തളിപ്പറമ്പില്‍ പൊലിസ് ഡംപിങ് യാര്‍ഡിന് സമീപം വന്‍ അഗ്നിബാധ
തളിപ്പറമ്പ്: വെള്ളാരംപാറയില്‍ തളിപ്പറമ്പ് പൊലിസ് ഡംപിങ് യാര്‍ഡിന് സമീപത്ത് വന്‍ അഗ്നിബാധ. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടല്‍കൊണ്ട് വിവിധ കേസുകളില്‍പ്പെട്ട് ഇവിടെ സൂക്ഷിച്ചിരിക്കുന്ന ലക്ഷക്കണക്കിനു രൂപയുടെ വാഹനങ്ങള്‍ക്ക് തീപിടിക്കാതെ ഒഴിവായി.
ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയോരത്ത് വെള്ളാരംപാറയില്‍ തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് തളിപ്പറമ്പില്‍നിന്ന് അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിലെത്തിയ രണ്ട് യൂനിറ്റ് അഗ്നിശമന സേനാഗങ്ങളുടെ ഏറെ നേരത്തെ ശ്രമഫലമായാണ് തീ നിയന്ത്രിക്കാനായത്.
ഈ പ്രദേശത്ത് എല്ലാ വര്‍ഷവും പത്തിലേറെ തവണ തീപിടിത്തങ്ങളുണ്ടാകാറുണ്ട്. കഴിഞ്ഞവര്‍ഷം ഡംപിങ് യാര്‍ഡില്‍ തീപടര്‍ന്ന് മൂന്ന് മിനിലോറികളും രണ്ട് ഗുഡ്സ് ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളും കത്തിനശിച്ചിരുന്നു.
ഇത് മുന്നില്‍കണ്ട് കഴിഞ്ഞദിവസം തളിപ്പറമ്പ് സി.ഐ കെ.ജെ ബിനോയിയുടെ നിര്‍ദേശപ്രകാരം ഡംപിങ് യാര്‍ഡിലേക്ക് തീ പടരാതിരിക്കാന്‍ കമ്പിവേലിയോട് ചേര്‍ന്ന് ആറു മീറ്റര്‍ വീതിയില്‍ മെഷീന് ഉപയോഗിച്ച് കാടുകള്‍ നീക്കം ചെയ്തിരുന്നു. ഈ കാടുകള്‍ ഉണങ്ങിയശേഷം അഗ്നിശമന സേനയുടെ സഹായത്തോടെ കത്തിച്ചു കളയാനിരിക്കെയാണ് തീപിടിത്തമുണ്ടായത്. തക്ക സമയത്ത് അഗ്നിശമന സേന എത്തിയതിനാല്‍ തീ ഡംപിങ് യാര്‍ഡിന് അകത്തേക്ക് പ്രവേശിച്ചില്ല.
ഇതിനു ചുറ്റുമുള്ള ഏക്കര്‍ കണക്കിന് സ്ഥലത്ത് തീപടര്‍ന്നു കശുമാവുകള്‍ ഉള്‍പ്പെടെ നശിച്ചിട്ടുണ്ട്.
അടുത്തദിവസം തന്നെ ഉണങ്ങിയ കാട് കത്തിച്ചു കളയുന്നതിന് പൊലിസിന് ആവശ്യമായ സഹായെ ചെയ്തു കൊടുക്കുമെന്ന് അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ പ്രേമരാജന്‍ കക്കാടി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."