സൊഹ്‌റാബുദ്ദീന്‍ കേസ്: ഈ വിധി പ്രതീക്ഷിച്ചത്
റാശിദ് മാണിക്കോത്ത്
9747551313#
അസാന്മാര്‍ഗിയായ ഗൃഹനാഥനുള്ള വീട്ടില്‍ മക്കള്‍ക്ക് സൈ്വര്യമോ നീതിയോ ലഭിക്കില്ലെന്ന വസ്തുത നാം ഏറെനാളായി നേരിട്ടനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഏറെ പൊള്ളിച്ചു കൊണ്ടിരിക്കുന്ന ഇത്തരം നേരനുഭവങ്ങള്‍ നിരന്തരം ഭീതിയുടെ അഗാധ ഗര്‍ത്തങ്ങളിലേക്ക് നമ്മെ തള്ളിയിടുകയും ചെയ്യുന്നു. രാജ്യ മനസാക്ഷിയെ പിടിച്ചുകുലുക്കിയ അനേകം ക്രൂര സംഭവങ്ങളില്‍ നേരിട്ടു പ്രതികളായവര്‍ പോലും നീതിന്യായ വ്യവസ്ഥിതിയുടെ കൈകളിലകപ്പെട്ടാലും പിന്നീടു രക്ഷപ്പെട്ടു പോരുന്ന സ്ഥിതിവിശേഷം അത്യന്തം ദയനീയമാണ്. നീതി നിര്‍വഹണ സംഹിതയുടെ നേര്‍ക്കു കൊലച്ചിരി നടത്തി രാജ്യത്തു നീതിനിഷേധത്തിന്റെ പുകച്ചുരുള്‍ നിറച്ച് പൗരകോടികളെ ശ്വാസം മുട്ടിച്ചും കാല്‍ക്കീഴില്‍ ഞെരിച്ചും കൊല്ലാക്കൊല ചെയ്യുന്ന ഫാസിസ്റ്റ് ശക്തികള്‍ ആപത്ത് വിതച്ചു മുന്നേറുകയാണ്.
ഏറെ കോളിളക്കം സൃഷ്ടിച്ച സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിധി പറഞ്ഞ സി.ബി.ഐ കോടതിക്ക് വല്ലാത്തൊരു വിഷമസന്ധിയുടെ കാറും കോളും നേരിടേണ്ടി വന്നുവെന്നത് ലാഘവത്തോടെ കാണേണ്ട ഒന്നല്ല. കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ലെന്നു പറഞ്ഞ കോടതി കൊല്ലപ്പെട്ടവരുടെ കുടുംബത്തോട് സഹതാപമുണ്ടെന്നു കൂടി വ്യക്തമാക്കിയിരിക്കുന്നു. കോടതിക്കു തെളിവുകളാണ് പ്രധാനം. 'സൊഹ്‌റാബുദ്ദീനും പ്രജാപതിയും വെടിയേറ്റാണ് മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും പ്രതികളായി ഹാജരാക്കപ്പെട്ടവരാണ് വെടിയുതിര്‍ത്തതെന്നു തെളിയിക്കാന്‍ കേസന്വേഷിച്ചവര്‍ക്കു സാധിച്ചില്ല. ചില സാക്ഷികള്‍ കൂറുമാറി. ഞാന്‍ നിസഹായനാണ് '- ജഡ്ജിയുടെ ഈ പരാമര്‍ശം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായി രചിക്കപ്പെട്ടിരിക്കുന്നു.
സൊഹ്‌റാബുദ്ദീന്‍ ഷൈഖ്, ഭാര്യ കൗസര്‍ബി, കൂട്ടാളി പ്രജാപതി എന്നിവരെ 2005 നവംബര്‍ 23ന് ബസ് യാത്രയ്ക്കിടെ ഹൈദരാബാദില്‍ നിന്ന് പൊലിസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസില്‍ വിചാരണ നേരിട്ടവരില്‍ ഒരു പ്രതിയെ പോലും ശിക്ഷിക്കാന്‍ സാധിച്ചില്ലായെന്നതാണ് ശ്രദ്ധേയം. ഗുജറാത്ത്, രാജസ്ഥാന്‍, ആന്ധ്ര സംസ്ഥാനങ്ങളിലെ എസ്.ഐ, എ.എസ്.ഐ, കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള 21 പൊലിസുകാരെയും ഗുജറാത്തിലെ ഫാം ഹൗസ് ഉടമയെയുമാണ് വെള്ളിയാഴ്ച സി.ബി.ഐ കോടതി ജഡ്ജി എസ്.ജെ ശര്‍മ്മ കുറ്റവിമുക്തരാക്കിയത്.
കേസന്വേഷണം ആദ്യം സി.ഐ.ഡി നടത്തുകയും 2010 ല്‍ സി.ബി.ഐ ഏറ്റെടുക്കുകയുമായിരുന്നു. രാജ്യത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഈ കേസ് രാഷ്ട്രീയ, ഉദ്യോഗസ്ഥ, ക്രിമിനല്‍, മാഫിയ ബന്ധങ്ങളുടെ ചുരുളുകളാണ് അഴിച്ചത്. സി.ബി.ഐ ഉദ്യോഗസ്ഥന്‍ സന്ദീപ് തംഗഡ്‌ഗെ ഇതു സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തുകയും ഈ മാഫിയ ബന്ധത്തിലെ തലവനായ അമിത് ഷായുടെ തനിനിറം പുറത്തു കാട്ടുകയും ചെയ്യുകയുണ്ടായി. അമിത് ഷായും ഐ.പി.എസ് റാങ്കിലുള്ള പൊലിസുകാരടക്കമുള്ളവരും തമ്മിലുള്ള അവിശുദ്ധ ബാന്ധവത്തെക്കുറിച്ച് തുടരന്വേഷണം നടത്തിയ അമിതാഭ്ഠാക്കൂര്‍ എന്ന ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഇതു സംബന്ധിച്ച് ബലമേറിയ തെളിവുകള്‍ ഹാജരാക്കി. തുടര്‍ന്ന് അമിത് ഷാ, രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കടാരിയ, മുതിര്‍ന്ന ഐ.പി.എസ് ഓഫിസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 38 പേരെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചു. 2010 ജൂലൈ 25ന് അമിത് ഷായെ പൊലിസ് അറസ്റ്റ് ചെയ്തു. താമസിയാതെ അമിത് ഷാ ജാമ്യത്തിലിറങ്ങുകയും ചെയ്തു.
എന്നാല്‍ 2014ല്‍ ബി.ജെ.പി അധികാരത്തിലേറിയതോടെ ഈ കേസിനു മോക്ഷം കിട്ടാതെ അലയാനായിരുന്നു വിധി. കേസന്വേഷണത്തിന്റെ പ്രഥമ ഘട്ടത്തില്‍ ആശാവഹമായ താല്‍പര്യം കാട്ടിയ സി.ബി.ഐ ആവട്ടെ പിന്നീട് തണുത്ത മട്ടിലായിത്തീരുകയുമുണ്ടായി. അക്കാലത്ത് കേസന്വേഷണത്തെ അധികാരി വര്‍ഗം മൂക്കുകയറിട്ട് നിയന്ത്രിക്കുന്നതായി ആരോപണമുയരുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഏറെ വിവാദമുയരുകയും ചെയ്തിരുന്നു.
കേസില്‍ സമ്മര്‍ദ തന്ത്രങ്ങളും സ്വാധീനവും നടക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സുപ്രിം കോടതി വാദം കേള്‍ക്കല്‍ ഗുജറാത്തില്‍ നിന്ന് മുംബൈയിലേക്ക് മാറ്റി. കേസില്‍ ഒറ്റ ജഡ്ജി വാദം കേള്‍ക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. എന്നാല്‍ ഇതു ഭരണകൂട സ്വാധീനത്താല്‍ അട്ടിമറിക്കപ്പെട്ടു. ജഡ്ജി ഉട്പതിനെ സ്ഥലം മാറ്റിക്കൊണ്ടാണ് ഫാസിസ്റ്റ് ശക്തികള്‍ ഈ കേസില്‍ സ്വാധീനത്തിന്റെ, നീതി നിഷേധത്തിന്റെ വിഷം പുരണ്ട നീണ്ട നഖം ആഴ്ത്തിയിറക്കിയത്. പിന്നീടു വാദം കേട്ട ജഡ്ജി ബി.എച്ച് ലോയ ആവട്ടെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയും ചെയ്തു. അതിനു ശേഷം നിയമിതനായ എം.ബി ഗോസാവി കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന വിചിത്രമായ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അമിത് ഷായെ ക്ലീന്‍ ചിറ്റ് നല്‍കി രക്ഷപ്പെടുത്തുകയും ചെയ്തു.
പിന്നീടു ഘട്ടം ഘട്ടമായി ഐ.പി.എസ് ഉദ്യോഗസ്ഥരടക്കം 16 പേര്‍ കുറ്റവിമുക്തരായി. ഒടുവില്‍ ചെറുമീനുകള്‍ മാത്രം ബാക്കിയാവുകയാണുണ്ടായത്. ഇതോടെ ഈ കേസിന്റെ ഭാവി നിര്‍ണയിക്കപ്പെടുകയും ചെയ്തു. സാക്ഷികള്‍ നിരന്തരം കടുത്ത സമ്മര്‍ദവും ഭീഷണിയും നേരിട്ടു. പ്രോസിക്യൂഷനാവട്ടെ വിസ്തരിക്കേണ്ടവരെ പൂര്‍ണമായും വിസ്തരിക്കാതെ ഭരണകൂട ഇംഗിതത്തിന് വഴങ്ങി നീതി നിര്‍വഹണത്തിന് നേരെ വാതില്‍ കൊട്ടിയടയ്ക്കുകയും ചെയ്തു. കേസ് അന്തിമ ഘട്ടത്തിലെത്തിയപ്പോള്‍ ദൃക്‌സാക്ഷികളടക്കം 92 പേര്‍ കൂറുമാറി. ചിലര്‍ വിസ്താരത്തിനെത്തും മുന്‍പ് കൊടിയ പീഡനങ്ങളാണ് നേരിട്ടത്. ജീവനില്‍ ഭയം പൂണ്ടാണ് ഇത്രയും പേര്‍ കൂറുമാറിയതെന്ന് സ്പഷ്ടമായിട്ടും കോടതി ഇക്കാര്യത്തില്‍ ആശാവഹമായ നിലപാടു കൈക്കൊണ്ടില്ലെന്നതാണ് ഖേദകരം.
അമിത് ഷായും ഗുലാബ് ചന്ദ് കടാരിയും ഐ.പി.എസ് ഉദ്യോഗസ്ഥരും അടങ്ങുന്നവര്‍ രാഷ്ട്രീയ പരമായും സാമ്പത്തിക പരമായും നേട്ടമുണ്ടാക്കിയെന്ന് രാജ്യത്തെ പരമോന്നത അന്വേഷണ വിഭാഗം കണ്ടെത്തിയ ഈ കേസില്‍ ഒരു പ്രതി പോലും ശിക്ഷിക്കപ്പെട്ടില്ലെന്നത് ഭീതിയോടെ കാണേണ്ട വസ്തുതയാണ്. ഫാസിസ്റ്റ് ശക്തികള്‍ പ്രബലരാകുന്നതും അവര്‍ പടുത്തുയര്‍ത്തുന്ന സാമ്രാജ്യത്തില്‍ നീതി തേടി അലയുന്നവര്‍ ഈയാം പാറ്റകളെപ്പോലെ ചിറകു കരിഞ്ഞ് വീഴുന്നതും രാജ്യത്തെ നീതിനിയമ സംഹിതകള്‍ നോക്കുകുത്തികളായി മാറ്റപ്പെടുന്നതും ഭീതിതമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. ഇരകള്‍ക്കൊപ്പം നില്‍ക്കേണ്ട ഭരണകൂടം വേട്ടക്കാര്‍ക്കൊപ്പം നിലകൊള്ളുന്നത് തെറ്റായ കീഴ്്‌വഴക്കം എന്നതിലുപരി രാജ്യത്തെ ഫാസിസ്റ്റ് ആലയില്‍ തളച്ചിടാനുള്ള ക്ഷുദ്ര നീക്കങ്ങളുടെ ഭാഗം കൂടിയാണ്. നീതിക്കു മേലെ അനീതിയും അക്രമവും മാഫിയ ബന്ധങ്ങളും പറന്നുയരുമ്പോള്‍ രാജ്യം കടുത്ത അരക്ഷിതാവസ്ഥയിലേക്കും ശൂന്യതയിലേക്കും തള്ളിയിടപ്പെടുകയാണ്. ഇനിയും ഇതു തിരിച്ചറിയാതെ പോയാല്‍ രാജ്യം കടുത്ത വില നല്‍കേണ്ടതായി വരുമെന്നത് നമ്മെ കൂടുതല്‍ ഭയാശങ്കരാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."