തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വില്ലനായി കോണ്‍ക്രീറ്റ് പാളികള്‍
തലശ്ശേരി: അത്യാധുനിക സൗകര്യങ്ങളോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ നവീകരണ പ്രവൃത്തികള്‍ തകൃതിയായി നടക്കുമ്പോഴും തലശ്ശേരി ജനറല്‍ ആശുപത്രിക്ക് അവഗണന മാത്രം. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീഴുന്നത് രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭീഷണിയായി മാറുകയാണ്.
ഏതുസമയവും കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീണ് ജീവഹാനി വരെ സംഭവിക്കാവുന്ന തലത്തിലേക്കാണ് ആശുപത്രിയുടെ അവസ്ഥ. നവീകരണ പ്രവൃത്തിക്കായി ഓപറേഷന്‍ തിയറ്റര്‍ അടച്ചു പൂട്ടിയിട്ട് മൂന്നാഴ്ച പിന്നിട്ടിട്ടും യാതൊരു അനക്കവും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.
നവീകരണ പ്രവൃത്തി വൈകുംതോറും ദുരിതം പേറുന്നത് സാധാരണക്കാരായ രോഗികള്‍ മാത്രമാണ്. ഓപറേഷനു വേണ്ടി ഭീമമായ തുക കെട്ടിവച്ച് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണവര്‍. ആശുപത്രിയില്‍ സ്ത്രീകളേയും പുരുഷന്മാരെയും കിടത്തി ചികിത്സിക്കുന്ന മെയില്‍-ഫീമെയില്‍ മെഡിക്കല്‍ വാര്‍ഡിലും രോഗികള്‍ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. വാര്‍ഡുകളില്‍ അനുഭവപ്പെടുന്ന രോഗികളുടെ കുറവ് ഇവിടത്തെ കാന്റീന്‍ പ്രവര്‍ത്തനത്തെയും ബാധിച്ചു തുടങ്ങിയതായി അധികൃതര്‍ പറയുന്നു.
നഗരസഭയുടെ മേല്‍നോട്ടത്തില്‍ ജില്ലാ ഭരണാധികാരികളും രാഷ്ട്രിയ പാര്‍ട്ടി-സാമൂഹിക സംഘടനാ പ്രവര്‍ത്തകരും ഉള്‍പ്പെട്ട വികസന സമിതിയാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടത്. എന്നാല്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താതെ നവീകരണ പ്രവൃത്തികള്‍ മുടങ്ങിക്കിടക്കുകയാണ്. സ്വാകാര്യ ആശുപത്രികളുടെ കീശ വീര്‍പ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് അധികൃതര്‍ ഇവിടെ നടപ്പിലാക്കുന്നതെന്നാണ് രോഗികളുടെ ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."