നാശം വിതച്ചത് ദുല്‍ഫുഖാര്‍ (ഫതഹ്-110) മിസൈല്‍
തെഹ്‌റാന്‍: ഖാസിം സുലൈമാനി വധത്തിനു പ്രതികാരമായി ഇറാഖിലെ യു.എസ് സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ഇറാന്‍ ഉപയോഗിച്ചത് ഫതഹ്-110, ഖിയാം-1 ഹ്രസ്വദൂര മിസൈലുകള്‍. 1995ലാണ് ഫതഹ്-110 ഇറാന്‍ വികസിപ്പിച്ചു തുടങ്ങിയത്. 2004ല്‍ ഇത് പ്രവര്‍ത്തനസജ്ജമായി. 2007ല്‍ വിപ്ലവസേന ഇതുപയോഗിച്ചു.
8.86 മീറ്റര്‍ നീളമുള്ള ഇതിന് 3,450 കിലോഗ്രാം ഭാരമാണുള്ളത്. 210 കി.മീ ദൂരപരിധിയിലുള്ള ലക്ഷ്യത്തില്‍ നാശം വിതയ്ക്കാന്‍ ഇതിനാവും. 400 കി.മീ വരെ ഇതിനെ എത്തിക്കാന്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ സാധിക്കും.
500 കിലോഗ്രാം ഭാരമുള്ള ആയുധം വഹിക്കാന്‍ ശേഷിയുള്ള ഈ മിസൈല്‍ ഏറെ കൃത്യതയുള്ളതാണെന്ന് ഇറാന്‍ അവകാശപ്പെടുന്നു. ഇതിന് ആണവ പോര്‍മുനകള്‍ വഹിക്കാനാവുമെന്ന് പറയപ്പെടുന്നു.
ഈ ഭൂതല-ഭൂതല മിസൈലിന്റെ കൂടുതല്‍ പരിഷ്‌കരിച്ച പതിപ്പുകളാണ് ഫതഹ്-2, ഫതഹ്-3 എന്നിവ. 700 കി.മീ വരെ ചെന്നെത്തുന്ന ദുല്‍ഫുഖാര്‍ ബാലിസ്റ്റിക് മിസൈല്‍ ഫതഹിന്റെ പരിഷ്‌കരിച്ച രൂപമാണ്. 2016ലാണ് ഇറാന്‍ ഇത് രംഗത്തിറക്കിയത്. ഇത് വിജയകരമായി പരീക്ഷിക്കുന്ന വിഡിയോ ഇറാന്‍ പുറത്തുവിട്ടിരുന്നു. ഇറാഖിലെ യു.എസ് സൈനികകേന്ദ്രങ്ങളില്‍ നാശം വിതയ്ക്കാന്‍ ഇതിനെയാണ് ഉപയോഗിച്ചതെന്നു കരുതുന്നു.
ഫതഹിന്റെ വകഭേദങ്ങളായ ഹുര്‍മുസ്-1, ഹുര്‍മുസ്-2 എന്നിവ യുദ്ധക്കപ്പലുകളെയും റഡാര്‍ സംവിധാനങ്ങളെയും ആക്രമിക്കാന്‍ പര്യാപ്തമാണ്.
മറ്റൊരു ബാലിസ്റ്റിക് മിസൈലായ ഖിയാം-1 2014ലാണ് ഇറാന്‍ പുറത്തിറക്കിയത്. ആറു ടണ്‍ ഭാരമുള്ള ഇതിന് 800 കി.മീ വരെ ദൂരെയുള്ള ലക്ഷ്യത്തില്‍ നാശം വിതയ്ക്കാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."