വീണ്ടും സിക്‌സറടി ചലഞ്ച്; ഇത്തവണ ബിഗ് ബാഷില്‍
സിഡ്‌നി: ഒരോവറിലെ സിക്‌സറടി മേളം ഇപ്പോള്‍ നിത്യകാഴ്ചയായിരിക്കുകയാണ്. ലോകോത്തര താരങ്ങള്‍ ഇതൊരു ചലഞ്ചായി ഏറ്റെടുത്ത് ബാറ്റിങ് വിസ്മയം തീര്‍ത്തു കൊണ്ടിരിക്കുന്നു.
കഴിഞ്ഞ ദിവസം ആസ്‌ത്രേലിയയില്‍ നടക്കുന്ന ബിഗ് ബാഷ് ലീഗ് ടി20യിലും ഇത് കാണികള്‍ക്ക് ആവേശ വിരുന്നൊരുക്കി. ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ലേലത്തില്‍ സ്വന്തമാക്കിയ ഇംഗ്ലണ്ട് താരം ടോം ബാന്റനാണ് അവകാശി.
സിഡ്‌നി തണ്ടേഴ്‌സിനെതിരേയായിരുന്നു ബ്രിസ്‌ബേന്‍ ഹീറ്റ്‌സിന് വേണ്ടി ഇറങ്ങിയ ബാന്റന്റെ പ്രകടനം. ഒരോവറില്‍ അഞ്ച് സിക്‌സറും താരത്തിന്റെ ബാറ്റില്‍നിന്ന് പിറന്നു. മഴ മൂലം ഓവര്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ 19 പന്തില്‍ രണ്ട് ബൗണ്ടറികളും ഏഴു സിക്‌സറുകളുമടക്കം 56 റണ്‍സാണ് താരം അടിച്ചെടുത്തത്.
നാലാം ഓവറിലായിരുന്നു വെടിക്കെട്ട് വിസ്മയം. ഇന്ത്യന്‍ വംശജനായ അര്‍ജുന്‍ നായര്‍ എറിഞ്ഞ ഈ ഓവറില്‍ അഞ്ച് സിക്‌സറുകളടക്കം 30 റണ്‍സാണ് ബാന്റണ്‍ നേടിയത്. ആദ്യ പന്തില്‍ റിവേഴ്‌സ് സ്വീപിന് ശ്രമിച്ച് പരാജയപ്പെട്ട ബാന്റണ്‍ പിന്നീടുള്ള അഞ്ച് പന്തുകളാണ് ഗ്യാലറിയിലെത്തിച്ചത്. മത്സരത്തില്‍ 16 പന്തില്‍ അര്‍ധസെഞ്ചുറി പിന്നിട്ട ബാന്റണ്‍, ബിഗ് ബാഷ് ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ അര്‍ധസെഞ്ചുറിയും സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ബ്രിസ്‌ബേന്‍ ബാന്റന്റേയും ക്രിസ് ലിന്നിന്റേയും (13 പന്തില്‍ 31) ബാറ്റിങ് മികവില്‍ എട്ട് ഓവറില്‍ നാലു വിക്കറ്റിന് 119 റണ്‍സാണ് എതിരാളിക്ക് നീട്ടിയത്. എന്നാല്‍ മറുപടിയില്‍ സിഡ്‌നി തണ്ടേഴ്‌സിന് പരാജയം സമ്മതിക്കേണ്ടി വന്നു. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ബ്രിസ്‌ബേന് 16 റണ്‍സിന്റെ ജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."