സന്നിധാനത്ത് ശുദ്ധികലശം നടത്തിയത് ഭരണഘടനാ വിരുദ്ധം
കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് സന്നിധാനത്ത് ശുദ്ധികലശം നടത്തുകയും നട അടച്ചിടുകയും ചെയ്ത നടപടി ഭരണഘടനാവിരുദ്ധമാണെന്ന് വിവിധ സ്ത്രീ അവകാശ സംഘടനകളുടെ കൂട്ടായ്മ.
നടപടിക്ക് നേതൃത്വം കൊടുത്ത ശബരിമല തന്ത്രിക്കും ക്ഷേത്രം ജീവനക്കാര്‍ക്കും ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്കും എതിരേ ഭരണഘടനയുടെ 17ാം വകുപ്പ് പ്രകാരവും എസ്.സി.എസ്.ടി അതിക്രമം തടയല്‍ നിയമപ്രകാരവും നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ശബരിമല ദര്‍ശനം നടത്തിയ ബിന്ദു, കനകദുര്‍ഗ എന്നിവരുടെ കുടുംബങ്ങള്‍ക്കും വസ്തുവകകള്‍ക്കും പൊലിസ് സംരക്ഷണം നല്‍കണം. തന്ത്രികള്‍ പടിയിറങ്ങുക, ശബരിമല ആദിവാസികള്‍ക്ക് വിട്ടുകൊടുക്കുക എന്ന ആവശ്യമുയര്‍ത്തി ദലിത് ആദിവാസികളുടെ നേതൃത്വത്തില്‍ സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും അവര്‍ പറഞ്ഞു. സ്ത്രീകളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ തുടര്‍ന്നും സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കുന്നതിന് സുരക്ഷിതത്വം നല്‍കണം.
മനുവാദ രാഷ്ട്രീയവും ഭരണഘടനയും തമ്മിലുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം നടപ്പാക്കിക്കിട്ടുന്നതിന് സര്‍ക്കാരും പൊലിസും നടപടി സ്വീകരിക്കണം.
രണ്ട് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ച പശ്ചാത്തലത്തില്‍ വരുംദിവസങ്ങളില്‍ ശബരിമലയിലേക്ക് സ്ത്രീകളെ കൂട്ടമായി പ്രവേശിപ്പിക്കുന്നതിനുള്ള തീരുമാനത്തില്‍നിന്ന് തല്‍ക്കാലം പിന്‍മാറുകയാണെന്നും അവര്‍ പറഞ്ഞു.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച പശ്ചാത്തലത്തില്‍ ആഹ്ലാദ പ്രകടനത്തിനും തുടര്‍പരിപാടികള്‍ തീരുമാനിക്കുന്നതിനും ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ ഇന്നലെ വിവിധ വനിതാ സംഘടനാ പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."