വടകരയില്‍ സംഘര്‍ഷം; പൊലിസിന് നേരെ അക്രമം
വടകര: ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ വൈകിട്ട് വടകരയില്‍ നടന്ന പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു. പുതിയ സ്റ്റാന്‍ഡില്‍ വ്യാപക കല്ലേറുണ്ടായി. സംഭവത്തില്‍ പൊലിസുകാര്‍ക്ക് പരുക്കേറ്റു. അക്രമികളെ പിരിച്ചുവിടാന്‍ പൊലിസ് ഗ്രനേഡ് പ്രയോഗിച്ചു.
ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ അവസരം ഒരുക്കിയെന്ന് ആരോപിച്ചാണ് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ പ്രകടനം നടന്നത്. പുതിയ സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച പ്രകടനം അടക്കാത്തെരു, കോട്ടപ്പറമ്പ്, എടോടി വഴി തിരികെ പുതിയ സ്റ്റാന്‍ഡ് പരിസരത്ത് എത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. സ്റ്റാന്‍ഡിനു സമീപത്തെ ദേശീയപാതയില്‍ പൊലിസിനെ ആക്രമിക്കുകയായിരുന്നു. ഒപ്പം വ്യാപക കല്ലേറും നടന്നു. അക്രമികളെ പിരിച്ചുവിടാനാണ് പൊലിസ് ഗ്രനേഡ് പ്രയോഗിച്ചത്. മുന്നു ഗ്രനേഡ് പൊട്ടിച്ചു. കടകള്‍ക്കു നേരേയും കല്ലേറുണ്ടായി. സ്ഥലത്ത് കൂടുതല്‍ പൊലിസിനെ വിന്യസിച്ചിരിക്കുകയാണ്. പ്രവര്‍ത്തകര്‍ക്കും പരുക്കുണ്ട്.
നേരത്തെ ബി.ജെ.പി നടത്തിയ ദേശീയപാത ഉപരോധത്തെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഇടത് അനുകൂല സംഘടനകളുടെ ബോര്‍ഡുകളും ബാനറും കൊടിമരവുമെല്ലാം നശിപ്പിച്ചു.
അന്‍പതോളം വരുന്ന പ്രവര്‍ത്തകരാണ് നഗരത്തില്‍ പ്രകടനം നടത്തിയത്. പൊലിസുകാരുടെ എണ്ണം കുറവായതിനാല്‍ ഏറെ നേരം പ്രതിഷേധക്കാര്‍ ഉപരോധ സമരവും അക്രമങ്ങളും തുടര്‍ന്നു. പിന്നീട് കൂടുതല്‍ പൊലിസെത്തി ഇവരെ വിരട്ടിയോടിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."