ഇരകള്‍ക്ക് 'പ്രിയങ്കരി'
ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ചവര്‍ക്കെതിരേ ക്രൂരമായ പൊലിസ് നടപടിയുണ്ടായ യു.പിയില്‍ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഇതേ വിഷയത്തില്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്ന മുന്‍ ഐ.പി.എസ് ഓഫിസര്‍ എസ്.ആര്‍ ധാരാപുരിയുടെ വീട്ടിലേക്കു പോകുന്നതിനിടെ ദിവസങ്ങള്‍ക്കു മുന്‍പ് പ്രിയങ്കയെ പൊലിസ് തടഞ്ഞതു വന്‍ വിവാദമായിരുന്നു.
ഇന്നലെ മുസഫര്‍നഗര്‍, മീററ്റ് എന്നിവിടങ്ങളിലടക്കം പൊലിസ് അതിക്രമത്തില്‍ നഷ്ടങ്ങളും അറസ്റ്റുകളുമുണ്ടായ കുടുംബങ്ങളെയാണ് പ്രിയങ്ക സന്ദര്‍ശിച്ചത്. ഇതു നേരത്തെ തീരുമാനിച്ചപ്രകാരമായിരുന്നില്ല. പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ പൊലിസ് അതിക്രമത്തില്‍ പരുക്കേറ്റവരടക്കമുള്ളവരെയാണ് അവര്‍ കണ്ടത്.
തുടര്‍ന്നു മാധ്യമങ്ങളോടു സംസാരിച്ച പ്രിയങ്കാ ഗാന്ധി, ഉത്തര്‍പ്രദേശ് പൊലിസിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. മനുഷ്യത്വരഹിതമായാണ് പൊലിസ് പെരുമാറിയതെന്നും കുട്ടികളെ വരെ അവര്‍ വെറുതെവിട്ടില്ലെന്നും അവര്‍ ആരോപിച്ചു. ഏഴു മാസം ഗര്‍ഭിണിയായ സ്ത്രീയെവരെ പൊലിസ് കാരണമില്ലാതെ വളഞ്ഞിട്ടുതല്ലിയെന്നു പറഞ്ഞ അവര്‍, നിയമപോരാട്ടത്തിലും പ്രതിഷേധത്തിലും താന്‍ സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുമെന്നും വ്യക്തമാക്കി.
ദിവസങ്ങള്‍ക്കു മുന്‍പ് ധാരാപുരിയുടെ വീട്ടിലേക്കു പോകവെ, വാഹനം തടഞ്ഞ പൊലിസുകാര്‍ തന്നെ ഉപദ്രവിച്ചെന്നും കഴുത്തിനുപിടിച്ചു തള്ളിയെന്നും അവര്‍ ആരോപിച്ചിരുന്നു. തുടര്‍ന്നു സ്‌കൂട്ടറില്‍ സഞ്ചരിച്ചാണ് പ്രിയങ്ക ധാരാപുരിയുടെ വീട്ടിലെത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."