ഐ.എല്‍.പി: വരാനിരിക്കുന്ന അത്യാപത്ത്
പൗരത്വ നിയമ ഭേദഗതിക്കെതിരേ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ രൂക്ഷമായി തുടരുന്ന സമരത്തെ തണുപ്പിക്കാനെന്നവണ്ണം ആഭ്യന്തര മന്ത്രി അമിത് ഷാ പുറത്തെടുത്ത ഐ.എല്‍.പി (ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്) അത്യാപത്തായിത്തീരും. ചോദിക്കുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കെല്ലാം യാതൊരു ചിന്തയുമില്ലാതെ അമിത് ഷാ ഐ.എല്‍.പി നല്‍കുകയാണ്. ഏറ്റവുമവസാനമായി മണിപ്പൂരിനാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
ഇനി ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് മണിപ്പൂരിലേക്ക് കടക്കണമെങ്കില്‍ പ്രത്യേക അനുമതി സംസ്ഥാന സര്‍ക്കാരില്‍നിന്നും വാങ്ങണം. എന്തിന് വന്നു, എപ്പോള്‍ പോകും, എത്രകാലം മണിപ്പൂരില്‍ തങ്ങും തുടങ്ങി അന്യരാഷ്ട്രങ്ങളില്‍ വിസിറ്റിങ് വിസക്ക് അപേക്ഷിക്കുന്നത് പോലുള്ള നടപടിക്രമങ്ങളെല്ലാം ഇനി മണിപ്പൂരിലേക്ക് പോകണമെങ്കില്‍ പാലിക്കേണ്ടിവരും. ഇന്നര്‍ലൈന്‍ പെര്‍മിറ്റ് സമ്പാദിക്കുന്ന സംസ്ഥാനങ്ങളെയൊന്നും പൗരത്വ നിയമ ഭേദഗതി ബാധിക്കുകയില്ലെന്ന അറിയിപ്പിനെ തുടര്‍ന്നാണ് ഇതിനായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒരുങ്ങിയിരിക്കുന്നത്. മേഘാലയും ത്രിപുരയും അസമും ഇപ്പോള്‍ ഇതേ ആവശ്യം ഉന്നയിച്ചിരിക്കുകയാണ്.
ഗോത്രവര്‍ഗ ജനതയെ അധിനിവേശങ്ങളില്‍നിന്ന് സംരക്ഷിച്ച്‌നിര്‍ത്താനും അവരുടെ തനിമയും സംസ്‌കാരവും നിലനിര്‍ത്താനും എന്നപേരില്‍ ബ്രിട്ടിഷ് സര്‍ക്കാരാണ് 1873ല്‍ ഇത്തരമൊരു നിയമം ഇന്ത്യയില്‍ നടപ്പിലാക്കിയത്. ബംഗാള്‍ ഈസ്റ്റേണ്‍ ഫ്രോണ്ടിയര്‍ റെഗുലേഷന്‍ ആക്ട് എന്നപേരില്‍ നടപ്പാക്കിയ ഈ നിയമം ബ്രിട്ടിഷുകാര്‍ക്ക് ഗോത്രവര്‍ഗ ജനതയോടുള്ള സ്‌നേഹം കൊണ്ടായിരുന്നില്ല. മറ്റുള്ളവര്‍ ഇവിടെനിന്നും വിഭവങ്ങള്‍ കൊണ്ടുപോകുന്നത് തടയുവാനും അവ ബ്രിട്ടനിലേക്ക് കയറ്റി അയക്കാനുള്ള തന്ത്രമായിരുന്നു ഈ നിയമത്തിന്റെ പിന്നില്‍. അരുണാചല്‍പ്രദേശ്, നാഗാലാന്റ്, മിസോറാം എന്നിവിടങ്ങളിലാണ് ഈ നിയമം ആദ്യമായി നടപ്പാക്കിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ അസമില്‍ ശക്തിയോടെ സമരം ചെയ്യുന്നത് ബി.ജെ.പിയാണ് എന്നത് കേന്ദ്ര ബി.ജെ.പി നേതൃത്വത്തെയും നരേന്ദ്രമോദിയെയും അമിത്ഷായെയും അലോസരപ്പെടുത്തുന്നുണ്ട്.
പൗരത്വ നിയമ ഭേദഗതിയിലൂടെ പൗരത്വം ലഭിക്കുന്ന, ഇപ്പോള്‍ അസമില്‍ താമസിച്ചുവരുന്ന ഹിന്ദുക്കള്‍ അടക്കമുള്ള എല്ലാവര്‍ക്കും പൗരത്വം നല്‍കുന്നതിനെ അസം എതിര്‍ക്കുകയാണ്. അവരുടെ ഭൂമിയും തൊഴിലും പൗരത്വം ലഭിക്കുന്ന അഭയാര്‍ഥികള്‍ കവര്‍ന്നെടുക്കുമെന്ന ആശങ്കയാണ് അസം ബി.ജെ.പിയെ കേന്ദ്രസര്‍ക്കാരിനെതിരേ സമരം ചെയ്യാന്‍ നിര്‍ബന്ധിതമാക്കിയത്. അവരുടെ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പി അമിത് ഷാക്കെതിരേ മുദ്രാവാക്യം വിളിച്ചുകൊണ്ട് ഇപ്പോഴും സമരമുഖത്ത് സജീവമായി നില്‍ക്കുന്നുമുണ്ട്. പൗരത്വ നിയമ ഭേദഗതി മറികടക്കാന്‍ തങ്ങള്‍ക്കും ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് വേണമെന്നാണ് ഇപ്പോള്‍ അസം ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്നത്.
അപ്പപ്പോഴുള്ള രാഷ്ട്രീയ ലാഭത്തിന്‌വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത, അധികാരം നിലനിര്‍ത്താന്‍ എന്ത് നെറികേടിനും മടിക്കാത്ത ഭരണകൂടം രാജ്യത്തെ ഭാവിയില്‍ ഛിന്നഭിന്നമാക്കാന്‍ ഇടയുള്ള ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് അസമിനും മേഘാലയക്കും സിക്കിമിനും ത്രിപുരക്കും നല്‍കുകയാണെങ്കില്‍ അതില്‍ അത്ഭുതപ്പെടേണ്ടിവരില്ല. പൗരത്വ നിയമ ഭേദഗതിയില്‍നിന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഒഴിവാക്കാന്‍ അവര്‍ക്ക് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് നല്‍കുന്നതിലൂടെ ഭാരതത്തിന്റെ അഖണ്ഡതക്കാണ് അമിത്ഷാ കത്തിവയ്ക്കുന്നത്. ഈ പെര്‍മിറ്റ് ലഭിക്കുന്ന സംസ്ഥാനങ്ങളൊക്കെയും കൊച്ചു കൊച്ചു രാജ്യങ്ങളായി രൂപാന്തരപ്പെടും. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യന്‍ സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ കഴിയാതെവരുമ്പോള്‍ അവനെ സംബന്ധിച്ചേടത്തോളം അത് അന്യരാജ്യമായിത്തീരും.
വിഘടനവാദവും തീവ്രവാദവും കൊടുമ്പിരികൊണ്ടിരിക്കുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ലഭിക്കുന്നതോടെ അവര്‍ സ്വയംഭരണം ആവശ്യപ്പെട്ട്കൂടായ്കയില്ല. ഇന്ത്യയില്‍നിന്ന് വേര്‍പ്പെട്ട് പോകാന്‍ അവര്‍ ചിലപ്പോള്‍ പ്രക്ഷോഭവും നടത്തിയെന്നുവരാം. നേരത്തെതന്നെ പല വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെയും വിഘടന നേതാക്കള്‍ ഇന്ത്യക്കൊപ്പം തുടരുന്നതില്‍ താല്‍പര്യമില്ല എന്ന് പ്രഖ്യാപിച്ചിരുന്നു. അവരെ സഹായിക്കാന്‍ ചൈന തൊട്ടടുത്ത്തന്നെ നില്‍പ്പുണ്ട്താനും. ഇന്ത്യ വിഭജിക്കപ്പെടുക എന്നതായിരിക്കും ഇതിന്റെ അനന്തരഫലം.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുമായി കേരളം പോലുള്ള സംസ്ഥാനങ്ങള്‍ പലവിധത്തിലും ബന്ധപ്പെട്ട്കിടക്കുന്നു. അത്തരം സംസ്ഥാനങ്ങളില്‍നിന്ന് കല്യാണംകഴിച്ചു കേരളത്തിലേക്ക് കൊണ്ടുവന്ന യുവതികള്‍ കേരളത്തിലാണ് പ്രസവിക്കുന്നതെങ്കില്‍ ആ കുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ മാതൃസ്ഥാനമായ മണിപ്പൂര്‍ പോലുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ അന്യരാജ്യമായി മാറും. അമ്മയോടൊപ്പം മാതൃഭൂമിയില്‍ കഴിയണമെങ്കില്‍ പെര്‍മിറ്റ് എടുക്കേണ്ട ദുരവസ്ഥയായിരിക്കും ഈ കുട്ടികള്‍ക്കുണ്ടാവുക. നിശ്ചിതകാലം മാത്രമേ അവര്‍ക്ക് അമ്മക്കൊപ്പം ഇത്തരം സംസ്ഥാനങ്ങളില്‍ കഴിയാനാകൂ. വലുതായാല്‍ അവിടെ സ്ഥിരമായി താമസമാക്കുവാനോ ജോലിയെടുക്കുവാനോ ഇവര്‍ക്ക് കഴിയില്ല എന്നതാണ് ഈ നിയമത്തിന്റെ മറ്റൊരു ആഘാതം. മാത്രവുമല്ല മണ്ണിന്റെ മക്കള്‍ വാദം ഇന്ത്യയില്‍ ആദ്യം ഉയര്‍ത്തിയ ശിവസേനയും വെറുതെയിരിക്കുമെന്ന് തോന്നുന്നില്ല. മഹാരാഷ്ട്രക്കാരല്ലാത്തവര്‍ ഒഴിഞ്ഞുപോകണമെന്ന് അവരും ആവശ്യപ്പെട്ടേക്കാം.
അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതോടെ ലക്ഷകണക്കിന് വരുന്ന മുസ്‌ലിംകളല്ലാത്ത അഭയാര്‍ഥികളെ എവിടെ കുടിയിരുത്തുമെന്നതും ബി.ജെ.പിക്ക് ഇപ്പോള്‍ പ്രശ്‌നമാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളൊക്കെയും ഐ.എല്‍.പി വാതിലുപയോഗിച്ച് പ്രവേശനകവാടം കൊട്ടിയടക്കുമ്പോള്‍ പിന്നെയുള്ളത് ദക്ഷിണ സംസ്ഥാനങ്ങളാണ്. ഇവിടങ്ങളില്‍ ഇവരെ കുടിയിരുത്താനാണ് ബി.ജെ.പി സര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍ കര്‍ണാടക ബി.ജെ.പിയും ഭാവിയില്‍ കേന്ദ്ര ബി.ജെ.പിക്ക് ഭീഷണിയാകും. കേരളം പോലുള്ള ജനസാന്ദ്രത കൂടിയ സ്ഥലങ്ങളില്‍ അഭയാര്‍ഥികളെ വന്‍തോതില്‍ കുടിയിരുത്താന്‍ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ഭാവിയില്‍ അത് വലിയ പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."