പുതുവര്‍ഷം കൊണ്ടുവന്ന ദുരന്തത്തില്‍ വിറങ്ങലിച്ച് ബീമാപള്ളിയിലെ നാല് നിര്‍ധന കുടുംബങ്ങള്‍
കോവളം: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതുവര്‍ഷം കൊണ്ടുവന്ന ദുരന്തത്തില്‍ വിറങ്ങലിച്ച് ബീമാപള്ളിയിലെ നാല് നിര്‍ധന കുടുംബങ്ങള്‍.
ചേരിയാമുട്ടത്തെ പൊഴിക്കരയില്‍ കുളിക്കാനിറങ്ങി മുങ്ങിമരിച്ച ഇബ്രാഹിം ബാദുഷ ,നവാബ് ഖാന്‍,റമീസ് ഖാന്‍,ബിസ്മില്ലാഖാന്‍ എന്നിവരുടെ കുടുംബങ്ങളെയാണ് തീരാവേദനയിലേക്ക് പുതുവര്‍ഷം വലിച്ചെറിഞ്ഞത്. രണ്ടോ മൂന്നോ വര്‍ഷം കൂടി കഴിയുമ്പോള്‍ കുടുംബത്തിന്റെ താങ്ങും തണലുമായി മാറും എന്ന് കരുതിയവരെയാണ് ഒരു മുന്നറിയിപ്പുമില്ലാതെ കാലം കവര്‍ന്നെടുത്ത്.
തങ്ങളുടെ പൊന്നേമനകളെ പറക്കമുറ്റുന്നതിന് മുമ്പേ തിരിച്ചുവിളിച്ച വിധിയുടെ വിളയാട്ടത്തില്‍ അമ്പരന്നിരിക്കുകയാണ് വിടപറഞ്ഞുപോയവരുടെ കുടുംബങ്ങള്‍. വര്‍ഷങ്ങള്‍ക്കുമുന്‍പ് കുടുംബം പോറ്റാന്‍ മണലാരുണ്യത്തിലേക്ക് പോയി വാഹനാപകടത്തില്‍ മരിച്ച ബാദുഷയുടെ മകനാണ് കടലില്‍ കുളിക്കവെ മുങ്ങിമരിച്ച ബിസ്മില്ലാഖാന്‍. കണ്ണിലെണ്ണയൊഴിച്ച് വളര്‍ത്തിവലുതാക്കിയ പൊന്നുമോനെ പെട്ടെന്ന് തിരികെ വിളിച്ച പടച്ച തമ്പുരാന്റെ പരീക്ഷണത്തിന്റെ കാഠിന്യവും തന്റെ കാലശേഷം മകളുടെയും കൊച്ചുമക്കളുടെയും അവസ്ഥ എന്താകുമെന്ന ആശങ്കയിലുമാണ് ഇന്ന് ഈ വയോവൃദ്ധനും കുടുംബവും.
ഏറെക്കുറെ സമാനമായ സാഹചര്യമാണ് മറ്റുള്ളവരുടെ കുടുംബങ്ങള്‍ക്കുമുള്ളത്. ഓട്ടോ ഡ്രൈവറായ റഫീക്കിന്റെ മകനാണ് മരണപ്പെട്ട ഇബ്രാഹിം ബാദുഷ. മകനെ പഠിപ്പിച്ച് വലിയ ആളാക്കണമെന്ന ആഗ്രഹത്തില്‍ വിശ്രമമില്ലാതെ വണ്ടിയോടിച്ചാണ് തന്റെ മൂന്ന് മക്കള്‍ക്കും വിദ്യാഭ്യാസത്തിനുള്ള വക റഫീക്ക് കണ്ടെത്തിയിരുന്നത്. ഇതിനിടയിലാണ് വിധി കടലിന്റെ രൂപത്തിലെത്തി തനിക്കും കുടുംബത്തിനും താങ്ങും തണലുമാകുമെന്ന് കരുതിയ പൊന്നുമകനെ കവര്‍ന്നെടുത്തത്. സ്വദേശിവല്‍രണത്തെ തുടര്‍ന്ന് ഉണ്ടായിരുന്ന തൊഴില്‍ നഷ്ടപ്പെട്ടതോടെ ജോലി ഇല്ലാതെ ഗല്‍ഫില്‍ കഴിയുന്ന അബ്ദുല്‍ റഹിമാനും താങ്ങാനാവുന്നതിനപ്പുറമാണ് തന്റെ പൊന്നുമോനായ റമീസ് ഖാന്റെ അപ്രതീക്ഷിത വിയോഗം.
പുതുവര്‍ഷത്തില്‍ തന്റെയും കുടുംബത്തിന്റെയും കഷ്ടപ്പാടുകള്‍ക്ക് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയില്‍ കഴിയുന്നതിനിടെ വിധി നല്‍കിയ ആഘാതത്തിന്റെ ഞെട്ടലിലാണ് അബ്ദുറഹിമാന്റെ കുടുംബം. രണ്ടു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന് അന്നത്തിന് വക തേടി സഊദിയിലെ റിയദില്‍ പ്രവാസ ജീവിതം നയിക്കുന്ന ഷാനവാസിനും കുടുംബത്തിനും മകന്‍ നവാബിന്റെ വിയോഗം ഇനിയും വിശ്വസിക്കാനാകാത്ത അവസ്ഥയാണ്.
ഏറെ പ്രതീക്ഷോടെ വളര്‍ത്തിയ പൊന്നുമക്കള്‍ പതിവ് പോലെ തന്നെ പുതുവര്‍ഷ ദിനത്തിലും ഉച്ചഭക്ഷണവും കഴിച്ച് വീടുകളില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ ഈ കുടുംബങ്ങള്‍ അറിഞ്ഞിരുന്നില്ല തങ്ങളെ കാത്തിരിക്കുന്ന ദുരന്ത വാര്‍ത്തയെകുറിച്ച്. തങ്ങളുടെ പൊന്നുമക്കള്‍ ഭക്ഷണവും കഴിഞ്ഞ് ഒരുമിച്ച് നടന്നപോയത് മരണത്തിന്റെ കാണാകയത്തിലേക്കാണെന്നത് ഈ കുടുംബങ്ങള്‍ക്കും നാട്ടുകാര്‍ക്കും വിശ്വസിക്കാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."