വി.എസിന്റെ പദവിയുടെ കാര്യം ആലോചിച്ചിട്ടില്ല: പിണറായി
തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന് എന്തെങ്കിലും പദവി നല്‍കുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സാമ്പത്തികനില അതീവ ഗുരുതരാവസ്ഥയിലാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സി.എ.ജിയുടെ കണക്കുപ്രകാരം സംസ്ഥാനത്തിന്റെ മൊത്തം കടം 1,54,057 കോടി രൂപയാണ്. കൂടാതെ കരാറുകാര്‍ക്കു കൊടുത്തുതീര്‍ക്കാനുള്ള ബാധ്യത, ക്ഷേമ പെന്‍ഷന്‍ കുടിശിക എന്നിവയൊക്കെ വേറെയുമുണ്ട്. എന്നാല്‍ ഭാവി അന്ധകാരം നിറഞ്ഞതാണെന്നു കരുതുന്നില്ല.
പ്രതിസന്ധി മറികടക്കാനുള്ള വിഭവ സമാഹരണത്തിനു നടപടിയുണ്ടാകും. ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന ദ്വിമുഖ സമീപനം സര്‍ക്കാര്‍ സ്വീകരിക്കും. അടിസ്ഥാന സൗകര്യവികസനത്തിനു നടപടികള്‍ സ്വീകരിക്കുമ്പോള്‍ ചില്ലറ അസൗകര്യങ്ങള്‍ സ്വാഭാവികമാണ്.
പൊതുതാല്‍പര്യങ്ങള്‍ക്കു മുന്‍തൂക്കം കൊടുത്ത് അസൗകര്യങ്ങള്‍ പരിഹരിച്ചു നാടിനെ മുന്നോട്ടുകൊണ്ടുപോകും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരു ആശയക്കുഴപ്പവുമില്ല. പുതിയ ഡാം പണിയണമെന്നതിനോടു സര്‍ക്കാരിന് അഭിപ്രായഭിന്നതയില്ല.
എന്നാല്‍ ഇതു നടക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയും തമിഴ്‌നാടിന്റെ സഹകരണവും വേണം. ഇതു സംഘര്‍ഷത്തിലൂടെ നേടാനാവില്ല. തമിഴ്‌നാടുമായി സംഘര്‍ഷത്തിനു താല്‍പര്യമില്ല.
ബാര്‍കോഴ, സോളാര്‍ തട്ടിപ്പുകേസുകളില്‍ സര്‍ക്കാര്‍ രാഷ്ട്രീയമായി ആരോടും പകപോക്കില്ല. എന്നാല്‍ നിയമം നിയമത്തിന്റെ വഴിക്കു പോകുന്നതു തടയുകയുമില്ല. എസ്.ബി.ടി കേരളത്തിന്റെ ബാങ്കാണ്. അത് അങ്ങനെതന്നെ നിലനില്‍ക്കണമെന്നാണു സര്‍ക്കാര്‍ നിലപാട്. സംസ്ഥാന സഹകരണ ബാങ്കിനെ വലിയൊരു ബാങ്കാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നുണ്ട്. വാതക പൈപ്പ്‌ലൈന്‍ പദ്ധതി ഉപേക്ഷിക്കാനാവില്ലെന്ന് എതിര്‍ക്കുന്നവര്‍ മനസിലാക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ അഡ്വാന്‍സായി ഭീഷണിപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ട്. പദ്ധതി വേണ്ടെന്നുവയ്ക്കില്ല. അതുമായി മുന്നോട്ടുപോകും. പൊലിസിനെ ജനസൗഹാര്‍ദപരമാക്കാന്‍ നടപടി സ്വീകരിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആശ്വാസമെത്തിക്കുന്നതിനു മുന്‍ഗണന നല്‍കും. സര്‍ക്കാരിനു മുന്നിലെത്തുന്ന എല്ലാ പരാതികളും 30 ദിവസത്തിനകം തീര്‍പ്പാക്കും.
തന്റെ നാട്ടില്‍ അക്രമങ്ങളഴിച്ചുവിടുന്നത് ആര്‍.എസ്.എസ് ക്രിമിനലുകളാണെന്നു ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. അതു സംബന്ധിച്ച് ആര്‍.എസ്.എസ് നുണപ്രചാരണം നടത്തുകയാണ്.
കാഞ്ഞങ്ങാട്ട് മന്ത്രി ഇ. ചന്ദ്രശേഖരനെ ആക്രമിച്ചതും അവരാണ്. ആ സംഭവത്തിലും അവര്‍ നുണപ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."