ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും
വാഷിങ്ടണ്‍: വ്യവസായ പ്രമുഖനും ലോകത്തെ അതിസമ്പന്നരില്‍ പ്രധാനിയുമായ ഇലോണ്‍ മസ്‌കിന് അധികാരമേല്‍ക്കാനിരിക്കുന്ന യു.എസ് സര്‍ക്കാരില്‍ സുപ്രധാന ചുമതല നല്‍കി ഡൊണാള്‍ഡ് ട്രംപ്. യുഎസ് സര്‍ക്കാരില്‍ കാര്യക്ഷമതാ വകുപ്പിന്റെ((DOGE) ചുമതലയാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമിയും വകുപ്പിലുണ്ട്. ഇരുവരും ചേര്‍ന്നാണ് വകുപ്പിനെ മുന്നോട്ടുകൊണ്ടുപോകുക. 'DOGE' എന്നാണ് വകുപ്പിന്റെ ചുരുക്കപ്പേര്.
അധിക നിയന്ത്രണങ്ങള്‍ വെട്ടിക്കുറയ്ക്കുക, പാഴ് ചെലവുകള്‍ നിയന്ത്രിക്കുക, ഫെഡറല്‍ ഏജന്‍സികളെ പുനഃക്രമീകരിക്കുക എന്നിവ ഇവരുടെ ചുമതലകളില്‍ ഉള്‍പ്പെടുന്നു. നേരത്തെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിലേക്ക് വിവേക് രാമസ്വാമിയെ പരിഗണിച്ചിരുന്നെങ്കിലും പിന്നീട് ട്രംപിനായി വിവേക് വഴിമാറുകയായിരുന്നു.
സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനുമാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി അമേരിക്കയില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായ ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്ന് നേരത്തെ ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വ്യക്തമാക്കിയിരുന്നു.
.
53 കാരനായ മസ്‌കും 39 കാരനായ രാമസ്വാമിയും സര്‍ക്കാരിന് പുറത്ത് നിന്ന് വൈറ്റ് ഹൗസിന് ഉപദേശവും മാര്‍ഗനിര്‍ദേശവും നല്‍കുമെന്ന് ട്രംപ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ചെലവുകളുടെ മേല്‍നോട്ടം മസ്‌കിന് നല്‍കുമെന്ന് പ്രചാരണ വേളയില്‍ തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു.
അതേസമയം പുതിയ സംവിധാനത്തിലൂടെ അഴിമതി കാണിക്കുന്നവര്‍ മാത്രം പേടിച്ചാല്‍ മതിയെന്നും സുതാര്യതയ്ക്കായി 'ഡോജി'ന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈനില്‍ പോസ്റ്റുചെയ്യുമെന്നും ഇലോണ്‍ മസ്‌ക് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചയുടന്‍ തന്നെ മസ്‌കിനെ പുകഴ്ത്തി ട്രംപി രംഗത്തെത്തിയിരുന്നു. സവിശേഷ വ്യക്തിയെന്നാണ് മസ്‌ക്കിനെ ട്രംപ് വിശേഷിപ്പിച്ചത്. ഞങ്ങളിന്ന് ഒരുമിച്ചിരിക്കുകയാണ്. രണ്ടാഴ്ച അദ്ദേഹം ഫിലാഡല്‍ഫിയയില്‍ ചെലവഴിച്ചു. പെന്‍സില്‍വാനിയയുടെ മറ്റ് ഭാഗങ്ങളിലും അദ്ദേഹം പ്രചാരണത്തിനെത്തിയിരുന്നു.-ട്രംപ് പറഞ്ഞു.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായതു മുതല്‍ ട്രംപിന് മസ്‌കിന്റെ അചഞ്ചല പിന്തുണയുണ്ട്. പലരും ആരെയാണ് പിന്തുണക്കുന്നത് എന്ന് വ്യക്തമാക്കാതിരുന്നപ്പോള്‍, മസ്‌ക് ഇത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 100 മില്യണ്‍ ഡോളറാണ് മസ്‌ക് ട്രംപിന്റെ പ്രചാരണത്തിനായി ചെലവാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."