നേതാക്കളുടെ ശീതസമരം പൊട്ടിത്തെറിയില്‍; ബി.ഡി.ജെ.എസ് പിളര്‍പ്പിലേക്ക്
ആലപ്പുഴ: ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരേ ജനറല്‍ സെക്രട്ടറി സുഭാഷ് വാസു പരസ്യമായി രംഗത്തെത്തിയതോടെ പാര്‍ട്ടി പിളരുമെന്ന് ഉറപ്പായി. എസ്.എന്‍.ഡി.പിയിലെ ആഭ്യന്തര പ്രശ്‌നങ്ങളും ബി.ഡി.ജെ.എസിലെ നേതാക്കള്‍ തമ്മിലുള്ള ശീതസമരവും ഒടുവില്‍ പൊട്ടിത്തെറിയിലെത്തിയിരിക്കുകയാണ്.
യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകനും ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരേ അതീവഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് സുഭാഷ് വാസു രംഗത്തെത്തിയതോടെ ബി.ഡി.ജെ.എസ് പിളരുമെന്ന കാര്യത്തില്‍ സംശയമില്ല. അതേ സമയം ബി.ജെ.പിയുടെയും സംഘ്പരിവാറിലെ ഒരു വിഭാഗം നേതാക്കളുടെയും ഉറച്ച പിന്തുണയോടെയാണ് സുഭാഷ് വാസു പാര്‍ട്ടിയില്‍ പടനയിക്കുന്നത്. സംഘ്പരിവാര്‍ പിന്തുണയോടെ മാസങ്ങളായി എസ്.എന്‍.ഡി.പിയില്‍ ശക്തമായ വിമത നീക്കങ്ങളാണ് സുഭാഷ് വാസുവും കൂട്ടരും നടത്തി വന്നിരുന്നത്. എസ്.എന്‍.ഡി.പി മാവേലിക്കര യൂനിയന്‍ അധ്യക്ഷനായിരുന്ന സുഭാഷ് വാസു വെള്ളാപ്പള്ളിക്കും തുഷാറിനും ശേഷം എസ്.എന്‍.ഡി.പിയിലെ സുപ്രധാന നേതാവായിരുന്നു.
വിമത നീക്കം ശക്തമാക്കിയതോടെയാണ് സുഭാഷ് വാസു അധ്യക്ഷനായ മാവേലിക്കര യൂനിറ്റ് അപകടം മണത്ത വെള്ളാപ്പള്ളി പിരിച്ചുവിട്ടത്. മൈക്രോഫിനാന്‍സ് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയായിരുന്നു. കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുഭാഷ് വാസു ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. മൈക്രോഫിനാന്‍സ് തട്ടിപ്പിനു പുറമേ വെള്ളാപ്പള്ളി നടേശന്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങിന്റെ പേരില്‍ 22 കോടിയുടെ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചാണ് എസ്.എന്‍.ഡി.പിയില്‍ നിന്ന് പുറത്താക്കിയത്. ചില രേഖകള്‍ മോഷ്ടിച്ചു എന്നാരോപിച്ച് വാസുവിനെതിരേ എസ്.എന്‍.ഡി.പി താലൂക്ക് അഡ്മിനിസ്‌ട്രേറ്റര്‍ പൊലിസില്‍ പരാതിയും നല്‍കിയിരുന്നു.
എസ്.എന്‍.ഡി.പി ക്ക് പിന്നാലെ ബി.ഡി.ജെ.എസില്‍ നിന്നും സുഭാഷ് വാസുവിനെ പുറത്താക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സുഭാഷ് വാസു പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും ശക്തമായ നടപടി വേണമെന്ന വികാരമാണ് ചേര്‍ത്തലയില്‍ ചേര്‍ന്ന ബി.ഡി.ജെ.എസ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നത്. ഇതിനു പിന്നാലെയാണ് ഗുരുതര ആരോപണങ്ങളുമായി സുഭാഷ് വാസു രംഗത്തു വന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."