അതിജീവനത്തിന്റെ പണിമുടക്ക് സമരം
തൊഴിലാളി യൂനിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് സമരം ഇന്നലെ അര്‍ധരാത്രി മുതല്‍ ആരംഭിച്ചിരിക്കയാണ്. ഇന്ന് അര്‍ധരാത്രി പന്ത്രണ്ടിന് അവസാനിക്കുന്ന സമരം അവകാശങ്ങള്‍ ചോദിച്ചു വാങ്ങുന്നതിനപ്പുറം അതിജീവനം തേടുന്ന ഇന്ത്യയിലെ സംഘടിത, അസംഘടിത, പരമ്പരാഗത തൊഴിലാളികള്‍ ഇന്നത്തെ അതിഭീകരമായ അവസ്ഥയിലാണ് എന്ന യാഥാര്‍ഥ്യമാണ് വിളിച്ചുപറയുന്നത്.
തൊഴിലാളികളുടെ കുറഞ്ഞ വേതനം 21,000 രൂപയാക്കുക, പൊതുമേഖലാ സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക, തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം. സാധാരണ പണിമുടക്ക് സമരങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ പൊതുസമൂഹം അതിനെ പുച്ഛിക്കുകയോ അല്ലെങ്കില്‍ ഒരു ഒഴിവ് ദിനത്തിന്റെ സുഖാലസ്യത്തിലേക്ക് വീഴുകയോ ആണ് പതിവ്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഇന്നത്തെ പണിമുടക്ക്. സാധാരണക്കാരായ തൊഴിലാളികള്‍ ജീവിക്കണോ മരിക്കണോ എന്ന ചോദ്യമാണ് ഈ സമരത്തിലൂടെ ഉയര്‍ത്തുന്നത്. അതുകൊണ്ട് തന്നെയാണ് ഈ സമരത്തിന് അതിജീവനത്തിന്റെ പരിവേഷം വരുന്നതും.
ഇന്ത്യയില്‍ ഇന്ന് മുപ്പത് കോടിയോളം ജനങ്ങള്‍ ഈ സമരത്തിന്റെ ഭാഗമാകുകയാണ്. ഇതില്‍നിന്ന് തന്നെ ഇന്ത്യയിലെ തൊഴിലാളികള്‍ തീര്‍ത്തും പരീക്ഷണമായ ഒരവസ്ഥയെയാണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നതെന്നത് വ്യക്തവുമാണ്. 2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ കുത്തക, കോര്‍പ്പറേറ്റുകളെ പരിപോഷിപ്പിച്ചു കൊണ്ടിരിക്കയാണ്. മുസോളിനി ഇറ്റലിയില്‍ നടപ്പാക്കിയ ആശയത്തിന്റെ ആവര്‍ത്തനമാണ് ഇന്ത്യയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പരീക്ഷിക്കുന്നത്. കോര്‍പ്പറേറ്റുകളും സ്റ്റേറ്റും ഒന്നിച്ചുനിന്ന് മുന്നോട്ട് പോകണമെന്നും അവിടെ തൊഴിലാളികള്‍ അപ്രസക്തമാണെന്നുമായിരുന്നു മുസോളിനി ആവിഷ്‌ക്കരിച്ച സിദ്ധാന്തം.
അധികാരത്തില്‍ വന്നതുമുതല്‍ നരേന്ദ്ര മോദി ഈ സിദ്ധാന്തം ഇന്ത്യയില്‍ നടപ്പാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ പരിണിത ഫലമാണ് ഇന്ത്യയിലെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ ഇന്ന് അഭിമുഖീകരിക്കുന്നത്. പൊതുവിതരണം താറുമാറായി. അതിന്റെ ഫലമായി സാധാരണക്കാരന് കിട്ടേണ്ട ന്യായമായ അരിയും മറ്റു നിത്യോപയോഗ വസ്തുക്കളും അന്യമായിക്കൊണ്ടിരിക്കുന്നു. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്കാകട്ടെ മതിയായ വില കിട്ടുന്നില്ല.
ആഗോള വ്യാപാര കരാറിന്റെ ദുരന്തം പാവപ്പെട്ട കര്‍ഷകരാണ് അനുഭവിക്കുന്നത്. കാര്‍ഷികോല്‍പന്നങ്ങള്‍ വന്‍തോതില്‍ വിദേശ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുമ്പോള്‍ ഇന്ത്യയിലെ സാധാരണക്കാരനായ കര്‍ഷകന്റെ ഉല്‍പന്നങ്ങള്‍ക്ക് വിലയിടിയുന്നു. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് കൃഷി ചെയ്യുന്ന കര്‍ഷകന്‍ അത് തിരിച്ചടക്കാന്‍ കഴിയാതെ ആത്മഹത്യയില്‍ അഭയം തേടുന്നു. അല്ലാത്തവരുടെ ഭൂമിയും കിടപ്പാടവും ബാങ്കുകള്‍ ജപ്തി ചെയ്യുന്നു. നരേന്ദ്ര മോദി ഭരണത്തില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. പലര്‍ക്കും ഇന്ന് കൃഷിയുമില്ല. കിടപ്പാടവുമില്ല.
കര്‍ഷകരുടെ വായ്പ എഴുതിത്തള്ളണമെന്ന ആവശ്യത്തിന്മേല്‍ ബി.ജെ.പി സര്‍ക്കാര്‍ മുഖം തിരിക്കുമ്പോള്‍ കോര്‍പ്പറേറ്റുകളുടെ കോടികള്‍ എഴുതിത്തള്ളാന്‍ ഉത്സാഹിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ വന്‍കിട കോര്‍പ്പറേറ്റുകളുടെ 1.76 ലക്ഷം കോടിയാണ് സര്‍ക്കാര്‍ എഴുതിത്തള്ളിയത്. 416 വന്‍കിടക്കാര്‍ക്കാണ് ഈ ആനുകൂല്യം ലഭിച്ചത്. 2015 നും 2018 നും ഇടയില്‍ 2.17 ലക്ഷം കോടി ബാങ്കുകള്‍ എഴുതിത്തള്ളി. 2019 മാര്‍ച്ച് 31 വരെ എസ്.ബി.ഐ വന്‍കിടക്കാരുടെ 76,611 കോടിയാണ് എഴുതിത്തള്ളിയത്. കര്‍ഷകന്‍ എടുത്ത ഒന്നും രണ്ടും ലക്ഷം രൂപ തിരിച്ചടക്കാന്‍ കഴിയാതെ വരുമ്പോള്‍ അവന്റെ കൃഷിഭൂമി പിടിച്ചെടുക്കുന്ന ബാങ്കുകളാണ് ബി.ജെ.പി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കോര്‍പ്പറേറ്റുകളുടെ കോടികളുടെ കുടിശ്ശികകള്‍ എഴുതിത്തള്ളുന്നത്. അതിനെതിരേയും കൂടിയാണ് ഇന്നത്തെ പണിമുടക്ക് സമരം. കര്‍ഷകന്റെ കടവും എഴുതിത്തള്ളിയേ തീരൂ.
കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ കണ്ട ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയെയാണ് ഇപ്പോള്‍ ഇന്ത്യ അഭിമുഖീകരിക്കുന്നത്. ഓരോ കമ്പനികളും തൊഴിലാളികളെ കൂട്ടത്തോടെയാണ് പിരിച്ചുവിടുന്നത്. വാഹന നിര്‍മാണ വില്‍പന രംഗത്തെ 3 ലക്ഷം തൊഴിലാളികള്‍ക്ക് ഇതിനകം തന്നെ തൊഴില്‍ നഷ്ടപ്പെട്ടു. ഈ പ്രവണത തുടരുകയാണെങ്കില്‍ പത്ത് ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണ്.
ടെക്‌സ്റ്റൈല്‍ മേഖലയിലും ലക്ഷക്കണക്കിന് തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. കേന്ദ്ര സര്‍ക്കാരിന്റെ ഇറക്കുമതി നയവും തദ്ദേശീയ തുണിമില്ലുകള്‍ക്ക് ചുമത്തിയ കനത്ത നികുതിയും ആ വ്യവസായ മേഖലയെ തകര്‍ത്തിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ നമ്മുടെ വസ്‌ത്രോല്‍പന്നങ്ങള്‍ക്ക് മത്സരിക്കാനാകുന്നില്ല. ഈ കാരണത്താല്‍ ടെക്‌സ്‌റ്റൈല്‍ മേഖലയിലും വന്‍തോതില്‍ തൊഴിലാളികളെ പിരിച്ചുവിട്ട് കൊണ്ടിരിക്കുന്നു. മൂന്ന് കോടിയിലധികം മില്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. പല കമ്പനികളും പൂട്ടിപ്പോയതിനാലാണ് തൊഴിലാളികള്‍ തെരുവിലായത്. നിര്‍മാണ മേഖലയും തകര്‍ന്നുകഴിഞ്ഞു. മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് നിര്‍മാണ മേഖലയില്‍ തൊഴില്‍ നഷ്ടം. ഇരുമ്പ്, സിമന്റ് തൊഴില്‍മേഖലകളിലും തൊഴിലാളികളെ പിരിച്ചുവിടുന്നു.
പൊള്ളുന്ന ഈ വസ്തുതകളെല്ലാം സര്‍ക്കാര്‍ മൂടിവയ്ക്കുകയാണ്. രാജ്യത്തെ ഗുരുതരമായ സാമ്പത്തിക തകര്‍ച്ചയില്‍ ആഴ്ത്തിയ ഈ തൊഴില്‍ നഷ്ടങ്ങളെ കുറിച്ച് പുറത്തുപറയരുതെന്ന് ചട്ടം കെട്ടിയിരിക്കയാണ് കമ്പനികളെ ബി.ജെ.പി സര്‍ക്കാര്‍.
ഈ യാഥാര്‍ഥ്യങ്ങളെയെല്ലാം പൊതു സമൂഹത്തില്‍നിന്ന് സര്‍ക്കാര്‍ തമസ്‌ക്കരിക്കുന്നത് വര്‍ഗീയതയുടെ വിഷക്കാറ്റ് ഊതിയാണ്. വിശക്കുന്നവന്റെ മുന്നില്‍ മത വിഭജനത്തിന്റെ പാഷാണമാണ് ബി.ജെ.പി സര്‍ക്കാര്‍ വിളമ്പിക്കൊണ്ടിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്തെ ജനങ്ങളെ ഇതിനകം തന്നെ മതകീയമായി വിഭജിക്കുവാന്‍ കഴിഞ്ഞുവെന്ന ഊറ്റത്തിലാണ് സര്‍ക്കാര്‍. ജെ.എന്‍.യു തകര്‍ക്കുന്നതിലൂടെ രാജ്യത്തിന്റെ മതനിരപേക്ഷതയുടെ ദീപസ്തംഭത്തെയും കെടുത്തിക്കളയാമെന്ന വ്യാമോഹത്തിലുമാണ്. ഈ വര്‍ഗീയ കോമരം തുള്ളലിനെതിരേയും കൂടിയാണ് ഇന്നത്തെ ദേശീയപണിമുടക്ക് സമരം.
അമിത ദേശീയതയിലും വ്യാജ ദേശഭക്തിയിലും ജനത്തെ മയക്കിക്കിടത്തി പൊള്ളുന്ന ഇന്ത്യന്‍ യാഥാര്‍ഥ്യത്തെ അവരില്‍നിന്ന് മറച്ചുപിടിക്കാന്‍ നടത്തുന്ന കുത്സിത സമരങ്ങള്‍ക്കുമെതിരേയാണ് ഇന്നത്തെ പണിമുടക്ക്. പൗരത്വ നിയമ ഭേദഗതിക്കെതിരേ ഇന്ത്യയൊട്ടാകെ ആളിക്കത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധ സമരങ്ങളിലേക്ക് തൊഴില്‍ നഷ്ടപ്പെട്ട യുവാക്കളും തൊഴിലിനായി കാത്തിരിക്കുന്ന യുവാക്കളും കര്‍ഷകരും വരും നാളുകളില്‍ കൂടിച്ചേരുമ്പോള്‍ പാകിസ്താന്‍ എന്നലറിക്കൊണ്ടും അര്‍ബന്‍ നക്‌സല്‍ എന്നട്ടഹസിച്ചുക്കൊണ്ടും വ്യാജ ദേശഭക്തി വീശിക്കൊണ്ടും ആ കൊടുങ്കാറ്റിനെ തടഞ്ഞുനിര്‍ത്താന്‍ ബി.ജെ.പി ഭരണകൂടത്തിന് കഴിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."