അശുദ്ധരല്ല അന്തസുള്ളവരാണ് സ്ത്രീകള്‍: മന്ത്രി ശൈലജ
ഇരിട്ടി: സ്ത്രീകള്‍ അശുദ്ധരല്ലെന്നും അവര്‍ അന്തസുള്ളവരാണെന്നും മന്ത്രി കെ.കെ ശൈലജ. പായം പഞ്ചായത്തില്‍ സ്റ്റുഡന്റ് ഡോക്ടര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ എങ്ങനെ അശുദ്ധിയാകുമെന്നും മന്ത്രി ചോദിച്ചു. ഒരുമതത്തിലെ ദൈവത്തിനും സ്ത്രീകള്‍ അശുദ്ധരല്ല.
ശബരിമലയില്‍ നേരത്തെയും യുവതികള്‍ പ്രവേശിച്ചിട്ടുണ്ട്. കുറച്ചൊക്കെ ശാസ്ത്രീയമായും മനുഷ്യത്വപരമായും ചിന്തിക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് നാം വളരണം. സ്ത്രീകള്‍ കയറിയതില്‍ അയ്യപ്പന് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ കയറിവര്‍ മലയിറങ്ങേണ്ടെന്നും അയ്യപ്പന്‍ അവരെ ഭസ്മമാക്കുമായിരുന്നില്ലേയെന്നും മന്ത്രി ചോദിച്ചു.
ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് ചെറിയ ക്ലാസുകളില്‍ നിന്നുതന്നെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം. കുട്ടി ഡോക്ടര്‍ പദ്ധതി ജില്ലയിലാകെ വ്യാപിപ്പിക്കും. സംസ്ഥാനത്ത് ഏതാനും ജില്ലകളില്‍ കൂടി പദ്ധതി നടപ്പാക്കുന്നുണ്ട്.
പദ്ധതിയിലെ മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തി സംസ്ഥാന തലത്തില്‍ കുട്ടി ഡോക്ടര്‍ പദ്ധതി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്തിലെ 13 സ്‌കൂളുകളില്‍ നിന്നായി തിരഞ്ഞെടുത്ത 101 വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതിയുടെ ഭാഗമായി പരിശീലനം നല്‍കിയത്. വിദ്യാര്‍ഥികളെ ആരോഗ്യ രംഗത്ത് സജീവമാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് പദ്ധതി. നാലു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കിയത്. രണ്ടു ലക്ഷം രൂപയാണ് പഞ്ചായത്ത് പദ്ധതിക്കായി മാറ്റിവച്ചത്. കുന്നോത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ സ്റ്റുഡന്റ് ഡോക്ടര്‍മാര്‍ക്കുള്ള ബാഡ്ജുകളും മന്ത്രി വിതരണം ചെയ്തു. സണ്ണി ജോസഫ് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍. അശോകന്‍, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്, ഡോ. എം.കെ ഷാജ്, ഡോ. കെ.വി ലതീഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."