അഴിച്ചുപണി ആസന്നമായി സംസ്ഥാന കോണ്‍ഗ്രസ്; കരുക്കള്‍ നീക്കി ഗ്രൂപ്പുകള്‍
തിരുവനന്തപുരം: കനത്ത പരാജയത്തിന്റെ ആഘാതത്തില്‍ നിന്നു കരകയറാന്‍ സംസ്ഥാന കോണ്‍ഗ്രസില്‍ അഴിച്ചുപണി സാധ്യത സജീവമായി. അടിമുടി മാറ്റം വേണമെന്ന ആവശ്യമാണ് ഉയര്‍ന്നുവരുന്നത്.
നെയ്യാര്‍ഡാമില്‍ ചേര്‍ന്ന കെ.പി.സി.സി ക്യാംപില്‍ ഇരുഗ്രൂപ്പുകളും സുധീരന്റെ നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു മാറിനിന്ന ഉമ്മന്‍ചാണ്ടിയുടെ മാതൃക സുധീരനും പിന്തുടരണമെന്ന ഒളിയമ്പെയ്താണ് ഇരു ഗ്രൂപ്പുകളും ക്യാംപില്‍ ഒരുമിച്ചത്. ഇതേത്തുടര്‍ന്നു കെ.പി.സി.സി യോഗത്തിന്റെ വിശദാംശങ്ങള്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിക്കാന്‍ സുധീരന്‍ ഡല്‍ഹിയിലെത്തിയിരുന്നു. ഗ്രൂപ്പ് സമവാക്യങ്ങള്‍ നോക്കാതെ തികച്ചും സ്വതന്ത്രമായ നിലയില്‍ യോഗ്യതമാത്രം വിലയിരുത്തി സംസ്ഥാനത്തെ പാര്‍ട്ടി ഘടകം പുനഃസംഘടിപ്പിക്കാന്‍ സുധീരന്‍ അനുമതി തേടിയിരുന്നു. ഹൈക്കമാന്‍ഡ് ഇതിനു പച്ചക്കൊടി കാണിക്കുകയും ചെയ്തു. സുധീരന്‍ പ്രസിഡന്റ് പദത്തില്‍ തുടരണമെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു.
സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ സുധീരന്റെ കടുംപിടിത്തത്തില്‍ ഏറെ ബുദ്ധിമുട്ടിയ ഗ്രൂപ്പുകള്‍ പാര്‍ട്ടി പുനഃസംഘടനയുണ്ടായാല്‍ വെട്ടിനിരത്തല്‍ തടയാനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് ഇരു ഗ്രൂപ്പുകളുടേയും പ്രതിനിധിയായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡല്‍ഹിയിലെത്തി സോണിയയേയും രാഹുലിനേയും കണ്ടത്. സുധീരന്റെ നിലപാടുകളാണു തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റതിന്റെ പ്രധാന കാരണങ്ങളിലൊന്നായി തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടിയത്. തോല്‍വിയ്ക്കു ശേഷവും ഐക്യത്തിന്റെ സന്ദേശമല്ല സുധീരന്‍ നല്‍കുന്നത്. ഗ്രൂപ്പ് പ്രവര്‍ത്തനം അനുവദിക്കില്ലെന്നും നടപടിയെടുക്കുമെന്നും ആവര്‍ത്തിച്ചു പറയുന്ന സുധീരന്‍ പാര്‍ട്ടിയില്‍ സ്വന്തം ഗ്രൂപ്പുണ്ടാക്കിയതായും തിരുവഞ്ചൂര്‍ നേതൃത്വത്തെ അറിയിച്ചു. ഈ സാഹചര്യത്തില്‍ നേതൃസ്ഥാനത്ത് നിന്നുള്ള സുധീരന്റെ മാറ്റം അനിവാര്യമാണെന്ന് തിരുവഞ്ചൂര്‍ നേതൃത്വത്തെ ധരിപ്പിച്ചു. കനത്ത തോല്‍വിക്കു ശേഷവും തുടരുന്ന ഗ്രൂപ്പിസത്തിലും പഴിചാരലിലും ഹൈക്കമാന്‍ഡ് അങ്ങേയറ്റം നീരസത്തിലാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നു മാന്യമായ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കേന്ദ്രനേതൃത്വം. എന്നാല്‍ വിഴുപ്പലക്കലുകളും ഗ്രൂപ്പ് പോരും സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലാണ് ഇപ്പോഴുള്ളത്. അതിനാലാണ് അടിയന്തരമായി നാളെ ഡല്‍ഹിയിലെത്താന്‍ സുധീരനോടും ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടത്.
സുധീരന്‍ നേതൃസ്ഥാനത്ത് നിന്ന് മാറണമെന്ന ഗ്രൂപ്പുകളുടെ ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിച്ചില്ല. എ.ഐ.സി.സി സമ്മേളനം കഴിഞ്ഞാല്‍ ആദ്യം കേരളത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താമെന്ന നിര്‍ദേശമാണ് ഹൈക്കമാന്‍ഡ് മുന്നോട്ടുവയ്ക്കുന്നത്. അതിനുമുന്നോടിയായി സുധീരനെ പ്രസിഡന്റ് സ്ഥാനത്ത് നിലനിര്‍ത്തി കെ.പി.സി.സി മുതല്‍ താഴേത്തട്ടുവരെ പുനഃസംഘടിപ്പിക്കാനാണു ലക്ഷ്യമിടുന്നത്. ജംബോ കമ്മിറ്റികള്‍ പിരിച്ചുവിട്ടു ബൂത്ത് തലം മുതല്‍ ഡി.സി.സി വരെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ പുന:സംഘടിപ്പിക്കാന്‍ സുധീരന് ഹൈക്കമാന്‍ഡ് അനുവാദം നല്‍കിയിരുന്നു. ഡി.സി.സി പ്രസിഡന്റുമാര്‍ക്കും മാറ്റമുണ്ടാകും. കെ.പി.സി.സി ഭാരവാഹികളെ മാറ്റുന്നത് ഹൈക്കമാന്‍ഡുമായി ആലോചിച്ചാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."