തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് മുക്തരാകാതെ പ്രതിപക്ഷം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ നിന്ന് യു.ഡി.എഫ് ഇനിയും മുക്തരായില്ല. ഇതുകാരണം പ്രതിപക്ഷമെന്ന നിലയില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ മുന്നണിക്കാവുന്നില്ല. തുടക്കത്തില്‍ തന്നെ വേണ്ടത്ര വിഷയങ്ങള്‍ വീണുകിട്ടിയിട്ടും പ്രതിപക്ഷത്തു നിന്ന് ശക്തമായ പ്രതികരണമൊന്നുമുണ്ടായില്ല. തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങളാണ് പ്രധാനമായും ഈ ആലസ്യത്തിനു കാരണമാകുന്നത്.
മാതൃകാപരമെന്ന വിശേഷണവുമായി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ കാര്യങ്ങള്‍ പോലും പുതിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉപേക്ഷിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മുഖമുദ്രയെന്നു യു.ഡി.എഫ് വിശേഷിപ്പിച്ച ഭരണ സുതാര്യതയില്‍ കത്തിവച്ചുകൊണ്ടാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണമാരംഭിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ക്യാമറകളും വെബ്കാസ്റ്റിങ് സംവിധാനവും തുടക്കത്തില്‍ തന്നെ ഒഴിവാക്കി. ആഴ്ചതോറുമുള്ള മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി നടത്തുന്ന വാര്‍ത്താസമ്മേളനം ഒഴിവാക്കിക്കൊണ്ട് ഭരണസിരാകേന്ദ്രത്തില്‍ നിന്ന് മാധ്യമങ്ങളെ പരമാവധി അകറ്റിനിര്‍ത്തുന്ന നിലപാടാണ് സ്വീകരിക്കുകയെന്ന സൂചനയും സര്‍ക്കാര്‍ നല്‍കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുജനങ്ങള്‍ക്ക് സെക്രട്ടേറിയറ്റിലേക്കുള്ള പ്രവേശനം എളുപ്പമായിരുന്നു. അതിനു നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കം ഇപ്പോള്‍ നടക്കുന്നുണ്ട്. ഇതിനെതിരേയൊന്നും പ്രതികരിക്കാന്‍ പ്രതിപക്ഷത്തിനു സാധിച്ചിട്ടില്ല.
പൊലിസ് തലപ്പത്തു നടന്ന അഴിച്ചുപണി വിവാദത്തിനു തിരികൊളുത്തിയെങ്കിലും പ്രതിപക്ഷം അത് ഏറ്റുപിടിച്ചില്ല. യു.ഡി.എഫ് ഭരണകാലത്ത് സര്‍ക്കാരിനെതിരേ അന്നത്തെ പ്രതിപക്ഷം ശക്തമായി ഉപയോഗപ്പെടുത്തിയ വിഷയമായിരുന്നു ആര്‍. ബാലകൃഷ്ണപിള്ള മാനേജരായ സ്‌കൂളിലെ അധ്യാപകന്‍ വാളകത്ത് ആക്രമിക്കപ്പെട്ട സംഭവം. ഇപ്പോള്‍ ഇടതു സര്‍ക്കാരിനോടൊപ്പം നില്‍ക്കുന്ന ബാലകൃഷ്ണപിള്ള ഈ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത സംഭവം ഒരു ചര്‍ച്ചയാക്കാന്‍ പോലും പ്രതിപക്ഷത്തിനായില്ല.
അതിരപ്പിള്ളി, മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ എന്നീ വിഷയങ്ങളില്‍ ഭരണമുന്നണിയിലെ പ്രമുഖ കക്ഷികളായ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള ഭിന്നതകള്‍ മാധ്യമങ്ങള്‍ വഴി പുറത്തുവന്നെങ്കിലും അത് ഉയര്‍ത്തിക്കാട്ടാനും പ്രതിപക്ഷം മുന്നോട്ടുവന്നില്ല.
ഹരിപ്പാട് മെഡിക്കല്‍ കോളജിന്റെ പേരില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഭരണപക്ഷവും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ ചെന്നിത്തലയ്‌ക്കൊപ്പം നിന്ന് ഭരണപക്ഷത്തെ നേരിടാന്‍ പ്രതിപക്ഷത്തു നിന്ന് അധികമാരും ഉണ്ടായില്ല.
ഏറ്റവുമൊടുവില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിനോട് മന്ത്രി ഇ.പി ജയരാജന്‍ അപമര്യാദയായി പെരുമാറിയെന്ന ആരോപണമുയര്‍ന്നപ്പോള്‍ പ്രതിപക്ഷത്തു നിന്ന് ചില ഒറ്റപ്പെട്ട പ്രസ്താവനകള്‍ ഉണ്ടായതല്ലാതെ സംഘടിതമായ ഒരു നീക്കവുമുണ്ടായില്ല.
യു.ഡി.എഫിനു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിലുണ്ടായ ആഭ്യന്തരപ്രശ്‌നങ്ങളിലേക്ക് മുതിര്‍ന്ന നേതാക്കളുടെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നതാണ് ഈ നിശ്ചലാവസ്ഥയ്ക്കു കാരണമാകുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം, കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ഇനിയും നീണ്ടുപോകാനിടയുണ്ടെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."