പുന്നയിലും പുന്നയൂരിലും തണ്ണീര്‍ത്തടം നികത്തല്‍ വ്യാപകം
ചാവക്കാട്: പുന്നയിലും പുന്നയൂരിലും തണ്ണീര്‍ത്തടങ്ങള്‍ നികത്തല്‍ വ്യാപകം. പുന്നയൂരില്‍ വില്ലേജ് അധികൃതര്‍ സ്വയം കേസെടുത്ത് സ്റ്റോപ് മെമ്മോ നല്‍കിയതിനു ശേഷവും നികത്തല്‍ തുടരുകയാണ്. പുന്നയില്‍ നികത്തുന്നത് സാംസ്‌കാരിക സംഘടനക്ക് ആസ്ഥാനം പണിയാനാണെന്നാണ് സംഘാടകരുടെ വിശദീകരണം.
പുന്നയൂര്‍ പഞ്ചായത്തില്‍ എടക്കര ഒറ്റയിനി റോഡ് സൈഡില്‍ കനോലി കനാലിന്റെ കിഴക്ക് ഭാഗത്താണ് കെട്ടിനില്‍ക്കുന്ന തണ്ണീര്‍ത്തടം നികത്തിക്കൊണ്ടിരിക്കുന്നത്. രാവിലെ മുതല്‍ ആരംഭിച്ച നികത്തല്‍ പാതിയോളമായെങ്കിലും പഞ്ചായത്തിലേക്കും വില്ലേജ് ഓഫിസിലേക്കുമുള്ള ഈ റോഡിലൂടെ പോയവരാരും പരാതിക്ക് മുതിര്‍ന്നില്ല. പിന്നീട് വില്ലേജ് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ആരുടേയും പരാതിയില്ലാതെ തന്ന നികത്തല്‍ നിര്‍ത്തിവെക്കാന്‍ നോട്ടിസ് നല്‍കിയത്.
ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് വില്ലേജ് അധികൃതര്‍ സ്റ്റോപ് മെമ്മോ നല്‍കിയത്. എന്നാല്‍ അവര്‍ പോയിക്കഴിഞ്ഞതോടെ നികത്തല്‍ വീണ്ടും തുടര്‍ന്നു.
അന്യസംസ്ഥാന തൊഴിലാളിയെ വച്ചാണ് ലോറിയിലെത്തിയ മണ്ണ് സമീപത്തെ വെള്ളം നിറഞ്ഞ സ്ഥത്തേക്കിട്ട് നികത്തുന്നത്. പുന്നയിലെ വ്യാപകമായ നികത്തല്‍ മുന്‍പ് ചാവക്കാട് പൊലിസെത്തി തടഞ്ഞിരുന്നു. എന്നാല്‍ വീണ്ടും സമീപത്തെ വേറൊരു വ്യക്തിയുടെ സ്ഥലത്തും ഇപ്പോള്‍ നികത്തല്‍ ആരംഭിച്ചിരിക്കുകയാണ്.
പ്രദേശത്തെ സ്വകാര്യ സ്‌കൂളിനു മുന്നില്‍ 100മീറ്ററോളം നീളത്തിലും 12 അടിയോളം വീതിയിലുമായി ഒരു റോഡിനെന്ന പോലെയാണ് കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മണ്ണിട്ട് നികത്തിയിരിക്കുന്നത്.
കനോലി കനാല്‍ വരെയാണ് ഇപ്പോഴത്തെ നികത്തല്‍. അതേസമയം പ്രദേശത്തെ പ്രശസ്തമായ ഒരു സാംസ്‌കാരിക സംഘടനക്ക് ആസ്ഥാനം പണിയാനാണ് സ്ഥംലം നികത്തുന്നതെന്നാണ് സംഘടനയുമായി ബന്ധപ്പെട്ടയാള്‍ പറയുന്നത്.
നൂറുമീറ്ററോളം അകലെയാണ് സംഘടനക്ക് ആസ്ഥാനം പണിയാനുള്ള ചതുപ്പ് നിലം. പ്രദേശത്ത് വീട് വെക്കാനായി മൂന്നും നാല് സെന്റ് ഭൂമിയെടുത്ത് അതിന്റെ മറവില്‍ നിരവധി സ്ഥലങ്ങള്‍ നികത്തുന്നതും പതിവാണ്.
കഴിഞ്ഞ പ്രളയ കാലത്ത് വെള്ളമുയര്‍ന്ന് യാത്ര ചെയ്യാനും സഹായമെത്തിക്കാനും കഴിയാതെ ഒറ്റപ്പെട്ട ഭാഗമായിരുന്നു പുന്നയിലെ ഈ പ്രദേശങ്ങള്‍. പുന്നയൂര്‍ പഞ്ചായത്തില്‍ ഇപ്പോള്‍ നികത്തുന്ന സ്ഥലവും പ്രളയകാലത്ത് മുങ്ങിക്കിടന്ന പ്രദേശമാണ്. മേഖലയില്‍ ഉയരുന്ന വെള്ളം ഒഴുകിപോകാന്‍ പോലും സൗകര്യമൊരുക്കാതെയാണ് ഈ നികത്തലുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."