മരുന്നും ചികിത്സയും സൗജന്യമായി നല്‍കി പ്രേമരാജന്‍ വൈദ്യര്‍
പനമരം: പാവപ്പെട്ട രോഗികളോട് പണം വാങ്ങാത്ത പ്രേമരാജന്‍ വൈദ്യരുടെ രീതി വേറിട്ടതാകുന്നു. രോഗികള്‍ രോഗം മാറിയതായി അറിയിക്കുമ്പോള്‍ തനിക്കുണ്ടായ സാമ്പത്തിക നഷ്ടം ഇദ്ദേഹം കാര്യമാക്കുന്നില്ല. ചീക്കല്ലൂര്‍ പ്രേമരാജന്‍ എന്ന പാരമ്പര്യ വൈദ്യര്‍ അങ്ങനെ എല്ലാം കൊണ്ടും വ്യത്യസ്തനാവുകയാണ്. കാന്‍സര്‍, വെരിക്കോസ്, തൈറോയ്ഡ്, നടുവേദന, തലവേദന എന്നിങ്ങനെ ഒട്ടുമിക്ക അസുഖങ്ങള്‍ക്കും ഇദ്ദേഹത്തിന്റെ പക്കല്‍ മരുന്നുണ്ട്. വീട്ടില്‍ എത്തുന്ന രോഗികള്‍ക്ക് ഒരു എണ്ണ കൊടുത്തു വിടും. അത് തീരുന്ന മുറയ്ക്ക് വന്ന് വാങ്ങാം. രോഗം മാറുന്ന വരെ സൗജന്യ മരുന്ന് കിട്ടും. മൂന്ന് വര്‍ഷം മുമ്പ് നീര്‍വാരം സ്വദേശിയായ ആദിവാസി യുവാവിന് ബീഡി രോഗം ബാധിച്ച് കാല്‍ മുറിക്കാന്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ തീരുമാനിച്ചു.പേടിച്ചരണ്ട യുവാവ് പ്രേമരാജന്‍ വൈദ്യരുടെ അടുത്തെത്തി. എണ്ണ തേച്ച യുവാവിന്റെ മുറിവുണങ്ങി. കാല്‍ മുറിക്കേണ്ടി വന്നില്ല. മതാവ് ചീക്കല്ലൂര്‍ മാക്കി അക്കമ്മയില്‍ നിന്നാണ് പ്രേമരാജന്‍ നാട്ടുവൈദ്യം പഠിച്ചത്. സൗജന്യ ചികിത്സയായിരുന്നു അമ്മ കൊടുത്തിരുന്നത്. അത് പ്രേമരാജനും പിന്‍തുടരുന്നു. ദീര്‍ഘകാലം പൊതുമരാമത്ത് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന പ്രേമരാജന്‍ മൂന്ന് വര്‍ഷം മുമ്പാണ് വിരമിച്ചത്. അതിന് ശേഷം നാട്ടുവൈദ്യവും കവിതയെഴുത്തും സജീവമാക്കി. 10 വര്‍ഷം മുന്‍പ് പഴശ്ശിപ്പാട്ട് എന്ന കവിതാ സമാഹാരം വൈദ്യരുടെ പേരില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ദ്വാരകയിലെ റേഡിയോ മറ്റൊലി ശ്രോതാക്കള്‍ക്ക് ഇദ്ദേഹം കവി, കഥാകൃത്ത് എന്നീ നിലകളില്‍ സുപരിചിതനാണ്. ഭാര്യ ബിന്ദുവിന്റെ പിന്തുണ സൗജന്യ ചികിത്സക്ക് പ്രചോദനമാകുന്നതായി വൈദ്യര്‍ പറയുന്നു. ഏകമകള്‍ അമൃത പ്രിയ കോഴിക്കോട് എം.ബി.എ വിദ്യാര്‍ഥിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."