ക്രമക്കേട് റിപ്പോര്‍ട്ട്: ബംഗ്ലാദേശില്‍ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു
ധാക്ക: തെരഞ്ഞെടുപ്പിലെ ക്രമക്കേട് റിപ്പോര്‍ട്ട് ചെയ്തതിന് ബംഗ്ലാദേശില്‍ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു എന്നാരോപിച്ച് ഹദിയത്ത് ഹുസൈന്‍ മുല്ലയെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. പ്രമുഖ പത്രമായ ധാക്കാ ട്രിബ്യൂണിന്റെ മാധ്യമപ്രവര്‍ത്തകനാണ് ഹുസൈന്‍ മുല്ല. സാങ്കേതിക സുരക്ഷാ നിയമം അനുസരിച്ച് ചൊവ്വാഴ്ച രാത്രിയാണ് പൊലിസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഖുല്‍ന 1 മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തവരേക്കാള്‍ 22,419 പേര്‍ വോട്ട് രേഖപ്പെടുത്തിയെന്ന റിപ്പോര്‍ട്ടാണ് ഹുസൈന്‍ മുല്ലയുടെ അറസ്റ്റിലേക്ക് നയിച്ചത്.
എന്നാല്‍, ആകെ വോട്ടിന്റെ 80 ശതമാനം പോളിങ് മാത്രമാണ് ഈ മണ്ഡലത്തില്‍ രേഖപ്പെടുത്തിയതെന്ന് പ്രാദേശിക പൊലിസ് തലവന്‍ മുജീബ് റഹ്മാന്‍ പറഞ്ഞു. തെറ്റായ വിവരം നല്‍കി തെരഞ്ഞെടുപ്പില്‍ തെറ്റിദ്ധാരണയുണ്ടാക്കാനുള്ള ശ്രമമാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. തെറ്റായ വാര്‍ത്ത നല്‍കിയതിന് മറ്റൊരു മാധ്യമപ്രവര്‍ത്തകനെ ചോദ്യം ചെയ്യാനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹുസൈന്‍ മുല്ലക്കെതിരേയുള്ള ആരോപണങ്ങള്‍ തെളിയിക്കപ്പെടുകയാണെങ്കില്‍ 14 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും. മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരേ ശക്തമായ നടപടികള്‍ ശൈഖ് ഹസീനയുടെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.
അവാര്‍ഡ് ജേതാവും പ്രമുഖ ഫോട്ടോഗ്രാഫറുമായ ശാഹിദുല്‍ ആലമിനെ പൊലിസ് അറസ്റ്റ് ചെയ്തിട്ട് നാല് മാസം പിന്നിട്ടു. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 300 സീറ്റുകളില്‍ 288ലും ശൈഖ് ഹസീനയുടെ അവാമി ലീഗ് ജയിച്ചിരുന്നു. എന്നാല്‍, വിവിധ മണ്ഡലങ്ങളില്‍ വോട്ടെടുപ്പില്‍ കൃത്രിമം നടന്നെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നൂറുകണക്കിന് ആക്ടിവിസ്റ്റുകളെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
അതിനിടെ തെരഞ്ഞെടുപ്പിലെ ആക്രമണങ്ങള്‍, ക്രമക്കേടുകള്‍ എന്നിവയില്‍ അന്വേഷണം നടത്തണമെന്ന് യൂറോപ്യന്‍ യൂനിയനും യു.എസും ആവശ്യപ്പെട്ടു. ആക്രമണങ്ങള്‍ തെരഞ്ഞെടുപ്പിനെ കളങ്കപ്പെടുത്തിയെന്ന് യൂറോപ്യന്‍ യൂനിയന്‍ പറഞ്ഞു. ക്രമക്കേടുമായി ബന്ധപ്പെട്ട് ഇരു ഭാഗങ്ങളുടെയും ആരോപണങ്ങള്‍ പരിശോധിക്കണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."