വക്കം മൗലവിയെ കുറിച്ചുള്ള പുസ്തകത്തില്‍നിന്ന് മുജാഹിദ് നേതാവ് ചരിത്രഭാഗം വെട്ടിമാറ്റി
കോഴിക്കോട്: സ്വദേശാഭിമാനി പത്രത്തിന്റെ ഉടമയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയെ കുറിച്ച് മുജാഹിദ് നേതാവ് എഴുതിയ ജീവചരിത്രത്തില്‍നിന്ന് പ്രധാന ചരിത്രഭാഗം വെട്ടിമാറ്റി. മുജീബു റഹ്മാന്‍ കിനാലൂര്‍ എഴുതിയ 'പൗരോഹിത്യം വേണ്ട, വക്കം അബ്ദുല്‍ ഖാദര്‍ മൗലവി' എന്ന പുസ്തകത്തില്‍ നിന്ന് മൗലവി വെള്ളം ജപിച്ചു നല്‍കിയെന്ന ഭാഗമാണ് വെട്ടിമാറ്റിയത്. വക്കം മൗലവിയെ കുറിച്ച് അന്‍പതുകളില്‍ കെ.എം സീതി സാഹിബ് എഴുതിയ ലേഖനം പുസ്തകത്തില്‍ അവസാനത്തെ അനുബന്ധത്തില്‍ ചേര്‍ത്തിട്ടുണ്ട്. 'വിഷമേറ്റാല്‍ അത് ഇറക്കാന്‍ മൗലവി സാഹിബിനെ കൊണ്ട് വെള്ളം ജപിപ്പിച്ച് കൊണ്ടുപോകുക എന്നുള്ളത് സ്ഥലത്തെ ഹിന്ദുക്കളുടെ സാധാരണ പതിവായിരുന്നു' എന്ന് മൂലകൃതിയിലുണ്ട്. ഇതില്‍ 'വെള്ളം ജപിപ്പിച്ച് കൊണ്ടുപോകുക' എന്ന ഭാഗം ഒഴിവാക്കിയാണ് മുജാഹിദ് നേതാവ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഖുര്‍ആന്‍ വചനങ്ങള്‍ ഉരുവിട്ട് വെള്ളത്തില്‍ ഊതിയുള്ള ചികിത്സ വക്കം മൗലവി നടത്തിയിരുന്നുവെന്നും ഹിന്ദുസമുദായത്തിലെ ആളുകള്‍ പോലും വന്നിരുന്നുവെന്നുമുള്ള സീതി സാഹിബിന്റെ ലേഖനത്തിലെ പ്രധാനഭാഗമാണ് മുജീബ് റഹ്മാന്‍ സൗകര്യപൂര്‍വം ഒഴിവാക്കിയത്. വെള്ളം ജപിച്ചു കൊണ്ടുപോകുക എന്നത് തങ്ങളുടെ ആശയത്തിന് എതിരായതിനാല്‍ അത് പുനഃപ്രസിദ്ധീകരിച്ചപ്പോള്‍ ഒഴിവാക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നാണ് മുജീബു റഹ്മാന്‍ സുപ്രഭാതത്തോട് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."