ആശുപത്രികളിലെ ചികിത്സാനിരക്ക്: നിയമം കര്‍ശനമായി നടപ്പാക്കണം
ആശുപത്രികളില്‍ ചികിത്സാ ചെലവ് പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുന്ന കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്തു പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. എന്നാല്‍ പല ആശുപത്രികളിലും ചികിത്സാനിരക്ക് പരസ്യപ്പെടുത്തി തുടങ്ങിയിട്ടില്ല. ചികിത്സാ ചെലവുകളുടെ പട്ടിക ഇംഗ്ലീഷിലും മലയാളത്തിലും പ്രദര്‍ശിപ്പിക്കണമെന്നും നേരിട്ടെത്തി ആവശ്യപ്പെടുന്നവര്‍ക്കു പട്ടിക നല്‍കണമെന്നും നിയമത്തില്‍ പറയുന്നുണ്ട്. ഇതു സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ ലഭിക്കാത്തതിനാലാണ് പല ആശുപത്രികളും ചികിത്സാ നിരക്ക് പ്രദര്‍ശിപ്പിക്കാത്തതെന്ന ന്യായീകരണം അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് കാണിക്കുന്ന അനാസ്ഥ അക്ഷന്തവ്യമല്ല. നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ടെങ്കിലും നടപ്പാക്കുന്നതു സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞൊഴിയുന്ന ആരോഗ്യവകുപ്പിന്റെ നിലപാട് ബാലിശമാണ്. മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രികളെ സഹായിക്കലായിരിക്കും ഇതിന്റെ അനന്തരഫലം.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെയും ലാബുകളിലെയും ചികിത്സാ നിരക്കിലും പരിശോധനാ സംവിധാനത്തിലും ഏകീകൃത സ്വഭാവം കൊണ്ടുവരിക എന്നതാണ് ഈ നിയമംകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതുവഴി സ്വകാര്യ ആശുപത്രികള്‍ രോഗികളില്‍നിന്ന് ഈടാക്കിക്കൊണ്ടിരിക്കുന്ന ഭീമന്‍ ഫീസുകള്‍ക്ക് അറുതിയാകും. സാധാരണക്കാരനു മിതമായ നിരക്കില്‍ ചികിത്സ ലഭ്യമാക്കാന്‍ ഈ നിയമം ഉപകരിക്കുമെന്നിരിക്കെ നിബന്ധനകള്‍ നടപ്പാക്കുന്നതു സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നത് സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കൂ.
ഓരോ രോഗത്തിനുമുള്ള ചികിത്സാ ചെലവ് ആശുപത്രികളില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ അതു രോഗികള്‍ക്ക് മുന്‍കൂട്ടി അറിയാനാകും. ഓരോ ആശുപത്രിയിലെയും ജീവനക്കാരുടെയും ഉപകരണങ്ങളുടെയും വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തണമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുമുണ്ട്.
നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ ആരോഗ്യ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. താല്‍ക്കാലികമായി നല്‍കുന്ന രജിസ്‌ട്രേഷന്‍ നിയമത്തില്‍ പറയുന്ന നിബന്ധനകള്‍ പാലിക്കുന്നെങ്കില്‍ മാത്രമേ പിന്നീട് സ്ഥിരം രജിസ്‌ട്രേഷന്‍ അനുവദിക്കുകയുള്ളൂവെന്നത് സ്വകാര്യ ആശുപത്രികളുടെ ചൂഷണങ്ങള്‍ക്ക് ഒരു പരിധിവരെ തടയിടാന്‍ സഹായിക്കും.
ജീവിതശൈലീ രോഗങ്ങള്‍ പിടിമുറുക്കികൊണ്ടിരിക്കുന്ന നമ്മുടെ സംസ്ഥാനത്ത് ഒരു വീട്ടില്‍ ഒരു രോഗിയെങ്കിലുമുണ്ടാകും. ചികിത്സയ്ക്കു ഭാരിച്ച ഫീസാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. വരുന്ന രോഗികളുടെ പോക്കറ്റിന്റെ കനം നോക്കി ഫീസ് നിശ്ചയിക്കുന്ന സ്വകാര്യ ആശുപത്രികളുമുണ്ട്. ഒരു രോഗം വന്നാല്‍ സമ്പാദ്യം മുഴുവന്‍ ചെലവഴിച്ചാലും ചികിത്സാ ചെലവിനു തികയാത്ത അവസ്ഥ നിലവിലുണ്ട്. നിസാര രോഗത്തിനു പോലും ഭാരിച്ച ഫീസാണ് സ്വകാര്യ ആശപത്രികള്‍ ഈടാക്കുന്നത്. ലാബ് പരിശോധനകള്‍ക്കാകട്ടെ തോന്നിയതു പോലെയാണ് ഫീസ്. സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ നടത്തുന്ന ലാബുകള്‍ സംസ്ഥാനത്തു സുലഭമാണ്. ഡോക്ടര്‍മാരുടെ ഉടമസ്ഥതയിലുള്ള ലാബിലേക്കാണ് ടെസ്റ്റുകള്‍ നടത്താന്‍ കുറിപ്പുകള്‍ പലപ്പോഴും നല്‍കാറ്.
സ്വകാര്യ ആശുപത്രിയില്‍ അര ലക്ഷത്തിലേറെ രൂപ ചെലവു വരുന്ന ശസ്ത്രക്രിയ വെറും 125 രൂപ ചെലവില്‍ നടത്തിയ വാര്‍ത്ത കഴിഞ്ഞ ജൂലൈ മാസത്തിലാണ് മാധ്യമങ്ങളില്‍ വന്നത്. ചെവിയിലെ വേദനയും അണുബാധയുമായി ചികിത്സ തേടിയ തൃശൂരിലെ പുന്നംപറമ്പ് സ്വദേശി തൈക്കാടന്‍ തോമസിന് തൃശൂര്‍ കോര്‍പ്പറേഷന്‍ ജനറല്‍ ആശുപത്രിയില്‍ കര്‍ണപുടത്തിലെ ദ്വാരത്തിനു ശസ്ത്രക്രിയ നടത്താന്‍ 75 രൂപയും വാര്‍ഡ് ചാര്‍ജ് 50 രൂപയുമടക്കം വെറും 125 രൂപയാണ് ചെലവായത്. സ്വകാര്യ ആശുപത്രികള്‍ നിസാരമായ രോഗങ്ങള്‍ക്കുപോലും എത്ര കനത്ത ഫീസാണ് ഈടാക്കുന്നതെന്ന് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നു. കനത്ത ഫീസ് ഈടാക്കുന്നുണ്ടെങ്കിലും അതിന് അനുയോജ്യമായ സൗകര്യങ്ങളോ ആശുപത്രിവാസത്തിനു മതിയായ സുരക്ഷയോ ഒരുക്കുന്നതില്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ ശ്രദ്ധിക്കാറില്ല. കഴിഞ്ഞ ഡിസംബറില്‍ മുംബൈയില്‍ ഒരു ആശുപത്രയിലുണ്ടായ തീപിടിത്തതില്‍ 11 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.
ഇവര്‍ ജീവനക്കാര്‍ക്കു മാന്യമായ ശമ്പളം നല്‍കുന്നുമില്ല. സ്വകാര്യ ആശുപത്രി ജീവനക്കാരുടെ കുറഞ്ഞ വേതനം നിശ്ചയിച്ചുകൊണ്ട് 2017ല്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടുണ്ടെങ്കിലും പല ആശുപത്രികളും ഇപ്പോഴും നഴ്‌സുമാരെയും ഇതര ജീവനക്കാരെയും ചൂഷണം ചെയ്യുന്നതു തുടരുകയാണ്. രോഗികളില്‍ നിന്ന് പിഴിഞ്ഞെടുക്കുന്ന ഭീമമായ ഫീസിന്റെ വളരെ ചെറിയൊരംശം മാത്രമാണ് ജീവനക്കാര്‍ക്ക് ശമ്പളമായി നല്‍കുന്നത്.
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം നിലവില്‍ വരുന്നതിനെതിരേ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഫീസ് നിരക്ക് പ്രസിദ്ധീകരിക്കുമ്പോള്‍ അമിത ഫീസ് ഈടാക്കാന്‍ കഴിയില്ലെന്നതിനാലാണ് ഇവര്‍ സംഘടിതമായി രംഗത്തുവന്നത്. ഈ നിയമം നടപ്പിലാക്കുന്നതിന്റെ പ്രതികാരമായാണ് സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ആരോഗ്യ സുരക്ഷാപദ്ധതി തകര്‍ത്തത്. കാരുണ്യ, സ്‌നേഹ സ്പര്‍ശം, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ പദ്ധതികളാണ് കഴിഞ്ഞ മാര്‍ച്ചിനു ശേഷം സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ നിര്‍ത്തലാക്കിയിരിക്കുന്നത്. സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം നടപ്പാക്കുന്നത് തടയുകയായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യം.
നിര്‍ധനരായ രോഗികള്‍ക്കു ചികിത്സ നിഷേധിക്കുന്ന പതിവ് ഇപ്പോഴും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ ഉപേക്ഷിച്ചിട്ടില്ല. ഇത്തരം ഒരു പരിതസ്ഥിതിയില്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം ആശ്വാസകരമാണ്. നിയമം ഓരോ സ്വകാര്യ ആശുപത്രിയും ലാബും പാലിക്കുന്നുണ്ടോയെന്ന് ആരോഗ്യ വകുപ്പ് കര്‍ശനമായ നിരീക്ഷണത്തിന് വിധേയമാക്കണം. സ്ഥാപനങ്ങള്‍ക്കു സ്ഥിരം രജിസ്‌ട്രേഷന്‍ നല്‍കിയതിനു ശേഷം അമിത ഫീസ് ഈടാക്കുകയാണെങ്കില്‍ അത്തരം ആശുപത്രികളുടെ പ്രവര്‍ത്തനാനുമതി നിര്‍ത്തലാക്കാനുള്ള അധികാരവും സര്‍ക്കര്‍ പ്രയോഗിക്കണം. പുറത്തു പ്രസിദ്ധീകരിക്കുന്ന ഫീസ് ഈടാക്കുമെങ്കിലും പിന്നീട് പലതരം ടെസ്റ്റുകള്‍ പറഞ്ഞ് കൊള്ളലാഭം നടത്തുന്നതിനെതിരേയും സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."