന കായികാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി ഭാവിയുടെ താരങ്ങളാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ഉപജില്ലാതല സെലക്ഷന്‍ ക്യാംപുകള്‍ നടത്തി വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തുകഴിഞ്ഞു. ഒന്നാംഘട്ട റസിഡന്‍ഷ്യല്‍ പരിശീലനവും നടന്നു. ജില്ലയുടെ കായികമേഖലയുടെ വരള്‍ച്ചയ്ക്ക് പദ്ധതി മൂലം പരിഹാരമുണ്ടാവുമെന്ന് പ്രതീക്ഷിക്കാം. കായികമേഖലയുടെ പുത്തന്‍ കുതിപ്പ് ഈ പദ്ധതിയിലൂടെ പുതുവര്‍ഷത്തില്‍ പ്രതീക്ഷിക്കാം.
പറക്കാന്‍ മോഹം
വലിയ പ്രതീക്ഷയാണ് പെരിയ എയര്‍സ്ട്രിപ്പ് പദ്ധതി നല്‍കുന്നത്. പദ്ധതിയ്ക്ക് പെരിയ അനുകൂലമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതി കണ്ടെത്തി കഴിഞ്ഞു. വിവിധ കമ്പനികള്‍ പദ്ധതിയ്ക്ക് അനുകൂലമായിട്ടുണ്ട്. സര്‍ക്കാര്‍ പച്ചക്കൊടി വീശിയാല്‍ സമീപഭാവിയില്‍ കാസര്‍കോടും പറന്നുയരും. പെരിയയില്‍ 80 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്. 80 പേര്‍ക്ക് സഞ്ചരിക്കാവുന്ന ചെറുവിമാനങ്ങള്‍ സര്‍വിസ് നടത്തുന്ന പദ്ധതിയാണ് പെരിയ എയര്‍സ്ട്രിപ്പ് പദ്ധതി.
രാജപാത
കാഞ്ഞങ്ങാട് മുതല്‍ കാസര്‍കോട് ചന്ദ്രഗിരി ജങ്ഷന്‍ വരെയുള്ള കെ.എസ്.ടി.പി പാത 2019 ആദ്യം തന്നെ ഉദ്ഘാടനം ചെയ്യപ്പെടും. കാസര്‍കോട്-കാഞ്ഞങ്ങാട് മേഖലകളിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകും ഈ രാജപാത. അത്യാധുനീക രീതിയില്‍ പണിത കെ.എസ്.ടി.പി റോഡ് ലോകബാങ്ക് ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഗതാഗത തടസമില്ലാത്ത സുഗമമായ യാത്രയാണ് പുതുവത്സരത്തില്‍ കെ.എസ്.ടി.പി റോഡില്‍ സാധ്യമാകുന്നത്. കോട്ടച്ചേരി മേല്‍പ്പാലം പണി കൂടി പൂര്‍ത്തിയായാല്‍ കാഞ്ഞങ്ങാട് നഗരത്തിന്റെ മുഖഛായ തന്നെ മാറും.
കലയുത്സവം
ലോകത്തെ ഏറ്റവും വലിയ കലാ മാമാങ്കമായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആതിഥേയരാവേണ്ടവര്‍ നമ്മളാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം കലയുത്സവം ജില്ലയിലെത്തുമ്പോള്‍ ഭാരിച്ച ഉത്തരവാദിത്തമാണ് കാത്തിരിക്കുന്നത്. സംസ്ഥാനത്തെ കൗമാര കാലപ്രതിഭകള്‍ക്കും രക്ഷിതാക്കള്‍ക്കും കലോത്സവത്തിനെത്തുന്ന എല്ലാവര്‍ക്കും അസൗകര്യമില്ലാതെ നോക്കേണ്ടത് കടമയാണ്. ഒരുക്കങ്ങള്‍ പുതുവത്സരത്തിന്റെ തുടക്കം മുതല്‍ ആരംഭിച്ചാല്‍ പ്രതീക്ഷകള്‍ക്കുമപ്പുറമുള്ള വിജയമായി മേളയെ മാറ്റാനാവും.
മെഡിക്കല്‍ കോളജില്‍ ശുഭപ്രതീക്ഷ
ബദിയഡുക്ക ഉക്കിനടുക്കയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളജ് നിര്‍മാണത്തിന്റെ മെല്ലെപോക്ക് അശുഭസൂചനയായിരുന്നു. നിലവില്‍ അക്കാദമിക്ക് ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. മിനുക്കുപണികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. കഴിഞ്ഞമാസം ആശുപത്രി ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചതോടെ മെഡിക്കല്‍ കോളജിന്റെ കാര്യത്തില്‍ ശുഭപ്രതീക്ഷ കൈവന്നിരിക്കുകയാണ്. മംഗളൂരുവിലെയും മറ്റു ചിലയിടങ്ങളിലെയും ആശുപത്രികളുടെ കൊള്ളയ്ക്ക് പരിഹാരമാവുന്നതിനൊപ്പം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും കൈത്താങ്ങാവുന്നതാണ് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാകുന്നതിലൂടെ സാധ്യമാവുക. കേന്ദ്ര സര്‍വകലാശാല സ്ഥാപിക്കുമ്പോള്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കുന്നതിന് ഒറ്റക്കെട്ടായ പ്രവര്‍ത്തനം ഈ വര്‍ഷത്തില്‍ അനിവാര്യമാണ്.
കണ്ണീരുണങ്ങണം
കാസര്‍കോടിന്റെ കണ്ണീരാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍. ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ മൂന്നു ലക്ഷം വരെയുള്ള വായ്പകള്‍ എഴുതി തള്ളാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ പൂര്‍ണ അര്‍ഥത്തില്‍ നടപ്പായിട്ടില്ല. ഇതിനൊപ്പം ഇരകളുടെ ചികിത്സയ്ക്കുള്ള സൗകര്യം ഉറപ്പാക്കണം, യഥാര്‍ഥ ദുരിതബാധിതര്‍ക്കെല്ലാം സഹായമെത്തണം എന്നിവ വരും വര്‍ഷത്തില്‍ ഇരകളുടെയും ബന്ധുക്കളുടെയും പ്രതീക്ഷകളാണ്. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള എന്‍ഡോസള്‍ഫാന്‍ നശിപ്പിക്കാനുള്ള നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു.
കേരഗ്രാമങ്ങള്‍
ജില്ലയില്‍ വലിയപറമ്പ് ഗ്രാമ പഞ്ചായത്ത് അടക്കമുള്ള ഏതാനും പഞ്ചായത്തുകള്‍ കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നാളികേര കൃഷിയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാക്കാനുള്ള കൃഷിവകുപ്പിന്റെ പദ്ധതി കുടുതല്‍ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുമെന്നാണ് സൂചന.
സ്വപ്നങ്ങളിലേക്ക് ഒരു മേല്‍പാലം
സംസ്ഥാനത്തെ ദേശീയപാതയില്‍ തടസമായി നിന്ന പള്ളിക്കര ഗേറ്റിന് കുറുകെ മേല്‍പാലം പണി ആരംഭിച്ചിരിക്കുന്നു. പുതിയ വര്‍ഷത്തില്‍ മേല്‍പാലത്തിന്റെ പണി ദ്രുതഗതിയില്‍ നടക്കുമെന്നാണ് ഇപ്പോഴത്തെ നിര്‍മാണ പ്രവൃത്തി നല്‍കുന്ന സൂചനകള്‍. ആശുപത്രികളിലേക്കും മറ്റുമടക്കം പോകുന്ന ആംബുലന്‍സുകളടക്കം മണിക്കൂറുകള്‍ കുരുങ്ങിക്കിടന്ന റെയില്‍വേ ഗേറ്റിന് മുകളില്‍ മേല്‍പാലം പുതിയകാലത്തിന്റെ വലിയ പ്രതീക്ഷകളിലൊന്നാണ്.
കണ്ണുപതിയേണ്ട മേഖലകള്‍
കാസര്‍കോട് പുലിമുട്ടിന്റെയും ഹാര്‍ബറിന്റെയും പണി പൂര്‍ത്തീകരിച്ചാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമാകും. പണി ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാന്‍ വരും വര്‍ഷത്തില്‍ ജനപ്രതിനിധികളുടെ ശക്തമായ ഇടപെടല്‍ അനിവാര്യമാണ്.
വലിയ സാധ്യതകളുള്ള മത്സ്യത്തൊഴിലാളി മേഖലയില്‍ ശ്രദ്ധ അനിവാര്യമാണ്. ജലഗതാഗതം, ദേശീയജലപാതയ്ക്ക് വേണ്ടിയുള്ള മുന്നൊരുക്കം, ദേശീയപാത വികസനം, ഗെയില്‍ പൈപ്പ് ലൈന്‍ സാധ്യമാക്കല്‍ തുടങ്ങിയ പദ്ധതികളെല്ലാം നടപ്പാക്കുമ്പോള്‍ ജനപക്ഷ വികസനം സാധ്യമാക്കുന്നതിനാവണം ഭരണഘടനാ സ്ഥാപനങ്ങളുടെ ശ്രമം ഉണ്ടാകേണ്ടത്. തീരദേശത്തെ കടലാക്രമണം എല്ലാക്കാലവും തീരദേശജനതയ്ക്ക് വലിയ വെല്ലുവിളിയാണ്. ഇവയ്ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിന് ശ്രമം വേണം.
വിദ്യാഭ്യാസ രംഗത്ത് തുടരുന്ന പദ്ധതികള്‍ കുടുതല്‍ ജാഗ്രതയോടെ കൊണ്ടുപോകേണ്ടതുണ്ട്. ശുദ്ധജലത്തിന്റെ ക്ഷാമം കാര്‍ഷിക മേഖലയ്ക്ക് വലിയ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. കീടങ്ങളുടെ ആക്രമണം വലിയ പ്രശ്‌നമായിട്ടുണ്ട്. ജില്ലയിലെ കാര്‍ഷികമേഖലയിലെ സ്ഥാപനങ്ങളെ ഇപ്പോഴും വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താനായിട്ടില്ല. ജനറല്‍ ആശുപത്രിയുടെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെയും നവീകരണത്തോടൊപ്പം ജില്ലയിലെ ആതുരാലയങ്ങളുടെ സമഗ്ര വികസനത്തിനും താഴെത്തട്ടിലുള്ളവര്‍ക്കടക്കം ചികിത്സയെത്തിക്കുന്നതിനും തദ്ദേശഭരണ സ്ഥാപനങ്ങള്‍ തയാറാകേണ്ടതുണ്ട്.
ഏറെ ദീര്‍ഘദൂര യാത്രക്കാരുള്ള കാസര്‍കോട് ജില്ലയില്‍ രാജധാനിയടക്കമുളള ട്രെയിനുകള്‍ക്കടക്കം സ്റ്റോപ്പില്ലാത്തത് പ്രധാന കാര്യമാണ്. ഈ ഒരു കാര്യത്തിനായും പോരാട്ടം നിര്‍ത്താതെ മുന്നോട്ട് കൊണ്ടുപോകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."