620 കിലോമീറ്ററില്‍ വനിതാമതില്‍ ഉയര്‍ന്നു
നവോത്ഥാന സംരക്ഷണത്തിന് എന്ന മുദ്രാവാക്യമുയര്‍ത്തി സര്‍ക്കാര്‍ പിന്തുണയോടെ വനിതാ മതില് ഉയർന്നു. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമയ്ക്കടുത്തുവരെ 620 കിലോമീറ്റര്‍ നീളത്തിലാണ് വൈകീട്ട് നാലോടെ മതില് ഉയർന്നത്. നാലിന് നവോത്ഥാന പ്രതിജ്ഞയോടെ ആരംഭിച്ച വനിതാ മതില് 4.15 ന് അവസാനിച്ചു.
മതിലിന് അഭിമുഖമായി വനിതാ മതിലിന് ഐക്യദാര്‍ഢ്യവുമായി പുരുഷന്മാരും അണിനിരന്നിരുന്നു.വനിതാമതില്‍ അവസാനിക്കുന്ന വെള്ളയമ്പലത്ത് പിന്തുണയുമായി പിണറായി വിജയനും വിഎസും എത്തി.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ സ്ത്രീകളെ തെരുവിലിറക്കിയതിനു പകരമായാണ് സര്‍ക്കാര്‍ ഇടതു സംഘടനകളുടെ സഹായത്തോടെ വനിതാ മതില് കെട്ടിപ്പൊക്കുന്നത്.
വെള്ളയമ്പലത്ത് പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട്, ആനി രാജ എന്നിവര്‍ പങ്കെടുത്തപ്പോള്‍ കാസര്‍കോട്ട് മതിലിന്റെ തുടക്കത്തില്‍ മന്ത്രി കെ.കെ. ശൈലജയാണ് ഉണ്ടായത്.
18 വയസിനു താഴേയുള്ള കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും മതിലില്‍ കുട്ടികളെയും അണിനിരത്തി. എം.ജി, കാലിക്കറ്റ്, സാങ്കേതിക, ആരോഗ്യ സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവച്ചാണ് കുട്ടികളെ മതിലിന്റെ ഭാഗമാക്കുന്നത്. ഇന്നലെയും ഇന്നുമായി രണ്ടുദിവസത്തെ അവധിയാണ് തത്വത്തില്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. ഇന്നലെ സംസ്ഥാനത്തെ മുഴുവന്‍ ഓഫിസുകളിലെയും വനിതാ ജീവനക്കാരെ ഇറക്കി തെരുവില്‍ വിളംബര ജാഥ നടത്തി. രാവിലെ ഓഫിസുകളിലെത്തിയ ജീവനക്കാര്‍ ഹാജര്‍ രേഖപ്പെടുത്തിയശേഷം കൊടിതോരണങ്ങളുമായി തെരുവില്‍ വിളംബര ജാഥ നടത്താന്‍ ഇറങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."