സര്‍ജിക്കല്‍ സ്ട്രൈക്ക് കള്ളക്കഥയെന്ന് വീണ്ടും പാകിസ്താന്
ഇസ്ലാമാബാദ്: 2016ല്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് (മിന്നലാക്രമണം) വ്യാജമാണെന്ന് ആവര്‍ത്തിച്ച് പാകിസ്താന്. ഇന്ത്യയുടെ കള്ളക്കഥയും ഭാവനയും മാത്രമാണിതെന്നും മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നെന്നും പാക് വിദേശകാര്യ മന്ത്രാലയം വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. 2016 സെപ്റ്റംബര്‍ 29നാണു നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ സൈന്യം പാകിസ്താനില്‍ മിന്നലാക്രമണം നടത്തിയത്.
സമാധാന ചര്‍ച്ചകളില്‍നിന്ന് ഇന്ത്യ ഒഴിഞ്ഞുമാറുകയാണെങ്കില്‍ പാകിസ്താന് ഒന്നും ചെയ്യാനാകില്ലെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ഇമ്രാന് ഖാന് സെപ്റ്റംബര്‍ 14ന് നരേന്ദ്രമോദിക്കയച്ച കത്തില്‍ രാജ്യത്തിന്റെ നിലപാട് അറിയിച്ചിരുന്നു. മറ്റേതു വിഷയത്തെക്കാളും ആദ്യമായി കശ്മിര് തര്‍ക്കം ചര്‍ച്ച ചെയ്യാനാണ് ആഗ്രഹിക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ മുഴുവന്‍ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതില്‍നിന്ന് ഇന്ത്യയെപ്പോലെ ഒഴിഞ്ഞുമാറാന്‍ പാകിസ്താന് തയാറല്ല. ഇരു രാജ്യങ്ങള്‍ക്കിടയിലെയും ബന്ധം സങ്കീര്‍ണമായ കാര്യമാണ്. ഞങ്ങള്‍ സാവധാനം മുന്നോട്ടുപോവുകയാണ്. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള അപകടകരമായ പ്രവൃത്തികള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കും- അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."