നേതാവേ... ഇങ്ങനെ പാര്‍ട്ടി വളര്‍ത്തരുത് !
അഞ്ചല്‍ (കൊല്ലം): കിടപ്പുരോഗികളുടെ സമൂഹ്യ സുരക്ഷാ പെന്‍ഷനില്‍ കൈയിട്ടുവാരി സി.പി.ഐ. വനം മന്ത്രി കെ. രാജുവിന്റെ നിയോജക മണ്ഡലത്തിലെ അഞ്ചലിലാണ് പഞ്ചായത്തംഗമായ പാര്‍ട്ടി നേതാവ് 25ഓളം കിടപ്പുരോഗികളില്‍നിന്ന് നിര്‍ബന്ധിത പണപ്പിരിവ് നടത്തിയതായി പരാതി ഉയര്‍ന്നത്. രണ്ടുമാസത്തെ പെന്‍ഷന്‍ തുകയായ 2400 രൂപയില്‍നിന്ന് 100 രൂപ വീതം പിരിക്കുകയായിരുന്നു.
അഞ്ചല്‍ പഞ്ചായത്തിലെ പത്താം വാര്‍ഡിലെ കിടപ്പുരോഗികളില്‍നിന്ന് പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിലേക്കെന്നു പറഞ്ഞാണ് പണപ്പിരിവ് നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
പക്ഷാഘാതം വന്ന് ഏഴുവര്‍ഷമായി കിടപ്പിലായ അഞ്ചല്‍ സ്വദേശിനി വനജയുടെ പെന്‍ഷന്‍ തുകയില്‍നിന്ന് 100 രൂപ വാങ്ങിയതായി സഹോദരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സി.പി.ഐ പ്രവര്‍ത്തന ഫണ്ടിന്റെ രസീതും ഇവര്‍ക്ക് നല്‍കിയിരുന്നു. കിടപ്പുരോഗികള്‍ക്ക് വീടുകളില്‍ ക്ഷേമ പെന്‍ഷന്‍ എത്തിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ അഞ്ചല്‍ പഞ്ചായത്തിലെ പത്താം വാര്‍ഡിലെ കിടപ്പുരോഗികളോ, ബന്ധുക്കളോ അടുത്തുള്ള അങ്കണവാടിയിലെത്തി പണം കൈപ്പറ്റാനാണ് പഞ്ചായത്തംഗം നിര്‍ദേശിച്ചത്. ഇത്തരത്തില്‍ പണം വാങ്ങാന്‍ എത്തിയവര്‍ക്ക് പെന്‍ഷന്‍ തുകയില്‍നിന്ന് 100 രൂപ എടുത്തശേഷം ബാക്കി നല്‍കുകയായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയെങ്കിലും സി.പി.ഐ പ്രതിക്കൂട്ടിലായ അവസ്ഥയിലാണ്. കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ സി.പി.ഐ ശക്തികേന്ദ്രങ്ങളിലൊന്നാണ് അഞ്ചല്‍. പ്രവാസിയായിരുന്ന സുഗതന്‍ മുന്‍പ് വയല്‍ നികത്തി വര്‍ക്‌ഷോപ്പ് നിര്‍മിച്ചത് സി.പി.ഐ തടസപ്പെടുത്തിയതിനെ തുടര്‍ന്ന് അദ്ദേഹം ജീവനൊടുക്കിയത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
അതേസമയം, ആരോപണവിധേയനായ വാര്‍ഡ് അംഗത്തെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. പത്താംവാര്‍ഡ് മെംബര്‍ വര്‍ഗീസിനെയയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവം അന്വേഷിക്കാന്‍ പാര്‍ട്ടി മൂന്നംഗ സമിതിയെ നിയോഗിച്ചു. ഈ മാസം 15നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയോട് നിര്‍ദേശിച്ചിരിക്കുന്നത്. ആരോപണം പാര്‍ട്ടിയുടെ സല്‍പ്പേരിനെ ബാധിച്ചതായി സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് വിലയിരുത്തിയതിനെ തുടര്‍ന്നാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."