ജില്ലാ ജയില്‍ ഉദ്ഘാടനത്തിന് കാത്തിരിക്കുകയാണ്
മലമ്പുഴ: മലമ്പുഴ മന്തക്കാട്ടെ ജില്ലാ ജയിലിന്റെ നിര്‍മാണം പൂര്‍ത്തിയായി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പുതുവര്‍ഷത്തിലും ഉദ്ഘാടനത്തിനായി കാത്തിരിക്കുകയാണ്. ജില്ലാ ജയിലിലേയ്ക്കുള്ള വഴി ഗതാഗതയോഗ്യമായെങ്കിലും ഇനി ജില്ലാ ജയില്‍ തുറക്കുന്നതിനുള്ള കാത്തിരിപ്പ് നീളുകയാണ്. ജയില്‍ റോഡ് കഴിഞ്ഞ ദിവസം മണ്ഡലം എം.എല്‍.എ കൂടിയായ വി.എസ് അച്യുതാനന്ദന്‍ നാടിന് സമര്‍പ്പിച്ചിരുന്നു. 2017 മാര്‍ച്ച് 18നാണ് മന്തക്കാട്ടെ ജില്ലാ ജയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ജയില്‍ മാറ്റം ഫയലുകളില്‍ ഉറങ്ങുകയാണ്.
നിലവില്‍ സ്‌പെഷല്‍ സബ് ജയിലെന്ന പേരിലാണ് പാലക്കാട്ടെ കോട്ടക്കകത്തെ ജയില്‍ പ്രവര്‍ത്തിക്കുന്നത്. 24 പുരുഷന്‍മാരെയും നാല് സ്ത്രീകളെയും മാത്രം പാര്‍പ്പിക്കാന്‍ സ്ഥലമുള്ളിടത്ത് സ്ത്രീകളും പുരുഷന്‍മാരുമടക്കം ഇവിടെ 175ഓളം പേരാണുള്ളത്. എന്നാല്‍ മലമ്പുഴയിലെ ജില്ലാ ജയിലില്‍ 275 പുരുഷ തടവുകാരും 55 സ്ത്രീ തടവുകാര്‍ക്കും പുറമേ ട്രാന്‍സ്‌ജെന്‍ഡേര്‍സിനുമുള്ള സെല്ലുകളുമുണ്ട്. പുതിയ മലമ്പുഴ ജയിലിലേയ്ക്കുള്ള ജീവനക്കാരുടെ നിയമനമാണ് ജയില്‍ മാറ്റത്തിന് തടസമാകുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
ജില്ലാ ജയിലായി സബ് ജയിലിനെ ഉയര്‍ത്തുന്നപ്പോള്‍ 35 അധിക തസ്തികകള്‍കൂടി സൃഷ്ടിക്കണമെന്നാണ് ചട്ടമെന്നിരിക്കെ പുതിയ ജീവനക്കാരുടെ നിയമനം വൈകുന്നതാണ് ജയില്‍ മാറ്റത്തിനു കാരണമാകുന്നത്. ജീവനക്കാരുടെ നിയമനം സംബന്ധിച്ച ഫയല്‍ സംസ്ഥാന ധനകാര്യവകുപ്പിന്റെ പരിധിയിലാണെന്നതിനാല്‍ ഇതു സംബന്ധിച്ച ധനകാര്യവകുപ്പിന്റെ അനുമതി ലഭിച്ചാലെ നിയമനമടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമാകൂ. അഗ്നിരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതോടെ ജയില്‍ കെട്ടിടം പൂര്‍ണമായി തടവുകാരെ പാര്‍പ്പിക്കാന്‍ സജ്ജമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."