പൗരത്വ പ്രമേയത്തെ പുച്ഛിച്ച് ഗവര്‍ണര്‍, ഗവര്‍ണര്‍ക്കെതിരേ വാളെടുത്ത് കേരളം
തിരുവനന്തപുരം: സംസ്ഥാന ഗവര്‍ണറും സി.പി.എമ്മും തമ്മിലുള്ള പോര്‍വിളി പരിധി ലംഘിക്കുന്നു. ഇന്നലെ കോണ്‍ഗ്രസ് നേതാക്കളാണ് ഗവര്‍ണര്‍ക്കെതിരേ തിരിഞ്ഞതെങ്കില്‍ ഇന്ന് സി.പി.എമ്മും സി.പി.ഐയും രംഗത്തെത്തി. എന്നാല്‍ ഗവര്‍ണര്‍ ഇതിനെയെല്ലാം പുച്ഛിച്ചു തള്ളുകയാണ്.
കേരള നിയമസഭ പാസാക്കിയ പൗരത്വ നിയമത്തിനെതിരായ പ്രമേയത്തെ പരിഹസിക്കുകയായിരുന്നു ഇന്ന് കേരള ഗവര്‍ണര്‍ മുഹമ്മദ് ആരിഫ്ഖാന്‍.
ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എമ്മും സി.പി.ഐയും രംഗത്തെത്തി. ജര്‍മനി ഇംഗ്ലണ്ടിനെ ആക്രമിക്കണം എന്നാവശ്യപ്പെട്ടു കേരള നിയമസഭ പ്രമയേം പാസാക്കുമോയെന്ന് ഗവര്‍ണര്‍ പരിഹസിച്ചപ്പോള്‍ ഗവര്‍ണര്‍ സകല പരിധികളും ലംഘിക്കുകയാണെന്നും ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ലെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ മുന്നറിയിപ്പു നല്‍കി.
ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കാത്ത ജല്‍പ്പനങ്ങളാണ് സംസ്ഥാന ഗവര്‍ണര്‍ നടത്തുന്നത്. ഏത് നിയമത്തിന്റെ ലംഘനമാണ് നിയമസഭ നടത്തിയതെന്ന് ചൂണ്ടിക്കാണിക്കണം. ഏത് നിയമത്തിന്റെ പിന്‍ബലത്തിലാണ് അദ്ദേഹം നിയമസഭാ നടപടിയെ വിമര്‍ശിക്കുന്നതെന്നും വ്യക്തമാക്കണം. ഭരണഘടനയും നിയമസംഹിതകളും സുപ്രിംകോടതി വിധികളുമൊന്നും മനസിലാക്കാതെയുള്ള ഗവര്‍ണറുടെ 'സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍' കളി സകല സീമകളും അതിലംഘിച്ചിരിക്കുകയാണെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.
നിയമസഭ പാസാക്കിയ പ്രമേയം തള്ളിയെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നായിരുന്നു സി.പി.ഐയുടെ വിമര്‍ശനം. ഗവര്‍ണര്‍ ബി.ജെ.പിയുടെ മൈക്ക് ആയി മാറരുത്. രാജ്ഭവനെ ബിജെപി ഓഫീസാക്കി മാറ്റരുതെന്നും ഗവര്‍ണര്‍ പദവി ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തരുതെന്നും സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയ നിയമസഭയുടെ നടപടി പൊതുപണം പാഴാക്കലാണെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോട്ടയത്ത് തിരിച്ചടിച്ചത്.
പൗരത്വം യൂണിയന്‍ ലിസ്റ്റില്‍ പറയുന്ന കാര്യമാണ്. അതില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു കാര്യവുമില്ല. പിന്നെ എന്തിനാണ് അതിനു വേണ്ടി സമയം ചെലവഴിക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു.
ജനങ്ങളുടെ പണം പാഴാക്കലാണ് നിയമസഭയുടെ നടപടി. ജനക്ഷേമത്തിനു വേണ്ടി ചെലവഴിക്കേണ്ട പണമാണിത്. പ്രമേയം ചട്ടത്തിന് അനുസരിച്ചാണെന്ന് നിയമ മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോയെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍, നിയമ വിരുദ്ധം ആണെന്നു താന്‍ പറയുന്നില്ലെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. പ്രമേയം പാസാക്കുന്നത് നിയമസഭയുടെ അവകാശം ആയിരിക്കാം. കൈയില്‍ വരുന്ന പണം എറിഞ്ഞുകളയുന്നത് ഒരാളുടെ അവകാശമാണ്. അതുകൊണ്ടു വല്ല കാര്യവുമുണ്ടോയെന്ന് ഗവര്‍ണര്‍ ചോദിച്ചു.
അമേരിക്ക അഫ്ഗാനിസ്ഥാന്‍ ആക്രമിക്കണം എന്നു പറഞ്ഞ് നിയമസഭ പ്രമേയം പാസാക്കുമോ? ജര്‍മനി ഇംഗ്ലണ്ടിനെ ആക്രമിക്കണം എന്നു പറഞ്ഞു പ്രമേയം പാസാക്കുന്നതു പോലെയാണ് പൗരത്വ നിയമ ഭേദഗതിയില്‍ കേരള നിയമസഭയുടെ പ്രമേയമെന്ന് ഗവര്‍ണര്‍ പരിഹസിച്ചു.
പൗരത്വ നിയമ ഭേദഗതി കേരളത്തെ എങ്ങനെയാണ് ബാധിക്കുന്നത്? ആരെങ്കിലും പരാതി നല്‍കിയിട്ടുണ്ടോ? കേരളത്തിന് ഈ നിയമം കൊണ്ട് ഒരു പ്രശ്‌നവുമില്ലെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു.
വിവര ശേഖരണത്തില്‍ സര്‍ക്കാരിനോട് സഹകരിക്കരുതെന്ന് ചരിത്ര കോണ്‍ഗ്രസ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. വിവരങ്ങള്‍ കൈമാറരുതെന്നു പറഞ്ഞു. ഇത് കുറ്റകൃത്യമാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."