വിദേശ പ്രതിനിധികള്‍ കശ്മിരില്‍
ന്യൂഡല്‍ഹി: ജമ്മുകശ്മിരില്‍ പ്രശ്‌നങ്ങളില്ലെന്ന് അറിയിക്കാനായി കേന്ദ്രസര്‍ക്കാരിനു കീഴില്‍ വിദേശ നയതന്ത്ര പ്രതിനിധികളുടെ രണ്ടാംഘട്ട കശ്മിര്‍ സന്ദര്‍ശനം ആരംഭിച്ചു. എന്നാല്‍, യൂറോപ്പില്‍നിന്നുള്ള പ്രതിനിധികള്‍ നേരത്തേതന്നെ പിന്‍മാറിയതിനാല്‍ സര്‍ക്കാരിന്റെ തന്ത്രം ഏശിയിട്ടില്ല.
ഇന്നലെ കശ്മിരിലെത്തിയ 15 രാജ്യങ്ങളില്‍നിന്നുള്ള സംഘം വിവിധ നേതാക്കളെ സന്ദര്‍ശിക്കുകയും സല്‍ക്കാരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശപ്രകാരമുള്ള സന്ദര്‍ശനത്തിനു താല്‍പര്യമില്ലെന്നറിയിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലെയും ആസ്‌ത്രേലിയയിലെയും പ്രതിനിധികള്‍ സന്ദര്‍ശനത്തില്‍നിന്നു പിന്‍മാറിയിരുന്നു.
തങ്ങള്‍ക്കു സ്വതന്ത്രമായി ആളുകളോട് സംസാരിക്കാനും തങ്ങള്‍ തെരഞ്ഞെടുക്കുന്നവരെ കാണാനും സാധിക്കണമെന്നാണ് യൂറോപ്യന്‍ പ്രതിനിധികള്‍ പറയുന്നത്. കശ്മിരിനുള്ള പ്രത്യേക അധികാരങ്ങള്‍ റദ്ദാക്കിയ ശേഷം കഴിഞ്ഞ ഒക്ടോബറിലും കേന്ദ്രസര്‍ക്കാര്‍ കശ്മിരിലേക്ക് യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികളടക്കമുള്ള വിദേശ നേതാക്കളെ സന്ദര്‍ശനത്തിനെത്തിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലായിരുന്നു ഇത്. കശ്മിര്‍ വിഷയം അന്താരാഷ്ട്ര തലത്തില്‍ തിരിച്ചടിയാകാതിരിക്കാനായിരുന്നു ഇത്തരത്തിലൊരു നീക്കം. ഇന്നലെ ആരംഭിച്ച രണ്ടു ദിവസത്തെ പര്യടനത്തില്‍ യു.എസ്, ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
അതേസമയം, ഇന്ത്യയില്‍നിന്നുള്ള രാഷ്ട്രീയ നേതാക്കളെയും കശ്മിര്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മുന്‍പു രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരെ സന്ദര്‍ശനാനുമതി നിഷേധിച്ച് ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."