കേരള ചരിത്ര കോണ്‍ഗ്രസിന് തുടക്കമായി
കോട്ടയം: ചരിത്രഗവേഷണം വ്യത്യസ്ത വൈജ്ഞാനിക മേഖലകളുമായി സമന്വയിപ്പിക്കണമെന്നും ഭാഷയുടെയും സംസ്‌കൃതികളുടെയും അതിര്‍വരമ്പുകള്‍ ഭേദിക്കണമെന്നും ഫ്രാന്‍സിലെ വി.എസ്.എല്‍ സര്‍വകലാശാല സാമൂഹിക ശാസ്ത്ര വിഭാഗം ഡയരക്ടര്‍ പ്രൊഫ. കപില്‍രാജ്. അഞ്ചാമത് കേരള ചരിത്ര കോണ്‍ഗ്രസ് മഹാത്മാഗാന്ധി സര്‍വകലാശാല അസംബ്ലി ഹാളില്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ചരിത്ര കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ. രാജന്‍ ഗുരുക്കള്‍ അധ്യക്ഷനായി. എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് വിജ്ഞപ്തി പ്രഭാഷണം നടത്തി. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ അധ്യാപിക പ്രഫ.ആര്‍. മഹാലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി.
ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പ്രമുഖ ചരിത്രകാരന്‍ പ്രൊഫ. കേശവന്‍ വെളുത്താട്ടിനെ ഡോ. രാജന്‍ ഗുരുക്കള്‍ ആദരിച്ചു. സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ ഹരികുമാര്‍, ഡോ. എ. ജോസ്, രജിസ്ട്രാര്‍ പ്രൊഫ. കെ. സാബുക്കുട്ടന്‍, പ്രൊഫ. എം.എച്ച് ഇല്ല്യാസ്, ഡോ. എന്‍. ഗോപകുമാരന്‍ നായര്‍, കെ.എ മഞ്ജുഷ പ്രസംഗിച്ചു.
മാധ്യമം, സാഹിത്യം, കല, സിനിമ, വായ്‌മൊഴി, വംശം, ലിംഗം, ആരോഗ്യം, രോഗാതുരത, പരിസ്ഥിതി, നരവംശം, പുരാവസ്തു, ചരിത്രനിര്‍മിതി, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ,സാംസ്‌കാരിക, വിദ്യാഭ്യാസ, ബൗദ്ധിക മേഖലകളെ ഉള്‍ക്കൊള്ളിച്ച് 14 വ്യത്യസ്ത സെഷനുകളായി മുന്നൂറിലധികം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. തെരഞ്ഞെടുക്കപ്പെട്ട 750 പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടി നാളെ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."