HOME
DETAILS
MAL
യൂത്ത്‌കോണ്‍ഗ്രസ് പുനഃസംഘടന: ഐ ഗ്രൂപ്പിനുള്ളില്‍ പൊട്ടിത്തെറി
backup
January 11 2020 | 03:01 AM
കൊല്ലം: യൂത്ത്‌കോണ്‍ഗ്രസ് പുനഃസംഘടനയെച്ചൊല്ലി ഐ ഗ്രൂപ്പിനുള്ളില്‍ പൊട്ടിത്തെറി. കൊല്ലവും കണ്ണൂരും ചെന്നിത്തല വിഭാഗം കൈക്കലാക്കിയതിനെതിരേ കെ.സി വേണുഗോപാല്‍ വിഭാഗം രംഗത്തെത്തിയതാണ് ഗ്രൂപ്പിനെ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചിരിക്കുന്നത്.
കേരളത്തിലെ കോണ്‍ഗ്രസില്‍ എ.ഐ.സി.സി ജന. സെക്രട്ടറി കെ.സി വേണുഗോപാല്‍ സ്വന്തംപേരില്‍ നടത്തുന്ന ഗ്രൂപ്പ് രൂപീകരണത്തിന്റെ ആദ്യപടിയെന്ന നിലയിലാണ് യൂത്ത്‌കോണ്‍ഗ്രസില്‍ പിടിമുറുക്കിയത്.
കണ്ണൂര്‍, കൊല്ലം ജില്ലാ പ്രസിഡന്റുമാരെ വീതംവയ്ക്കുന്നതാണ് ഗ്രൂപ്പിലെ നിലവിലെ ഭിന്നതക്ക് കാരണം. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സ്ഥാനം ഐ ഗ്രൂപ്പിലെ കെ. സുധാകരന്‍ വിഭാഗത്തിന് നല്‍കിയതിനെതിരേ വേണുഗോപാലിനുള്ള അതൃപ്തിയാണ് പ്രശ്‌നം രൂക്ഷമാക്കിയത്. തന്റെ ജില്ല കൂടിയായതിനാല്‍ കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം തന്റെ വിഭാഗത്തിന് കിട്ടണമെന്ന ആവശ്യമാണ് കെ.സിക്ക്. ഇതിനെ തുടര്‍ന്ന്, ഐ ഗ്രൂപ്പിന്റെ അക്കൗണ്ടിലുള്ള കൊല്ലം നല്‍കാമെന്ന നിര്‍ദേശം ചെന്നിത്തല മുന്നോട്ട് വച്ചെങ്കിലും തീരുമാനമായിട്ടില്ല.
കെ. സുധാകരനെ പിണക്കിയാല്‍ കണ്ണൂര്‍ ഉള്‍പ്പെടുന്ന മലബാര്‍ മാത്രമല്ല മധ്യ, ദക്ഷിണ കേരളത്തിലും ഐ ഗ്രൂപ്പിന്റെ അടിത്തറയിളകാന്‍ അത് ഇടവരുത്തുമെന്ന് ചെന്നിത്തലക്കറിയാം.
അതിനെ തുടര്‍ന്നാണ് ചെന്നിത്തലയുടെ വിശ്വസ്തനും കെ.പി.സി.സി ജന. സെക്രട്ടറിയുമായ ശൂരനാട് രാജശേഖരന്റെ കൊല്ലത്തെ താല്‍പര്യങ്ങളെ ബലികഴിച്ച് കെ.സിയുടെ അനുയായിക്ക് കൊല്ലം നല്‍കാനുള്ള ആലോചന. ഇതിനെ തുടര്‍ന്ന് ഐ ഗ്രൂപ്പിന്റെ രണ്ടാംനിരയിലെ പ്രമുഖ നേതാവ് ഇടപെട്ടാണ് കൊല്ലം കെ.സി വിഭാഗത്തിന് നല്‍കാനുള്ള നീക്കം നടത്തുന്നത്.
കോണ്‍ഗ്രസിലും പോഷക സംഘടനകളിലും പ്രത്യേകം ഗ്രൂപ്പിന് ശ്രമിക്കുന്ന കെ.സി വേണുഗോപാലിന് ഐ ഗ്രൂപ്പിന് ശക്തമായ സ്വാധീനമുള്ള കൊല്ലം ജില്ല സംഘടനാരംഗത്ത് പിടിവള്ളിയാകും.
ചെന്നിത്തലയുടെയും ശൂരനാട് രാജശേഖരന്റെയും വിശ്വസ്തനും യൂത്ത്‌കോണ്‍ഗ്രസ് കൊല്ലം നിയോജകമണ്ഡലം പ്രസിഡന്റുമായ വിഷ്ണു സുനില്‍ പന്തളവും ശൂരനാട് രാജശേഖരന്റെ എതിര്‍വിഭാഗത്തില്‍പ്പെട്ട യൂത്ത്‌കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറിയായിരുന്ന അരുണ്‍രാജുമാണ് കൊല്ലത്ത് രംഗത്തുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."